ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്. ഇന്ത്യയുടെ മഹത്തായ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. സ്വാതന്ത്ര്യം നേടിയെടുക്കാൻ ഒന്നിച്ചു പോരാടിയ വിവിധ പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു. അടിസ്ഥാന തത്വങ്ങളായ സോഷ്യലിസവും മതനിരപേക്ഷതയും ആമുഖത്തിൽ മാത്രമല്ല, ഭരണഘടനയിലുടനീളം ഇഴചേർക്കപ്പെട്ടതാണ്.
1976-ൽ 42-ാം ഭേദഗതിയിലൂടെയാണ് ഈ പദങ്ങൾ ആമുഖത്തിൽ ചേർത്തതെന്നാണ് 50 വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ട് ആർഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞത്. അടിസ്ഥാന തത്വങ്ങളെ നിയമവിരുദ്ധമാക്കാനുള്ള ഒരു മറയായി അടിയന്തരാവസ്ഥയെ ഉപയോഗിക്കുന്ന വഞ്ചനാപരമായ ശ്രമമാണിത്. അക്കാലത്ത് സ്വന്തം നിലനിൽപ്പിനായി ഇന്ദിരാഗാന്ധി സർക്കാരുമായി സഹകരിച്ച ആർഎസ്എസിന്റെ ഇപ്പോഴത്തെ വാദം കപടമാണ്. ഭരണഘടനാതത്വങ്ങളെ ദുർബലപ്പെടുത്താൻ അടിയന്തരാവസ്ഥയെ ഉപയോഗിക്കുന്നത് ചരിത്രത്തിന്റെ മറവി മാത്രമല്ല, രാഷ്ട്രീയ അവസരവാദവുമാണ്. സോഷ്യലിസവും മതനിരപേക്ഷതയും വെറും വാക്കുകളല്ല; ഇന്ത്യയെ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രമായി നിർവചിക്കുന്ന അടിസ്ഥാന ആശയങ്ങളാണ്.
സോഷ്യലിസം : നീതിയോടുള്ള പ്രതിബദ്ധത
സാമൂഹ്യവും സാമ്പത്തികവുമായ നീതി, അസമത്വം ഇല്ലാതാക്കൽ, ക്ഷേമരാഷ്ട്രം സൃഷ്ടിക്കൽ എന്നിവയോടുള്ള പ്രതിബദ്ധതയെയാണ് ഇന്ത്യൻ ഭരണഘടനയിലെ സോഷ്യലിസം പ്രതിനിധീകരിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ മാത്രമല്ല, എല്ലാത്തരം ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടിയ സ്വാതന്ത്ര്യസമരത്തിലെ ശക്തമായ ധാരയുടെ പ്രതിഫലനമാണിത്. കമ്യൂണിസ്റ്റുകാർക്കുപുറമേ, ഭഗത് സിങ്ങിന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും പോരാട്ടവും അത്തരം സോഷ്യലിസ്റ്റ് ഇടപെടലുകളുടെ ഉദാഹരണങ്ങളാണ്.
ഉൽപ്പാദനോപാധികളുടെ സാമൂഹിക ഉടമസ്ഥത, സാമ്പത്തിക സാമൂഹിക അടിച്ചമർത്തൽ പൂർണമായും ഇല്ലാതാക്കൽ തുടങ്ങി സിപിഐ എം ആഗ്രഹിക്കുന്നതുപോലുള്ള, ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടില്ല. സ്വതന്ത്രരും തുല്യരുമായ പൗരരുടെ സമൂഹമെന്ന ലക്ഷ്യം ഇതുവരെ പൂർണമായി സാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, സാമ്പത്തിക ചൂഷണവും സാമൂഹിക അടിച്ചമർത്തലും ചരിത്രപരമായി അടയാളപ്പെടുത്തിയ സമൂഹത്തിൽ സ്വാതന്ത്ര്യം വർധിപ്പിക്കുന്നതിനും അസമത്വം കുറയ്ക്കുന്നതിനും ഭരണഘടന അടിത്തറയിട്ടു.
42-ാം ഭേദഗതിയിൽ ‘സോഷ്യലിസ്റ്റ്' എന്ന വാക്ക് ഉൾപ്പെടുത്തുന്നതിനു മുമ്പുതന്നെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി വാഗ്ദാനംചെയ്യുകയും എല്ലാ പൗരന്മാർക്കും പദവിയുടെയും അവസരത്തിന്റെയും തുല്യത ഉറപ്പാക്കുകയും ചെയ്തിരുന്നു. സോഷ്യലിസത്തിന്റെ ആത്മാവ് ഭരണഘടനയുടെ വ്യവസ്ഥകളിൽ ഉൾച്ചേർന്നിരുന്നു. നിർദേശക തത്വങ്ങൾ ഭാഗം നാലിൽ അനുച്ഛേദം 36 മുതൽ 51 വരെയാണ് ഭരണഘടനയിലെ സോഷ്യലിസ്റ്റ് ദർശനത്തിന്റെ ഏറ്റവും വ്യക്തമായ ആവിഷ്‌കാരമുള്ളത്.
മതനിരപേക്ഷത: അടിസ്ഥാന തത്വം
കേവലം മതപരമായ നിഷ്പക്ഷതയല്ല ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്നത്. ഭരണകൂടം എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു പൗരനും വിവേചനം നേരിടില്ലെന്നുമുള്ള ഉറപ്പാണത്. ആമുഖത്തിൽ ‘മതനിരപേക്ഷത' ചേർക്കുന്നതിനുമുമ്പുതന്നെ ചിന്ത, ആവിഷ്‌കാരം, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം തുടങ്ങി മതനിരപേക്ഷതയുടെ പ്രാണനെ പ്രതിഫലിപ്പിക്കുന്ന തത്വങ്ങൾ ഭരണഘടനയിൽ ഉൾച്ചേർന്നിരുന്നു. മൗലികാവകാശങ്ങളിൽ 25 മുതൽ 28 വരെയുള്ള അനുച്ഛേദങ്ങൾ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ സ്വഭാവത്തിന് അടിവരയിടുന്നു. കൂടാതെ, അനുച്ഛേദം 29 ഉം 30 ഉം ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നു.
