ഛത്തീസ്ഗഡിൽ ജയിലിലടച്ച മലയാളി കന്യാസ്ത്രീകളെ ഇടതുപക്ഷ പ്രതിനിധി സംഘം സന്ദർശിച്ചു. രാവിലെ ദുർഗ് സെൻട്രൽ ജയിലിൽ എത്തിയാണ് എംപിമാരുൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ കന്യാസ്ത്രീകളെ കണ്ടത്. മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട്, എംപിമാരായ സ. കെ രാധാകൃഷ്ണൻ, സ. എ എ റഹിം, സിപിഐ നേതാവ് സ. ആനി രാജ, സ. പി പി സുനീർ എംപി, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ശ്രീ. ജോസ് കെ മാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ജയിലിലെത്തിയ സംഘത്തെ ജയിൽ അധികൃതർ തടഞ്ഞിരുന്നു. സന്ദർശന സമയം കഴിഞ്ഞെന്നുപറഞ്ഞാണ് അധികൃതർ നേതാക്കളെ മടക്കിയയച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് ഇന്ന് കാണാൻ അനുമതി ലഭിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കന്യാസ്ത്രീകളെയാണ് ജയിലിലടച്ചിരിക്കുന്നതെന്നും ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
