Skip to main content

വർഗീയ ധ്രുവീകരണം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തും, അതാണ് സംഘപരിവാർ ആഗ്രഹിക്കുന്നതും

ഓരോ കാലത്തും സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോവുകയെന്നതാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച സമീപനം. അത്തരം ഇടപെടലാണ് ജന്മിത്ത കേരളത്തിൽനിന്ന് അതിദാരിദ്ര്യം പരിഹരിക്കുന്ന വളർച്ചയിലേക്ക് കേരളത്തെ നയിച്ചത്.

1957-ലെ ഇ എം എസ് സർക്കാർ കുടിയൊഴിപ്പിക്കൽ അവസാനിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ സൗജന്യമാക്കിയും സംവരണം നടപ്പാക്കിയും നടത്തിയ ഇടപെടലുകൾ അതിന്റെ ഭാഗമായിരുന്നു. 1967-ലെ സർക്കാർ സമഗ്രമായ ഭൂപരിഷ്‌കരണനിയമം കൊണ്ടുവന്നു. 1980-ലെ സർക്കാർ ക്ഷേമപെൻഷനുകളും പൊതുവിതരണസമ്പ്രദായവും ശക്തിപ്പെടുത്തി. 1987-ലെ സർക്കാർ സമ്പൂർണ സാക്ഷരത നടപ്പാക്കി. 1996-ലെ സർക്കാർ അധികാരവും പണവും തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ട് ജനകീയാസൂത്രണവും നടപ്പാക്കി.

1996-ലെ സർക്കാർ കുടുംബശ്രീ സംവിധാനത്തിലൂടെ സ്ത്രീമുന്നേറ്റത്തിന് അടിത്തറയൊരുക്കി. ഇടതുപക്ഷത്തിന് കേന്ദ്രസർക്കാരിലുണ്ടായിരുന്ന സ്വാധീനം ഉപയോഗപ്പെടുത്തി ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിലുറപ്പുപദ്ധതിയും കൊണ്ടുവന്നു. 2006 മുതൽ 2011 വരെ കേരളം ഭരിച്ച എൽഡിഎഫ് സർക്കാർ ജനക്ഷേമ പദ്ധതികളെ കൂടുതൽ ശക്തിപ്പെടുത്തിയും നെൽവയൽ ഉൾപ്പെടെ സംരക്ഷിച്ചുകൊണ്ടും ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തിയും മുന്നോട്ടുപോയി. 2011 മുതൽ 2016 വരെ കേരളം ഭരിച്ച യുഡിഎഫ് സർക്കാർ ജനദ്രോഹനയങ്ങളുടെ പരമ്പരയാണ് സൃഷ്ടിച്ചത്. തുടർന്ന്‌ അധികാരത്തിൽ വന്ന പിണറായി സർക്കാർ, ആഗോളവൽക്കരണനയങ്ങൾ കേരളത്തിലെ 30 ശതമാനംവരുന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തെ തകർക്കുകയാണെന്ന തിരിച്ചറിവോടെ അവ പരിഹരിക്കുന്നതിന് ഊന്നൽ നൽകിയുള്ള നടപടികൾ സ്വീകരിച്ചു.

