മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.
സാമ്രാജ്യത്വം എന്നത് മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണെന്നും അത് യുദ്ധത്തിനും ചൂഷണത്തിനും ആധിപത്യത്തിനും വഴിവെക്കുമെന്നും ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം വ്യക്തമായി വിശകലനം ചെയ്തു. നിലവിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കടന്നാക്രമണങ്ങളും സൈനികവൽക്കരണവും ഉപരോധങ്ങളും പ്രോക്സി യുദ്ധങ്ങളുമെല്ലാം ലെനിന്റെ ഈ വിശകലനത്തെ വീണ്ടും ശരിവയ്ക്കുകയാണ്.
സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനും അന്ത്യം കുറിച്ച് സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്താനുള്ള പോരാട്ടത്തിൽ ലെനിന്റെ മഹത്തായ സംഭാവനകൾ ലോക തൊഴിലാളി വർഗ്ഗത്തിന് എന്നും കരുത്തേകും. ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും.
