ഭാഷാ പരിഷ്‌കാരമെന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലല്ല. ഇംഗ്ലീഷ് പഠിക്കരുത് എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകടിപ്പിച്ച ആശയം നമ്മുടെ കുട്ടികളുടെ ലോകം കൂടുതൽ ഇടുങ്ങിയതാക്കും. മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലോകഭാഷയാണ് ഇംഗ്ലീഷ്. ഇന്ത്യ ഒറ്റപ്പെട്ട ഒരു തുരുത്തല്ല. ഇന്നത്തെ ലോകസാഹചര്യങ്ങളിൽ ഇംഗ്ലീഷ് പഠിക്കേണ്ടത് അനിവാര്യത കൂടിയാണ്. ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന സങ്കുചിതരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടാണ് അമിത് ഷാ പറഞ്ഞത്. ഒരാളുടെ അനുഭവലോകം വിസ്തൃതമാക്കാൻ എത്രമാത്രം ഭാഷ പഠിക്കുന്നുവോ അത്രയും ഗുണപ്രദമാണ്.
ഭാഷാവൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇന്ത്യയുടെ ഈ സവിശേഷതയെ ഏകശിലാരൂപിയായ ഭാഷയിലേക്കോ സംസ്‌കാരത്തിലേക്കോ ചുരുക്കിക്കെട്ടാൻ സാധിക്കില്ല. രാജ്യത്തിന്റെ സഞ്ചിതനിധിയായ നമ്മുടെ ഭാഷാവൈവിധ്യത്തോടുള്ള അവജ്ഞ കൂടി ഇംഗ്ലീഷിനെതിരായ പ്രസ്താവനയിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള താല്പര്യത്തിനു പിന്നിലുണ്ട്.
