പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും. പുതിയ ഭേദഗതി പ്രകാരം പദ്ധതിയുടെ 40 ശതമാനം തുകയും സംസ്ഥാനങ്ങൾ തന്നെ കണ്ടെത്തണമെന്ന വ്യവസ്ഥ പദ്ധതിയെ പൂർണ്ണമായും തകർക്കും. ഇത് സംസ്ഥാനങ്ങൾക്ക് താങ്ങാൻ കഴിയാത്ത സാമ്പത്തിക ഭാരമാകുമെന്നും ഫലത്തിൽ, പദ്ധതി നിന്നുപോകുന്ന അവസ്ഥയുണ്ടാക്കും.
പദ്ധതിയുടെ പേരിൽ നിന്നും രാഷ്ട്രപിതാവിന്റെ പേര് മാറ്റാനുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. 1948 ജനുവരി 30-ന് ഗാന്ധിജിയെ കൊലപ്പെടുത്തിയ ശക്തികൾ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് പോലും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഗാന്ധിയൻ മൂല്യങ്ങളെയും ഗ്രാമീണ ഇന്ത്യയുടെ പുരോഗതിയെയും കേന്ദ്രം അവഗണിക്കുകയാണ്.
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം കുറയ്ക്കാൻ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും നഗരപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുമൊക്കെ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ കൂടി ഫലമാണ്.
ഏറ്റവും കൂടുതൽ ദരിദ്രരുള്ള നമ്മുടെ രാജ്യത്ത് കേരളം ഇക്കഴിഞ്ഞ നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്തമായത് തൊഴിലുറപ്പിൻ്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയാണ്. രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കുന്ന ജനദ്രോഹപരമായ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു.
