സഖാവ് കാൾ മാർക്‌സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 142 വർഷങ്ങൾ പൂർത്തിയാകുന്നു. 1818 മുതൽ 1883 വരെയുള്ള തന്റെ ജീവിതകാലത്തിനുള്ളിൽ ദാർശനിക രംഗത്തും സാമ്പത്തിക ശാസ്‌ത്രത്തിലും അദ്ദേഹം ലോകത്തിനായി നൽകിയ സംഭാവനകൾ ദേശ‐കാലാതിർത്തികളെ അതിജീവിച്ച് ഇന്നും ചൂഷണരഹിത വ്യവസ്ഥക്കായുള്ള വിപ്ലവ പ്രവർത്തനങ്ങൾക്ക് വഴികാട്ടുകയാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ വിമോചനത്തിനായി ധൈഷണികവും വിപ്ലകരവുമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ മാനവ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച മഹാനായ വിപ്ലവകാരിയാണ് കാൾ മാർക്‌സ്. നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ അദ്ദേഹം എഴുതി. വർഗ്ഗസമരത്തിലൂടെ ചൂഷണരഹിതമായ പുതിയ ലോകം കെട്ടിപ്പടുക്കാനാവുമെന്ന് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോട് മാർക്സ് ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള മർദ്ദിത ജനവിഭാഗം തങ്ങളുടെ വിമോചന പ്രത്യയശാസ്ത്രമായാണ് ഇന്ന് മാർക്സിസത്തെ കാണുന്നത്.
അദ്ധ്വാനിക്കുന്ന മനുഷ്യര്‍ ചൂഷണത്തിനുവിധേയരാണെന്നും ആ ചൂഷണമാണ് മുതലാളിത്തത്തെ നിലനിർത്തുന്നതെന്നും മാർക്സ് വിലയിരുത്തി. സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തിയാണ് വർഗ്ഗസമരമെന്നും മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം വർഗ്ഗസമരത്തിലൂടെയാവുമെന്നും മാർക്സ് തന്റെ എഴുത്തുകളിൽ എടുത്തുപറഞ്ഞു.
തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിലൂടെ മാത്രമേ മാനവരാശിയുടെ മോചനം സാധ്യമാവുകയുള്ളൂവെന്നും വർഗ്ഗബോധത്താൽ കണ്ണിചേർക്കപ്പെട്ട തൊഴിലാളിവർഗ്ഗം ചങ്ങലകളില്ലാത്ത പുതിയൊരു ലോകത്തെ സൃഷ്ടിക്കുമെന്നും മാർക്സ് വ്യക്തമാക്കി. നാം നിലനിൽക്കുന്ന ലോകം കൂടുതൽ അസമത്വവും ചൂഷണവും നിറഞ്ഞതായി മാറുകയാണ്. ഉല്പാദനോപകരണങ്ങൾ പൊതു ഉടമസ്ഥതയിലുള്ളതും ചൂഷണരഹിതവുമായ ലോകത്തിനായി മാർക്സിസത്തിലൂന്നി ലോകമാകെ അടിസ്ഥാന വർഗ്ഗപോരാട്ടങ്ങൾ ശക്തിപ്പെടുന്ന ഒരു കാലഘട്ടത്തിൽ കൂടിയാണ് നാമുള്ളത്. അന്താരാഷ്ട്ര ധനമൂലധനത്തിനും സാമ്രാജ്യത്വത്തിനുമെതിരെ തൊഴിലാളി വർഗ്ഗം ഇന്നും സമരം തുടരുകയാണ്. കാൾ മാർക്സിന്റെ വാക്കുകളാണ് അവർക്കുള്ള ഊർജ്ജവും ഉൽപ്രേരണവും. ചൂഷണാത്മകമായ വ്യവസ്ഥ തുടരുന്നിടത്തോളം മാർക്സും മാർക്സിസവും അജയ്യമായി തുടരും.
