Skip to main content

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

തീവണ്ടി സർവീസുകൾ പ്രധാനമായും ഏർപ്പെടുത്തുന്നത് അതിന്റെ വാണിജ്യ സാധ്യത കണക്കിലെടുത്താണ്. ഇന്ത്യയിൽ ഓടുന്ന വന്ദേഭാരത് സർവീസുകളിൽ ഏറ്റവും ലാഭകരം കേരളത്തിലെ സർവീസുകളാണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബെംഗളൂരുവിലേക്ക് വന്ദേഭാരത് വേണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ബസ് ലോബി ഏറ്റവും ശക്തമായ റൂട്ടാണിത് എന്നതുകൊണ്ടുതന്നെ റെയിൽവേ ഇക്കാര്യത്തിൽ വൻ ഉഴപ്പാണ് കാണിച്ചത്. അവസാനം കൂടിയ നിരക്കിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഏർപ്പെടുത്തി. നിരക്ക് കൂടുതലാണെങ്കിലും കുഴപ്പമില്ലാതെ നടന്നുകൊണ്ടിരുന്ന സർവീസ് പെട്ടെന്ന് ഒരു ദിവസം പിൻവലിച്ചു. ഈ റൂട്ടിൽ വന്ദേഭാരത് സ്ഥിരപ്പെടുത്തണമെന്നും സാധാരണ നിരക്ക് ഏർപ്പെടുത്തണമെന്നും എംപിമാർ മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു കാരണവും പറയാതെ ഈ വണ്ടി പിൻവലിച്ചത്. സ്വാഭാവികമായും ബെംഗളൂരു സർവീസിന് വേണ്ടി കഴിഞ്ഞ കുറെ കാലമായി എംപിമാർ സമ്മർദ്ദം ചെലുത്തി വരികയാണ്.

ഇന്നലെ പൊടുന്നനെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സംസ്ഥാന ബിജെപി അധ്യക്ഷനും ഭാരവാഹികളും ഓൺലൈനിൽ ചർച്ച നടത്തുന്നു, ഇതിന്റെ പരിസമാപ്തിയിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസസ് തുടങ്ങാനുള്ള തീരുമാനം വരുന്നു, രാജീവ് ചന്ദ്രശേഖർ പ്രസ്താവന ഇറക്കുന്നു, ബിജെപി അധ്യക്ഷനെ ശ്ലാഘിച്ചുകൊണ്ട് സർവീസ് തുടങ്ങുന്നതിനെക്കുറിച്ച് മന്ത്രി ട്വീറ്റ് ചെയ്യുന്നു… അങ്ങനെ ജഗപൊക. എന്നാൽ ഈ നാടകം മറ്റു പല ചോദ്യങ്ങൾക്കുമാണ് ഇടം നൽകുന്നത്.

1. ലാഭകരം എന്ന് റെയിൽവേയ്ക്ക് 100% ബോധ്യമുള്ള ഒരു റൂട്ടിൽ എന്തുകൊണ്ട് ഇത്രയും കാലം സാധാരണഗതിയിലുള്ള വന്ദേഭാരത് ഏർപ്പെടുത്താതിരുന്നു?

2. നിരക്ക് കൂടിയ രൂപത്തിലുള്ള താലാക്കാലിക വന്ദേഭാരത് തുടങ്ങിയിട്ട് എന്തുകൊണ്ട് പിൻവലിച്ചു?

3. ബസ് ലോബിക്ക് ഏറ്റവും താൽപര്യമുള്ള ഒരു റൂട്ടിൽ ഇത്രയും ഉഴപ്പാൻ റെയിൽവേയെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തൊക്കെയാണ്?

4. സർവീസ് വീണ്ടും തുടങ്ങണമെന്ന ആവശ്യത്തിനുമേൽ എന്തുകൊണ്ട് ഇത്രയും കാലം അടയിരുന്നു?

ഇതിനേക്കാളേറെ പ്രാധാനപ്പെട്ട് മറ്റൊരു കാര്യം. വന്ദേഭാരതിന്റെ പുതിയ പതിപ്പായ വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരത്തിനും ബെംഗളൂരുവിനും ഇടയിൽ തുടങ്ങാൻ എല്ലാ നടപടിക്രമങ്ങളും ദക്ഷിണ റെയിൽവേ പൂർത്തിയാക്കിയിരുന്നു. സർവീസിന്റെ സമയം പോലും അവർ നിശ്ചയിച്ചിരുന്നു. ഇത്തരമൊരു സർവീസ് വന്നിരുന്നുവെങ്കിൽ രണ്ടു വന്ദേഭാരതത്തിന്റെ പ്രയോജനം ഒരു റൂട്ടിലുള്ള സർവീസുകൊണ്ട് നമുക്ക് ലഭിക്കുകയായിരുന്നു. ഇനി ഇത് ആര് പറഞ്ഞു എന്ന് ചിലർ ചോദിച്ചേക്കാം… കഴിഞ്ഞ മെയ് മാസത്തിൽ തിരുവനന്തപുരത്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഈയുള്ളവൻ നിർദ്ദേശിച്ച കാര്യങ്ങൾക്ക് ഔദ്യോഗികമായി നൽകിയ മറുപടിയാണ് ഇതെല്ലാം. (രേഖ ഇതോടൊപ്പം)

അപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്; തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു? ‘നാടകമേ ഉലക’ത്തിനിടയിലും ഈ ചോദ്യത്തിനുള്ള മറുപടിക്കായി കാക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.