Skip to main content

കേന്ദ്രസർക്കാർ അഹങ്കാരം വെടിഞ്ഞ് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയും ലേബർ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം

കോവിഡ് മഹാമാരിക്കാലത്ത് പ്രതിഷേധിച്ച എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത്, പാർലമെന്റിൽ പാസാക്കിയ നാല്‌ ലേബർ കോഡുകൾ ഇ‍ൗ മാസം 21ന് പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ വൻ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്. പല സംസ്ഥാനങ്ങളിലും തൊഴിലാളികൾ ബുധനാഴ്ച അവരുടെ സ്ഥാപനങ്ങൾക്കുമുമ്പിലും നഗരകേന്ദ്രങ്ങളിലും ഗ്രാമകേന്ദ്രങ്ങളിലും വൻ പ്രതിഷേധം ഉയർത്തുകയും ലേബർ കോഡുകളുടെ പകർപ്പ് കത്തിക്കുകയും ചെയ്തു. ആർഎസ്എസിന്റെ ട്രേഡ് യൂണിയനായ ബിഎംഎസ് ഒഴിച്ചുള്ള രാജ്യത്തെ പ്രബലമായ 10 ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻമോർച്ചയുമാണ് നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് നവംബർ 26ന് പ്രതിഷേധദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. കഴിഞ്ഞ 21ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തിയ വേളയിൽത്തന്നെ ബംഗളൂരുവിലും മറ്റ് വിവിധ പ്രദേശങ്ങളിലും തൊഴിലാളികൾ ലേബർ കോഡുകളുടെ പകർപ്പ് കത്തിച്ചിരുന്നു. ബുധനാഴ്ച ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തൊഴിലാളികൾ വൻ പ്രതിഷേധാഗ്നി ഉയർത്തി. പതിനായിരങ്ങളാണ് ഇതിൽ അണിചേർന്നത്. മൂന്നാം മോദിസർക്കാരിന് തനിച്ച് ഭൂരിപക്ഷം നഷ്ടപ്പെടുന്നതിലേക്ക് വഴിതെളിച്ച ഐതിഹാസികമായ കർഷകസമരത്തിന്റെ അഞ്ചാം വാർഷികദിനത്തിലാണ് ഇന്ത്യൻ തൊഴിലാളിവർഗം സമാനമായ മറ്റൊരു പോരാട്ടത്തിന് നാന്ദികുറിച്ചിട്ടുള്ളത്.

കോൺഗ്രസിന്റെ നിസ്സംഗത
വർഷങ്ങൾക്കുമുന്പുതന്നെ ചർച്ചയൊന്നും കൂടാതെ പാർലമെന്റിന്റെ ഇരുസഭകളിലും നാല് കോഡുകളും പാസാക്കിയിരുന്നെങ്കിലും തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാറ്റിവയ്‌ക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ നിസ്സംഗസമീപനമാണ് ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലും ഈ നിയമങ്ങൾ പാസാകാൻ ഇടയാക്കിയത്. കോർപറേറ്റ് അനുകൂലവും തൊഴിലാളിവിരുദ്ധവുമായ നവ ഉദാരനയം ഇന്ത്യയിൽ 1991ൽ അവതരിപ്പിച്ചതുതന്നെ കോൺഗ്രസ് ഗവൺമെന്റായിരുന്നല്ലോ. ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻവിജയം ഉറപ്പിക്കാനായതോടെയാണ് തൊഴിലാളിവിരുദ്ധമായ നീക്കവുമായി മോദിസർക്കാർ വീണ്ടും രംഗത്തുവന്നത്. എല്ലാ ഭരണകൂടസംവിധാനങ്ങളും ദുരുപയോഗിച്ച് തെരഞ്ഞെടുപ്പുവിജയം ആവർത്തിക്കാമെങ്കിൽ എത്ര ജനവിരുദ്ധമായ നടപടികളും കൈക്കൊള്ളുന്നതിൽ എന്തിന് ഭയക്കണമെന്ന അഹങ്കാരമാണ് ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കിയതിലൂടെ മോദിസർക്കാർ പ്രകടിപ്പിച്ചിട്ടുള്ളത്.

