Skip to main content

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു. ജനകോടികളുടെ ഹൃദയത്തിൽ നിന്ന് ഉയർന്ന ലാൽസലാം വിളികൾ സഖാവ് വിഎസിനെ യാത്രയാക്കി.

സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്കളുടെ തീരുമാനത്തിൽ നിന്നായിരുന്നു.
ആ 32 പേരിൽ അവസാനത്തെ കണ്ണിയാണ് ഇന്ന് എരിഞ്ഞടങ്ങിയത്. സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല. എല്ലാ അർത്ഥത്തിലും നേതൃപദവിയിൽ ആയിരുന്നു എന്നും വിഎസ്.
നമുക്കേവർക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം. ത്യാഗ പഥങ്ങൾ താണ്ടിയ ജീവിതം. തുല്യപ്പെടുത്താൻ മറ്റൊന്നുമില്ല. ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത്.

പുന്നപ്ര വയലാറിൻ്റെ സമര പുളകിതമായ ചരിത്രം സ്പന്ദിക്കുന്ന മണ്ണിൽ;സഖാവ് കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മഹാരഥന്മാരും അന്തിയുറങ്ങുന്ന മണൽത്തിട്ടയിൽ; വലിയ ചുടുകാട്ടിൽ വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോൾ വിപ്ലവ കേരളത്തിൻ്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്. സഖാവ് വിഎസ് മരിച്ചിട്ടില്ല. ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന ജനകോടികളുടെ കണ്oങ്ങളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യമാണ് ശാശ്വതമാകുന്നത്. സഖാവ് വിഎസ് എന്ന കമ്മ്യൂണിസ്റ്റിന് മരണമില്ല. ഈ പാർട്ടിയുടെ സ്വത്താണ് വിഎസ്. ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയമാണ് വിഎസ്.

സഖാവ് വിഎസ് തെളിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെ ഇനിയും മുന്നോട്ടുപോകാൻ ഉണ്ട്. എല്ലാ സമയക്രമങ്ങളെയും മറികടന്ന് സഖാവിനെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയ ജനാവലിയുടെ ഹൃദയാഭിലാഷങ്ങൾ സാർത്ഥകമാകാൻ ഇനിയും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ആ പ്രയാണത്തിൽ ഒരു വഴിവിളക്കായി; ഊർജ്ജസ്രോതസായി വി എസ് എന്ന പ്രകാശ സ്രോതസ്സ് നമുക്കു മുന്നിലുണ്ട്. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തിൽ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാനായില്ല.

പ്രിയപ്പെട്ട സഖാവേ വിട.
തലമുറകളുടെ വിപ്ലവ നായകനേ;
വരും തലമുറയുടെ ആവേശ നാളമേ;
ലാൽസലാം ✊
 

കൂടുതൽ ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.