മിഷനുകൾ ഈ ലക്ഷ്യത്തോടെ നടപ്പാക്കി. പൊതുവിദ്യാഭ്യാസയജ്ഞംവഴി സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി. ആർദ്രം പദ്ധതിയിലൂടെ കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക്‌ ഉൾപ്പെടെ മികച്ച ചികിത്സ നൽകി. ലൈഫ് പദ്ധതിയിലൂടെ അഞ്ചരലക്ഷം പേർക്ക് വീടും നൽകി. അഞ്ചേമുക്കാൽലക്ഷം പേർക്ക് പട്ടയം നൽകി മറ്റൊരു പുതിയ കാൽവയ്‌പും നടത്തി. ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് വീട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സഹായങ്ങൾ പ്രവഹിച്ചു. പ്രകൃതിദുരന്തങ്ങളിൽ സർക്കാർ അത്താണിയായി. ജനകീയാരോഗ്യത്തിന്റെ കാര്യത്തിൽ ലോകത്തെ വെല്ലുന്ന നേട്ടങ്ങൾ കേരളം ആർജിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപപ്പെടുത്തിയ വികസന അടിത്തറയെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് തുടർഭരണം അവസരമൊരുക്കി. അതിന്റെ അടിസ്ഥാനത്തിൽ നവകേരള സൃഷ്ടിക്കായുള്ള സമീപനം മുന്നോട്ടുവച്ചു. അവ ഓരോന്നും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്ഷേമപെൻഷൻ വർധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്. വാഗ്ദാനങ്ങൾ നിറവേറ്റിയപ്പോൾ അവ തെരഞ്ഞെടുപ്പിനുള്ള കണ്ണിൽപ്പൊടിയിടലാണെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചു. യഥാർഥത്തിൽ ഇത് നേരത്തേ നൽകാൻ സർക്കാരിന് കഴിയാതെ പോയത് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിന്റെ ഫലമായാണ്. തുടർന്നാണ് ആഭ്യന്തരവരുമാനം വർധിപ്പിച്ചുമാത്രമേ അത് നൽകാനാകൂയെന്ന സ്ഥിതിവന്നത്‌. അത് സമാഹരിക്കുന്നതിന് എടുത്ത സമയമാണ് അഞ്ചാംവർഷത്തിലേക്ക് നീളാനുള്ള കാരണം. ജനതയോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ ബാക്കിപത്രമാണ് ഈ മുന്നേറ്റവും നിശ്ചയദാർഢ്യവും.

ക്ഷേമപ്രവർത്തനങ്ങൾ മുന്നോട്ടുപോകണമെങ്കിൽ പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്നത് പ്രധാനമാണെന്ന് എൽഡിഎഫ് കണ്ടു. കേരള വികസനത്തെ സംബന്ധിച്ച് മുന്നോട്ടുവച്ച രേഖയിൽ അത് ഇങ്ങനെ വ്യക്തമാക്കി.​

‘‘പശ്ചാത്തലസൗകര്യവികസനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിമാത്രമേ ദീർഘകാലമായ വികസനം ഉറപ്പുവരുത്തുന്നതിനും പ്രതിസന്ധികളെ മറികടക്കാനും കഴിയുകയുള്ളൂവെന്ന യാഥാർഥ്യം നമ്മുടെ മുമ്പിലുണ്ട്. രണ്ടാംലോകയുദ്ധത്തിൽ തകർന്നുപോയ ജപ്പാൻ കുതിച്ചുയർന്നതിനുപിന്നിൽ, പശ്ചാത്തലസൗകര്യവികസനത്തിനായി നടത്തിയ നിക്ഷേപവും ആധുനികസാങ്കേതികവിദ്യകളെ വികസിപ്പി ച്ചുകൊണ്ട് ഉൽപ്പാദനരംഗത്ത് നടത്തിയ ഇടപെടലിനും പ്രധാന സ്ഥാനമുണ്ട്. ലോകത്ത് ഏറ്റവും വളർന്നുകൊണ്ടിരിക്കുന്ന ചൈനയുടെ സമ്പദ്‌ഘടനയുടെ വികസനത്തിനുപിന്നിലും പശ്ചാത്തലസൗകര്യവികസനത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്.’’

ലോകത്തെ ഈ അനുഭവങ്ങളെ ഉൾക്കൊണ്ടുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. കിഫ്ബിയെ കാര്യക്ഷമമാക്കിക്കൊണ്ട് 90,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യവികസനം നടപ്പാക്കി. മലയോര ഹൈവേയും തീരദേശ ഹൈവേയും നാഷണൽ ഹൈവേയും യാഥാർഥ്യമാകുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി. ഒരിക്കലും നടക്കാതിരിക്കാൻ വലതുപക്ഷം ശ്രമിച്ച ഗെയിൽ പൈപ്പ്‌ലൈൻ യാഥാർഥ്യമായി. ഇന്ത്യയിലെ ആദ്യത്തെ ജലമെട്രോയും എറണാകുളത്തുണ്ടായി. ഇടമൺ–കൊച്ചി ലൈൻ യാഥാർഥ്യമായി. കേരളത്തിന്റെ വികാസത്തിന് ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് വൈജ്ഞാനിക സമൂഹസൃഷ്ടിയെന്ന കാഴ്‌ചപ്പാട് മുന്നോട്ടുവച്ചു. ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപീകരിച്ച് ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരം മെച്ചപ്പെടുത്താൻ ഇടപെട്ടു. ഇന്ന് ഇന്ത്യയിലെ മികച്ച 10 സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിലാണ്. മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 200 എണ്ണത്തിൽ 42ഉം കേരളത്തിലാണ്. ശാസ്ത്രസാങ്കേതികരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി യാഥാർഥ്യമാക്കി. സയൻസ് പാർക്ക് സ്ഥാപിച്ചു.

