കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്. രാജ്യസഭയിൽ കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് 1000 കുട്ടികളിൽ 8 എന്ന തോതിലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്. ശിശുമരണ നിരക്കിന്റെ ദേശീയ ശരാശരി പോലും 1000 കുട്ടികളിൽ 32 എന്ന നിലയിലാണ്. ദേശീയ സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തിൽ നമ്മുടെ നാട് കൈവരിച്ച നേട്ടങ്ങളെ അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ. ഈ നേട്ടങ്ങൾക്ക് പുറകിൽ കേരളം ഭരിച്ച പുരോഗമന സർക്കാരുകളുടെ ജനകീയ ഇടപെടലുകളുടെ ചരിത്രവുമുണ്ട്. സമഗ്രമായ ക്ഷേമപരിപാടികളിലൂന്നിക്കൊണ്ട് നമ്മുടെ നാടിനെ പുതിയ വികസനക്കുതിപ്പിലേക്ക് നയിക്കാൻ പ്രതിജ്ഞാബദ്ധമായ നടപടികളാണ് എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത്. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ പ്രതിഫലനമാണ് ഈ കണക്കുകൾ.
