ഇപ്പോൾ അതിദാരിദ്ര്യമാണല്ലോ താരം. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോക മുതലാളിത്ത ജിഹ്വയായ ഇക്കണോമിസ്റ്റ് വാരിക പോലും കേരളം അതിദാരിദ്രത്തിൽ നിന്ന് വിമുക്തി നേടിയതിനെ പ്രകീർത്തിച്ചു. ലോകക്ഷേമ ഭൂപടത്തിൽ സ്കാന്ഡിനേവിയൻ രാജ്യങ്ങൾക്കുള്ള സ്ഥാനമാണ് ഇന്ത്യയിൽ കേരളത്തിൽ ഉള്ളതെന്നാണ് അവരുടെ അഭിപ്രായം.
യുഡിഎഫ് മാനിഫെസ്റ്റോയെ കുറിച്ച് ഒരു കാര്യത്തിൽ സന്തോഷം തോന്നി. കേരളത്തിന്റെ ഈ വലിയ നേട്ടത്തെ അവർ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, ഇനിയെന്തുവേണം? പഴയ ചാലുകൾ വിട്ടു ചിന്തിക്കാൻ തയ്യാറല്ല. 'ആശ്രയ 2.0 നടപ്പിലാക്കും എന്നതാണ് ഒരു പ്രധാന വാഗ്ദാനം. 2002-ൽ കൊണ്ടുവന്ന ആശ്രയ ഫലപ്രദമല്ലാതായിത്തീർന്നപ്പോഴാണ് Destitute Free kerala എന്ന മറ്റൊരു പദ്ധതി നിലവിൽ വന്നത് എന്നത് മറക്കരുത്. ആശ്രയ 2.0 ക്കു പുറമെ മഞ്ഞ , ചുവപ്പ് കാർഡുകാർക്കെല്ലാം വേണ്ടിയുള്ള പ്രത്യേക ദാരിദ്ര നിർമ്മാർജ്ജന പരിപാടിയും യു ഡി എഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതെല്ലാം കൂടി ചേരുമ്പോൾ 43 ലക്ഷം കുടുംബങ്ങൾ ഉണ്ടാവും. എത്ര ലാഘവത്തിലാണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ചു യുഡിഎഫ് ചിന്തിക്കുന്നതെന്ന് മനസിലാക്കാവുന്നതേയുള്ളൂ.
തികച്ചും നിരാലംബരും കേരളത്തിലെ വികസന ക്ഷേമ പദ്ധതികളിൽ പങ്കാളികളാവാൻ കഴിയാതെ പോയവരും ആയ 64006 കുടുംബങ്ങളെ അതിദാരിദ്രത്തിൽ നിന്ന് കരകയറ്റി. ഇനിയെന്ത്?
ഇങ്ങനെ അതിദാരിദ്രത്തിൽ നിന്ന് കരകയറിയവർ വീണ്ടും വഴുതി അതിദാരിദ്രത്തിലേക്ക് വീഴില്ല എന്നത് ഉറപ്പാക്കാനുള്ള നിരന്തര ജാഗ്രത വേണം. അർഹരായ ചിലരെ വിട്ടുപോയിട്ടുണ്ട് എന്ന ആക്ഷേപം ഉണ്ട് അവരുടെ കൈപിടിക്കണം. അത്രയുംപോരാ എന്നാണു എൽഡിഎഫിന്റെ മാനിഫെസ്റ്റോ പറയുന്നത്. അതിദരിദ്രരിൽ ഉൾപ്പെടാത്ത ആശ്രയ കുടുംബങ്ങളും, അന്ത്യോദയ റേഷൻകാർഡ് കുടുംബങ്ങളും ഉണ്ടല്ലോ? അവരിൽ കേവല ദരിദ്രരെ കണ്ടെത്തി ദാരിദ്രരേഖയ്ക്ക് മുകളിൽ എത്തിക്കണം. കേവല ദാരിദ്രം ഇല്ലാതാക്കണം.