കേരളം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്മ‌യാണ്. പാവപ്പെട്ട കുടുംബങ്ങളിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ സാമൂഹ്യവികാസത്തിന്റെ ഫലമായി വിദ്യാസമ്പന്നരായി മാറിക്കഴിഞ്ഞിട്ടുണ്ട്. അവരുടെയെല്ലാം തൊഴിൽസ്വപ്‌നങ്ങളെ പൂവണിയിക്കുകയെന്നത് പ്രധാനമാണ്. അത് തിരിച്ചറിഞ്ഞാണ് വൈജ്ഞാനിക കേരളം പദ്ധതിയിലൂടെ അഞ്ചുലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. മൂന്നുലക്ഷത്തിലേറെ പേർക്ക് പിഎസ്‌സി മുഖാന്തരം നിയമനം നൽകി. ഇന്ത്യയിലെ മൊത്തം പിഎസ്‌സി നിയമനത്തിന്റെ 80 ശതമാനംവരും ഇത്.

​പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ട് പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാനും കഴിഞ്ഞു. നിക്ഷേപസൗഹൃദത്തിന്റെ കാര്യത്തിൽ 18-ാംസ്ഥാനത്തുണ്ടായിരുന്ന കേരളം തുടർച്ചയായി രണ്ടുവർഷം ഒന്നാംസ്ഥാനത്തെത്തി. ഇത്തരം ഇടപെടലുകളുടെ ഫലമായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 100 വൻകിട പദ്ധതികൾ ആരംഭിച്ചു. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലും നാം ഇന്ത്യയിൽ ഒന്നാമതാണ്. ഉദ്ദേശം 36 അവാർഡുകളാണ് അന്തർദേശീയവും ദേശീയവുമായി കേരളത്തിന് ലഭിച്ചത്.

സംഘപരിവാർ രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുമ്പോഴും വർഗീയസംഘർഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളം മാറി. ക്രമസമാധാനകാര്യത്തിലും കേസന്വേഷണത്തിലും കേരളം ഒന്നാമതായി. ഇന്ത്യൻ പാർലമെന്റിൽ ജനകീയപ്രശ്ന‌ങ്ങൾ ചർച്ച ചെയ്യാതെ മുന്നോട്ടുപോയപ്പോൾ 22 അടിയന്തരപ്രമേയങ്ങൾ ചർച്ചയ്‌ക്കെടുത്തുകൊണ്ട് കേരളം മാതൃകയായി. കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതിപോലുള്ള നിയമങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ കേന്ദ്രമായും കേരളം മാറി.സംസ്ഥാനം പൊതുവായി നേരിടുന്ന പ്രശ്‌നങ്ങളിൽ സർവ്വകക്ഷിയോഗങ്ങളും വിളിച്ചുചേർത്തു.

വ്യക്തമായ കാഴ്‌ചപ്പാടോടെ കേരളത്തെ മുന്നോട്ടുനയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങളെ മറികടന്ന് മുന്നോട്ടുപോകാനാകില്ലെന്ന് യുഡിഎഫും ബിജെപിയും തിരിച്ചറിഞ്ഞു. അതിനാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വർഗീയമായ ധ്രുവീകരണം നടത്തുന്നതിനുള്ള ശ്രമങ്ങൾ തീവ്രമാക്കിയിരിക്കുകയാണ്. പരാജയപ്പെട്ട കോ–ലീ-ബി സഖ്യം പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണ്. വിശ്വാസത്തിന്റെയുംമറ്റും പേരുപറഞ്ഞ് സംഘപരിവാർ തങ്ങളുടെ വർഗീയ അജൻഡ മുന്നോട്ടുവയ്‌ക്കുകയാണ്. ദേവസ്വം ബോർഡിന്റെ പണം സർക്കാർ എടുക്കുന്നുവെന്ന സംഘപരിവാർ നുണ പൊളിഞ്ഞു. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാ ക്ഷേമപദ്ധതിയുടെ രണ്ട് ശതമാനംപോലും വഹിക്കാത്ത കേന്ദ്രസർക്കാരാണ് ഇതെല്ലാം നടത്തുന്നതെന്ന് പ്രചരിപ്പിക്കുകയാണ്. ഒരുരൂപ കേരളത്തിൽനിന്ന് പിരിക്കുമ്പോൾ 18 പൈസമാത്രമാണ് കേരളത്തിന് ലഭിക്കുന്നതെന്ന് പല മാധ്യമങ്ങളും വ്യക്തമാക്കിക്കഴിഞ്ഞു. ഒന്പതുവർഷംകൊണ്ട് രണ്ടുലക്ഷം കോടി രൂപ നൽകാത്തവരാണ് വികസനത്തിന്റെ അവകാശവുമായി രംഗത്തുവരുന്നത്.

