ആർഎസ്‌എസിനെയും സിപിഐ എമ്മിനെയും ആശയപരമായി എതിർക്കുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന അപലപനീയമാണ്. കേരളത്തിൽ ആർഎസ്‌എസിനെ ആശയപരമായും രാഷ്‌ട്രീയമായും പ്രതിരോധിക്കുന്നതിൽ മുന്നണിയിലുള്ള പാർടിയാണ് സിപിഐ എം. വിദ്യാർഥികളും യുവാക്കളുമടക്കം സിപിഐ എമ്മിന്റെ നൂറുകണക്കിന് സഖാക്കളെയാണ് ആർഎസ്‌എസ് കൊലപ്പെടുത്തിയത്. കേരളത്തിലും രാജ്യത്തുടനീളവും ആർഎസ്‌എസിനെ പ്രതിരോധിക്കാൻ സിപിഐ എം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ രാഹുൽ ഗാന്ധി മനസ്സിലാക്കണം. 2004ൽ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ മൻമോഹൻസിങ് സർക്കാർ യാഥാർഥ്യമാകില്ലായിരുന്നെന്ന വസ്‌തുത രാഹുൽ ഓർക്കണം. അശ്രദ്ധമായും ബാലിശമായുമാണ് രാഹുൽ സിപിഐ എമ്മിനെയും ആർഎസ്‌എസിനെയും ആശയപരമായി പ്രതിരോധിക്കുമെന്ന് പ്രസ്‌താവിച്ചത്. സാമ്പത്തിക നയങ്ങളിലടക്കം പല കാര്യങ്ങളിലും സിപിഐ എമ്മിന് കോൺഗ്രസിനോട് കടുത്ത വിയോജിപ്പുണ്ട്. എന്നാൽ, ഇതുപോലുള്ള നിരുത്തരവാദപരമായ വിമർശങ്ങൾ നടത്തില്ല. സിപിഐ എമ്മിനെ വിമർശിക്കാനുള്ള വ്യഗ്രതയിലാകാം ഇത്തരം തെറ്റായ പ്രസ്‌താവനകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്
