ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത് മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ് ചെയ്‌താണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഗാസയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യ ലാക്കാക്കി വിവിധ ബഹുരാഷ്ട്ര കുത്തകകൾ കോടികൾ കൊയ്യുകയാണ്. വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥ എന്ന യുഎൻ റിപ്പോർട്ടിൽ ഇത് വിശദമാക്കുന്നുണ്ട്. ഈ ഗൂഢപങ്കാളിത്തം ചർച്ചയാകണം.
നമ്മുടെ ഡിജിറ്റൽ ഇടപെടലിലൂടെയാണ് കുത്തകകൾ നിലനിൽക്കുന്നതും വംശഹത്യക്ക് കൂട്ടുനിൽക്കുന്നതും. എല്ലാ ദിവസവും അരമണിക്കൂർ നേരത്തേക്ക് മൊബൈൽ ഓഫ് ചെയ്യുന്നത് ചെറുതെങ്കിലും ശക്തമായ പ്രതിഷേധമാകും. ഈ ചെറുത്തുനിൽപ്പിന് പരമാവധി പ്രചാരണം നൽകണം. എല്ലാ സമൂഹമാധ്യമങ്ങളിൽ നിന്നും ഈ സമയം വിട്ടുനിൽക്കണം. യുദ്ധകുറ്റത്തിനെതിരായ ശബ്‌ദങ്ങളെ നിശ്ശബ്‌ദമാക്കാൻ കഴിയില്ലെന്ന പ്രഖ്യാപനം കൂടിയായി ഇത് മാറ്റണം.
