നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്. 28 ദിവസം പ്രായമെത്തിയതിനു ശേഷമുള്ള നവജാത ശിശുമരണ നിരക്ക് കേരളത്തിൽ 4 ആണെങ്കിൽ ദേശീയതലത്തിലെ ശരാശരി 18 ആണ്. കേരളത്തേക്കാൾ പതിന്മടങ്ങ് പ്രതിശീർഷ വരുമാനമുള്ള വികസിത രാജ്യങ്ങളെ ക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരമാണ് നമുക്കുള്ളത്. കേരള വികസന മാതൃക എന്നു പുകൾപെറ്റ നമ്മുടെ വികസന പ്രയാണത്തിന്റെ വിജയമാണ് ഈ കണക്കുകൾ കാണിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈ നേട്ടത്തിൽ അഭിമാനിക്കാം. കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ നിലപാടുകളുടെയും നവോത്ഥാന പാരമ്പര്യത്തിന്റെയും ശക്തമായ സ്വാധീനവും ഈ മികവിന് പിന്നിലുണ്ട്. ഈ നേട്ടവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ഗവൺമെന്റുകളുടെ ആരോഗ്യരംഗത്തെ സവിശേഷമായ ഇടപെടലുകളും പ്രവർത്തനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