കോർപറേറ്റുകളുടെ താൽപ്പര്യം
ബ്രിട്ടീഷ് ഭരണകാലത്തും സ്വതന്ത്ര ഇന്ത്യയിലും തൊഴിലാളികൾ നടത്തിയ എണ്ണമറ്റ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് കോർപറേറ്റുകളുടെ താൽപ്പര്യത്തിന് വഴങ്ങി മോദിസർക്കാർ അടിയറവയ്‌ക്കുന്നത്. 29 തൊഴിൽനിയമങ്ങൾ നാല് ലേബർ കോഡുകളിലായി ലഘൂകരിച്ചപ്പോൾ -എട്ടുമണിക്കൂർ ജോലിയെന്നത് 12 മണിക്കൂർവരെയായി. മിനിമം വേതനമെന്നത് 178 രൂപയെന്ന തറക്കൂലിയായി. അതായത് തീർത്തും തൊഴിലാളിവിരുദ്ധമായ ഉള്ളടക്കമാണ് ലേബർ കോഡിനുള്ളത്. തൊഴിലുടമകൾക്ക് യഥേഷ്ടം ലേ ഓഫ് പ്രഖ്യാപിക്കാനും തൊഴിലാളികളെ പിരിച്ചുവിടാനും നിർബാധം അടച്ചുപൂട്ടാനും അനുവാദം നൽകുന്നതാണ് പുതിയ കോഡുകൾ. നേരത്തേ 100 തൊഴിലാളികളുള്ള ഫാക്ടറിയിൽ ലേ ഓഫിനും തൊഴിലാളികളെ പിരിച്ചുവിടാനും ഫാക്ടറി അടച്ചിടാനും ഗവൺമെന്റിൽനിന്ന്‌ മുൻകൂർ അനുമതി വാങ്ങണമായിരുന്നു. ഇനിമുതൽ 300 തൊഴിലാളികളുള്ള ഫാക്ടറികൾക്കുമാത്രമേ ഈ വ്യവസ്ഥകൾ ബാധകമാകൂ. 2021–-22ൽ വ്യവസായങ്ങളെക്കുറിച്ചുള്ള വാർഷിക സർവേ അനുസരിച്ച് രാജ്യത്തെ ഫാക്ടറികളിൽ 79.2 ശതമാനവും നൂറിൽ കുറവ് തൊഴിലാളികൾ ഉള്ളവയാണ്. അതായത് മഹാഭൂരിപക്ഷം ഫാക്ടറികളും ലേബർ കോഡുകൾക്ക് പുറത്തായി.

കോർപറേറ്റ് താൽപ്പര്യസംരക്ഷണത്തിനായി സംഘടിത തൊഴിലാളികളെ അസംഘടിത മേഖലയിലേക്ക് തള്ളിയിടുന്ന രീതിയുടെ തനിയാവർത്തനം. സ്ഥിരംജോലി എന്നതുമാറി കരാർ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് തൊഴിൽച്ചട്ടങ്ങളിലെ മറ്റൊരു ദൂഷ്യം. നിലവിൽത്തന്നെ 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണുള്ളത്. അവരും ലേബർ കോഡുകൾക്ക് പുറത്താണ്. പ്രധാനമന്ത്രി മോദി അവകാശപ്പെടുന്ന തൊഴിൽസുരക്ഷിതത്വവും സാർവത്രിക മിനിമം വേതനവും മഹാഭൂരിപക്ഷത്തിന് അന്യമാണ്. മാസത്തിൽ 26,000 രൂപ മിനിമം കൂലിയായി നിശ്ചയിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ വർഷങ്ങളായുള്ള ആവശ്യം തൊഴിൽ കോഡിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

തൊഴിലാളിവിരുദ്ധനയത്തിന്റെ തുടർച്ച
നവ ഉദാരവാദ പരിഷ്കാരങ്ങളാണ് ലോകമെങ്ങും തൊഴിലാളികളെ ഒരു സാമൂഹ്യസുരക്ഷിതത്വവും ഇല്ലാത്ത അസംഘടിത മേഖലയിലേക്ക് തള്ളിയിട്ടത്. ‘ദ ഹിന്ദു’ ദിനപത്രം നവംബർ 25ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നതുപോലെ തൊഴിൽച്ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തിയ നടപടിയെ "ദീർഘകാലത്തേക്കുള്ള വലിയ പരിഷ്കാരമായി ആഘോഷിക്കുന്നത് ബിസിനസുകാരും നിക്ഷേപകരും’ മാത്രമാണ്. സമ്പത്ത് ഉൽപ്പാദകരായ തൊഴിലാളികളല്ല. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ട്രേഡ് യൂണിയനുകളെ തകർക്കുക എന്നതും നവ ഉദാരവാദ നയത്തിന്റെ ലക്ഷ്യമാണ്. ട്രേഡ് യൂണിയനുകളെ തകർത്താൽമാത്രമേ, എംഗൽസിന്റെ ഭാഷ കടമെടുത്തു പറഞ്ഞാൽ "പ്രാകൃതമായ മുതലാളിത്ത ചൂഷണം’ സാധ്യമാകൂ. അതിനാണ് മോദിസർക്കാർ അവസരമൊരുക്കുന്നത്.