ദാരിദ്ര്യത്തെ മുഖ്യമായും രണ്ടായിട്ടാണ് തരംതിരിക്കുക. കേവല ദാരിദ്രം, ആപേക്ഷികദാരിദ്രം. മുതലാളിത്ത വളർച്ചയുടെ ഭാഗമായി ഉണ്ടാവുന്ന പാപ്പരീകരണത്തെ മാർക്സ് ഇത്തരത്തിൽ രണ്ടായി തിരിച്ചിട്ടുണ്ട് എന്നത് സ്മരണീയം. മുതലാളിത്തത്തിൽ പണക്കാരനെ അപേക്ഷിച്ചു വേലയെടുക്കുന്നവർ കൂടുതൽ കൂടുതൽ ദരിദ്രരാവും. ഇതനിവാര്യമാണ്. എന്നാൽ വേലയെടുക്കുന്നവർ സംഘടിതരാണെങ്കിൽ വിലപേശി തങ്ങളുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്താനാവും. കേവല ദാരിദ്ര്യത്തിൽ നിന്ന് കരകയറുവാനാവും.
ചുരുക്കത്തിൽ ആപേക്ഷിക ദാരിദ്ര്യം രാജ്യത്തെ അസമത്വവുമായി ബന്ധപ്പെട്ടതാണ്. അതേസമയം കേവല ദാരിദ്രമെന്നാൽ സാമൂഹികമായി നിർണയിക്കപ്പെട്ട ഒരു ജീവിത നിലവാരത്തിന് താഴെ വരുന്നവരാണ്. ഈ നിലവാരത്തെ ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, വരുമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലേശഘടകങ്ങളുടെ സൂചികയുടെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിൽ നിർണ്ണയിക്കുക.
ഇങ്ങനെ ചെയ്യുന്നതിന് രണ്ടു ഗുണങ്ങളുണ്ട്. വെറും വരുമാനത്തെ അടിസ്ഥാനമാക്കി ദാരിദ്ര്യരേഖ നിർണ്ണയിച്ചാൽ പാകപ്പിഴകൾ ഏറെ ഉണ്ടാവാം. അതെ സമയം ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്ടെങ്കിൽ നടപടി ക്രമങ്ങൾ കൂടുതൽ സുതാര്യമായിരിക്കും. രണ്ടാമത്തെ ഗുണം നമ്മളുടെ മാനദണ്ഡങ്ങൾ വ്യത്യസ്തമായതുകൊണ്ട് കേന്ദ്ര സർക്കാർ ഉണ്ടാക്കിയിട്ടുള്ള അന്ത്യോദയ പട്ടികയെ ഒന്നും ഇത് ബാധിക്കില്ല എന്നുള്ളതാണ്.
ഇങ്ങനെ എത്ര കുടുംബങ്ങൾ ഉണ്ടാവും. മുൻകൂട്ടി പറയുവാനാവില്ല. ആശ്രയ കുടുംബങ്ങളെല്ലാം ഇവയിൽ ഉൾപ്പെടും. അന്ത്യോദയ കാർഡുകളിൽപെട്ടവരിൽ നല്ലൊരുപങ്കും. പിന്നെ ഇതിലൊന്നും പെടാതെ പോയിട്ടുള്ള അഗതികളും നിരാലംബരും ഉണ്ടെങ്കിൽ അവരും.
അവരെയെല്ലാം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ആയിരിക്കും ഇനി കേരളത്തിലെ യജ്‌ഞം. ഇതൊന്നും വീൺവാക്കാവില്ല. കേരളത്തെ അതിദാരിദ്രവിമുക്തമാക്കിയ എൽഡിഎഫ് ന്റെ വാഗ്ദാനമാണ് കേവല ദാരിദ്രനിർമ്മാർജ്ജനം. ചെയ്യാവുന്നതേ പറയൂ. പറയുന്നത് ചെയ്യും.