രാഷ്ട്രം ഒരു മതവുമായും താദാത്മ്യം പ്രാപിക്കുകയോ ഒരു മതത്തിനും പ്രത്യേകാവകാശം നൽകുകയോ ചെയ്യുന്നില്ല. ഏതു വിശ്വാസമുള്ള പൗരനും തുല്യ അവകാശങ്ങളും സംരക്ഷണവും ലഭിക്കുന്നുണ്ടെന്നും ഈ അനുച്ഛേദങ്ങൾ കൂട്ടായി ഉറപ്പാക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുകയും രാഷ്ട്രത്തിന് മതം ഇല്ലാതിരിക്കുകയുമാണ് മതനിരപേക്ഷത എന്നതിന്റെ അർഥമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
1976ൽ, 42-ാം ഭേദഗതിയിലൂടെ ‘സോഷ്യലിസ്റ്റ്', ‘മതനിരപേക്ഷത' എന്നീ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തി. ഈ തത്വങ്ങൾ അതിനകംതന്നെ ഭരണഘടനയിൽ അന്തർലീനമായിരുന്നതിനാലും അടിസ്ഥാനഘടനയെ ഒരുതരത്തിലും ലംഘിക്കാത്തതിനാലുമാണ് ഭേദഗതി സാധ്യമായത്.
ഇന്ത്യ എന്ന ആശയം
ആമുഖത്തിലെ സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ 1970കളിലെ വെറും ‘കൂട്ടിച്ചേർക്കലുകൾ' മാത്രമാണെന്ന് വാദിക്കുന്നത് തെറ്റാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാപക ദർശനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഈ ആദർശങ്ങൾ. സാമൂഹിക-സാമ്പത്തിക നീതി, സമത്വം, സാഹോദര്യം എന്നിവയോടുള്ള പ്രതിബദ്ധത ഭരണഘടനയിൽ ഉൾച്ചേർന്ന സോഷ്യലിസമാണ്. മതസ്വാതന്ത്ര്യം, വിവേചനമില്ലായ്മ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവ വ്യക്തമായ മതനിരപേക്ഷതയാണ്. ആമുഖത്തിൽനിന്ന് സോഷ്യലിസ്റ്റ്, മതനിരപേക്ഷ എന്നീ വാക്കുകൾ നീക്കിയാലും ഭരണഘടനയിൽ അവയുടെ സ്വാധീനം മാറ്റമില്ലാതെ തുടരും. 1949 നവംബർ 25ന് ഭരണഘടനാ അസംബ്ലിയിൽ അവസാന പ്രസംഗത്തിൽ ബി ആർ അംബേദ്കർ ഈ ആശയം ആവർത്തിച്ച് ഉറപ്പിച്ചതാണ്. സോഷ്യലിസത്തിന്റെയും മതനിരപേക്ഷതയുടെയും സത്ത ഈ അടിസ്ഥാന മൂല്യങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വഴികാട്ടിയായി തുടരും.
ആർഎസ്എസ് നിലപാട്� വെളിപ്പെട്ടു
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസവും മതനിരപേക്ഷതയും നീക്കംചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിത്തറ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ഇന്ത്യയുടെ ദേശീയ സ്വത്വത്തെ മതാധിപത്യ, ഭൂരിപക്ഷാധിഷ്ഠിത രീതിയിൽ പുനർനിർമിക്കുന്നതിനിടയിൽ അസമത്വവും പുരുഷാധിപത്യവും ഊട്ടിയുറപ്പിക്കാൻ ആർഎസ്എസ് ശ്രമിച്ചിട്ടുണ്ട്. സോഷ്യലിസത്തെയും മതനിരപേക്ഷതയെയും ഒഴിവാക്കാനുള്ള ശ്രമം ചരിത്രം മാറ്റിയെഴുതാനും, കൊളോണിയൽവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകത്തെ നിയമവിരുദ്ധമാക്കാനുമുള്ള ശ്രമമാണ്. ഇത് ഇന്ത്യയുടെ ബഹുസ്വര, ജനാധിപത്യ ധാർമികതയ്ക്ക് പ്രത്യക്ഷ ഭീഷണിയാണ്. ഭരണഘടനാതത്വങ്ങളെ മാറ്റി മനുസ്മൃതിയെ പ്രതിഷ്ഠിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന അജൻഡയാണ് വീണ്ടും തുറന്നുകാട്ടപ്പെട്ടത്.
എല്ലാവർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കാൻ ഭരണഘടന ശ്രമിക്കുന്നു. സോഷ്യലിസവും മതനിരപേക്ഷതയും ആ ദർശനത്തിന്റെ അത്യന്താപേക്ഷിതമായ തൂണുകളാണ്. ആർഎസ്എസ് പങ്കെടുക്കാത്തതും, ഇന്ത്യൻ യുവാക്കൾ ഊർജം പാഴാക്കരുതെന്ന് ഉദ്ബോധിപ്പിച്ചതുമായ സ്വാതന്ത്ര്യസമരത്തിൽ രൂപപ്പെട്ട മൂല്യങ്ങളെ വിലമതിക്കുന്ന എല്ലാവരും ഭരണഘടനയെ സംരക്ഷിക്കാൻ ഒന്നിക്കുകയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തെ ചെറുക്കുകയും വേണം.
