ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന. ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല അത്, മറിച്ച് നമ്മുടെ നാടിന്റെ പോരാട്ടങ്ങളുടെയും ബഹുസ്വരമായ പൊതുജീവിതത്തിന്റെയും മാനവികതയുടെയും ചരിത്രത്തിൽ നിന്ന് രൂപം കൊണ്ടതാണ്.
ഇന്ത്യ മുന്നോട്ടുവച്ച ആശയങ്ങളുടെയും ദർശനങ്ങളുടെയും സാരാംശം ഭരണഘടനയിൽ ഉൾച്ചേർന്നിട്ടുണ്ട്. സമത്വം, സാഹോദര്യം, ബഹുസ്വരത, മതേതരത്വം തുടങ്ങിയ മാനവികമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന വർഗീയതയുടെയും സങ്കുചിത ദേശീയതവാദത്തിന്റെയും ആശയങ്ങളെ അതിശക്തമായി പ്രതിരോധിക്കുന്നു. ഇന്ത്യൻ ഭരണഘടനയെ തകർക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുക എന്നത് മതരാഷ്ട്ര വാദികളുടെ ലക്ഷ്യമാണ്.
മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്. ഇന്ന് ഭരണഘടനാ ദിനത്തിൽ ഭരണഘടനയെയും അതിൻ്റെ മൂല്യങ്ങളെയും സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