ബ്രിട്ടനിൽ മാർഗരറ്റ് താച്ചർ ട്രേഡ് യൂണിയനുകളെ തകർത്തതുപോലെ ഇവിടെയും ആവർത്തിക്കാനാണ് ശ്രമം. പണിമുടക്ക് അസാധ്യമാക്കുന്ന വ്യവസ്ഥകളാണ് വ്യവസായബന്ധ കോഡിലുള്ളത്. ആകെ ജീവനക്കാരുടെ 10 ശതമാനംമാത്രമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽമാത്രമേ ട്രേഡ് യൂണിയൻ അനുവദിക്കൂ. നേരത്തേ ഏഴുപേർ ആവശ്യപ്പെട്ടാൽ ട്രേഡ് യൂണിയൻ രൂപീകരിക്കാമായിരുന്നു. കൂട്ട കാഷ്വൽ അവധി പണിമുടക്കായി കണക്കാക്കുമെന്നും സമരത്തിന് നോട്ടീസ് കൊടുത്തതിനുശേഷം ചർച്ച തുടങ്ങിയാൽ സമരം തുടങ്ങാൻ അവകാശമില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ചാൽ പിഴയും തടവുംവരെ നൽകുമെന്നും തുടങ്ങി ട്രേഡ് യൂണിയനുകളെ തകർക്കുന്ന നിരവധി വ്യവസ്ഥകളാണ് ഈ കോഡിലുള്ളത്. ഏറ്റവും വിചിത്രമായ മറ്റൊരു നിർദേശം, ട്രേഡ് യൂണിയനുകൾക്ക് അംഗത്വം നൽകാനുള്ള രേഖകൾ പരിശോധിക്കേണ്ടത് തൊഴിലുടമ നിയമിക്കുന്ന വെരിഫിക്കേഷൻ ഓഫീസറാണ് എന്നതാണ്. കൂട്ടായ വിലപേശലിനുള്ള അവകാശം നിഷേധിക്കപ്പെട്ടാൽ തൊഴിലുടമകൾക്ക് തോന്നുംപടി പ്രവർത്തിക്കാൻ ലൈസൻസ് ലഭിക്കുമെന്നാണർഥം.

ഫെഡറൽവിരുദ്ധ സമീപനം
തൊഴിൽ കോഡ് ഏറ്റവും ദോഷമായി ബാധിക്കുന്ന തൊഴിലാളികളെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് ഈ പരിഷ്കാരങ്ങൾ. തൊഴിൽനിയമങ്ങൾ സമവർത്തി പട്ടികയിലാണെന്നിരിക്കെ സംസ്ഥാനങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യാനും മോദിസർക്കാർ തയ്യാറായിട്ടില്ല. ഫെഡറൽവിരുദ്ധ സമീപനത്തിന്റെ തുടർച്ചയാണിത്. തൊഴിൽസംബന്ധമായ കാര്യങ്ങളിൽ ചർച്ച ചെയ്യാനുള്ള ഏറ്റവും ഉയർന്ന വേദി ഇന്ത്യൻ ലേബർ കോൺഫറൻസാണ്. ട്രേഡ് യൂണിയന്റെയും തൊഴിലുടമകളുടെയും ഗവൺമെന്റിന്റെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ത്രികക്ഷി സമ്മേളനങ്ങളിൽ ചർച്ച ചെയ്താണ് ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടത്. 1940നും 2015നും ഇടയിൽ 46 തവണ ഐഎൽസി യോഗം ചേരുകയുണ്ടായി. എന്നാൽ, മോദി അധികാരത്തിൽ വന്നതോടെ ഈ ത്രികക്ഷി സമ്മേളനം ചേരാതായി. 2015ലാണ് അവസാനമായി ഐഎൽസി ചേർന്നത്. മോദിസർക്കാരിന്റെ തൊഴിലാളി, ജനാധിപത്യ വിരുദ്ധതയ്‌ക്ക്‌ ഇതിലപ്പുറം മറ്റെന്ത് തെളിവാണ് വേണ്ടത്. അതിനാൽ, ഇനിയെങ്കിലും ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ച് തൊഴിൽ കോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തൊഴിൽമന്ത്രാലയം തയ്യാറാകണം. അല്ലാത്തപക്ഷം ട്രേഡ് യൂണിയനുകൾ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങും.

നേരത്തേ രാജ്യത്തെ കർഷകർ 54 ആഴ്ച നീണ്ട സമരത്തിലൂടെ മോദിസർക്കാരിനെ മുട്ടുകുത്തിച്ച കാര്യം മറന്നുപോകരുത്. ഏകപക്ഷീയമായി കൊണ്ടുവന്ന മൂന്നു കാർഷിക ബില്ലുകളും അവർക്ക് പിൻവലിക്കേണ്ടി വന്നു. അതുപോലെ നാല്‌ കോഡുകളും സർക്കാരിന് അന്തിമമായി പിൻവലിക്കേണ്ടി വരും. രാജ്യം ഗുരുതരമായ തൊഴിലില്ലായ്മയിലൂടെയും സാമ്പത്തികപ്രതിസന്ധിയിലൂടെയും മുന്നോട്ടുപോകുമ്പോൾ കോടിക്കണക്കിന് വരുന്ന തൊഴിലാളികൾ പണിമുടക്കുന്നത് പ്രതിസന്ധി മൂർച്ഛിപ്പിക്കുകയേ ഉള്ളൂ. അതിനാൽ, കേന്ദ്രസർക്കാർ അഹങ്കാരം വെടിഞ്ഞ് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയും ലേബർ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.