വിശ്വാസസംരക്ഷണമെന്നു പറഞ്ഞ് വോട്ട് തേടാനിറങ്ങിയവർ ശബരിമലയിലെ അയ്യപ്പവിശ്വാസത്തിന്റെ ഭാഗമായുള്ള വാവരും അയ്യപ്പനും തമ്മിലുള്ള ബന്ധത്തെപ്പോലും നിഷേധിക്കുകയാണ്. സമത്വത്തിന്റെ സന്ദേശമുയർത്തുന്ന ഒന്നായി ജനമനസ്സിൽ നിലകൊള്ളുന്ന ഓണത്തെ വാമനജയന്തിയാക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. വിശ്വാസത്തെ രാഷ്ട്രീയനേട്ടത്തിനായി കൊണ്ടുവരുന്ന ഇവരെ തിരിച്ചറിയേണ്ടതുണ്ട്. ജന്മിത്ത കേരളത്തിൽനിന്ന് നവകേരളത്തിലേക്കുള്ള നാടിന്റെ വളർച്ചയ്‌ക്ക് ഒരു പങ്കും വഹിച്ചില്ലെന്നുമാത്രമല്ല, അതിനെ തടയാനും ശ്രമിച്ചവരാണ് സംഘപരിവാർ.

പാർലമെന്ററി ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ന്യൂനപക്ഷാവകാശങ്ങളെയും അംഗീകരിക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. ഭരണഘടനാമൂല്യങ്ങളെ തകർക്കുന്ന സംഘപരിവാറിന്റെ മതരാഷ്ട്ര കാഴ്‌ചപ്പാടുതന്നെയാണ് ഇവർക്കുമുള്ളത്. രാഷ്ട്രീയനേട്ടങ്ങൾക്കായി ഇവരുമായി സഖ്യമുണ്ടാക്കി പ്രവർത്തിക്കുകയാണ് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ചെയ്‌തുകൊണ്ടിരിക്കുന്നത്. വർഗീയ ധ്രുവീകരണം ഭൂരിപക്ഷവർഗീയതയെയാണ് ശക്തിപ്പെടുത്തുക. അതാണ് സംഘപരിവാർ ആഗ്രഹിക്കുന്നതും. ധ്രുവീകരണം നടത്തി മതനിരപേക്ഷസമൂഹത്തെ തകർക്കുകയെന്നതാണ് ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ലക്ഷ്യം. ഇവർ കൂടിച്ചേരുന്നത് ഈ അജൻഡയുടെ ഭാഗമായാണ്. യോഗിയുടെ സംസ്ഥാനത്തും മുസ്ലിങ്ങൾ ജീവിക്കുന്നുണ്ടെന്ന ജമാഅത്തെ ഇസ്ലാമിക്കാരുടെ പ്രസ്‌താവന ഈ രാഷ്ട്രീയത്തിൽനിന്ന് ഉയർന്നുവരുന്നതാണ്. ഇത് തിരിച്ചറിഞ്ഞ് മതനിരപേക്ഷത സംരക്ഷിക്കുന്നതിനും കേരളവികസനവും അധികാരവികേന്ദ്രീകരണവും മുന്നോട്ടുകൊണ്ടുപോകുന്നതിനും എൽഡിഎഫിന്റെ വിജയം അനിവാര്യമാണ്.

 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.