Skip to main content

എല്ലാ ജനങ്ങൾക്കും സാമൂഹ്യസുരക്ഷ

20.05.2022

എല്ലാ ജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതും ദീർഘകാല പരിപ്രേക്ഷ്യത്തോടെയുള്ള വികസനപദ്ധതി നടപ്പാക്കുന്നതുമായ സർക്കാരാണ്‌ കേരളത്തിലുള്ളത്. സാമ്പത്തികവളർച്ചയ്ക്ക് ഉത്തേജനം നൽകുംവിധം ഉൽപ്പാദനമേഖലകളിൽ ഉണർവുണ്ടാക്കാനും സേവനമേഖലകളെ ആധുനികവൽക്കരിക്കാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുമുള്ള പരിശ്രമമാണ് നടത്തുന്നത്. വ്യതിരിക്തമായ വ്യക്തിത്വമുള്ള സർക്കാരിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. ജനകീയവും വികസനോന്മുഖവുമായ കർമപദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരംകൂടിയാണ് ഭരണത്തുടർച്ച. 900 വാഗ്ദാനമാണ്‌ പ്രകടനപത്രിക മുന്നോട്ടുവച്ചത്. ആദ്യവർഷം ഏകദേശം 765 ഇനത്തിൽ നടപടികൾ വിവിധ ഘട്ടത്തിൽ എത്തിച്ചു. പ്രോഗ്രസ് റിപ്പോർട്ട് ജൂൺ രണ്ടിന്‌ ജനസമക്ഷം അവതരിപ്പിക്കും.

കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായമേഖലയിൽ ചുരുങ്ങിയത് 10,000 കോടി രൂപയുടെയെങ്കിലും സ്വകാര്യനിക്ഷേപം ആകർഷിക്കാനും പദ്ധതിയൊരുക്കുന്നു. കേരളത്തെ ഇലക്ട്രോണിക് –ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കാനും ഭക്ഷ്യസംസ്കരണം ഉൾപ്പെടെ മൂല്യവർധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നത്.

ലക്ഷ്യങ്ങളിലേക്ക്‌ കുതിക്കാൻ

കൊച്ചി–പാലക്കാട്, കൊച്ചി–മംഗളൂരു വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപിറ്റൽ സിറ്റി റീജിയൺ ഡെവലപ്‌മെന്റ് പദ്ധതി, സിൽവർ ലൈൻ എന്നീ നാലു സുപ്രധാന പശ്ചാത്തലസൗകര്യ പദ്ധതികൾ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവ പൂർത്തിയാക്കും. വൈദ്യുതി ക്ഷാമമില്ലാത്ത നാടാക്കി കേരളത്തെ മാറ്റാൻ 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തിയാക്കും.

പൂർണമായ ദാരിദ്ര്യനിർമാർജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വയോജനക്ഷേമം ഉറപ്പുവരുത്തും. ഭിന്നശേഷിക്കാരായ കുട്ടികൾക്കും എല്ലാ സൗകര്യവും ലഭ്യമാക്കും. ‘കാരുണ്യ’ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബത്തിന്‌ അഞ്ചു ലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സ സൗജന്യമായി നൽകും. പ്രവാസി തൊഴിൽ പദ്ധതി, വിശപ്പുരഹിത കേരളം, സാമൂഹ്യ പെൻഷനുകൾ ഉയർത്തുക, എല്ലാവർക്കും ഭൂമിയും വീടും കുടിവെള്ളവും എന്നിവ നടപ്പാക്കി കേരള മാതൃകയെ ഉത്തരോത്തരം ഉയർത്താനാണ്‌ ഉദ്ദേശിക്കുന്നത്.

സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ച് കൃഷിക്കാർക്കും സംരംഭകർക്കും വ്യാപാരികൾക്കുമെല്ലാം ഉദാരമായ വായ്പകൾ കേരള ബാങ്കിലൂടെ ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പണവും അധികാരവും നൽകി അധികാരവികേന്ദ്രീകരണം ശക്തമാക്കും. എല്ലാ പഞ്ചായത്തിലും പൊതു കളിക്കളം ഒരുക്കും. സ്കൂൾ വിദ്യാഭ്യാസത്തിലെ മികവ്‌ ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കുകയെന്നത് അടിയന്തരലക്ഷ്യമാണ്. പരിസ്ഥിതി സന്തുലനവും വികസനവും ക്ഷേമവും സമന്വയിപ്പിക്കുന്ന പുതിയ വഴികൾ തുറക്കുകയാണ് സർക്കാർ. സൽഭരണവും അഴിമതി നിർമാർജനവും ശക്തിപ്പെടുത്തും. 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.

വിജ്ഞാന സമ്പദ്ഘടന

ഐടി, ബിടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവനമേഖലകളുമാണ്‌ നാടിന്‌ അനുയോജ്യം. കമ്പ്യൂട്ടർ, വൈദ്യുതവാഹനം എന്നിവയുടെ നിർമാണംപോലുള്ള വ്യവസായങ്ങൾക്കും മൂല്യവർധിത വ്യവസായങ്ങൾക്കും സാധ്യതകളുണ്ട്. കേരളത്തെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയും. 25 വർഷംകൊണ്ട് ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമാനമായി ഉയർത്തുകയാണ് ലക്ഷ്യം.

ഉന്നതവിദ്യാഭ്യാസ, ഐടി, നൂതനവ്യവസായ രംഗത്തും വൻഇടപെടലുകൾ ആവശ്യമാണ്. കഴിഞ്ഞ സർക്കാർ ഐടി വ്യവസായം നന്നായി പ്രോത്സാഹിപ്പിച്ചു. യുവാക്കളെ തൊഴിൽദാതാക്കളായും മാറ്റേണ്ടതുണ്ട്. ചഏകദേശം 3500 പുതിയ സ്റ്റാർട്ടപ് മുഖേന 32,000 തൊഴിലവസരമാണ് കഴിഞ്ഞ സർക്കാർ സൃഷ്ടിച്ചത്. കെ–-ഫോൺ പദ്ധതി പൂർത്തീകരണത്തോട്‌ അടുക്കുകയാണ്. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടെ ലഭ്യമാക്കാൻ 52,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽവരുന്നത്. 2016ൽ സർക്കാർ പ്രാധാന്യം നൽകിയ ദേശീയപാത വികസനം, കൊച്ചി–-ഇടമൺ പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ എന്നിവ മൂന്നും യാഥാർഥ്യമാക്കി.

ദേശീയപാതയ്‌ക്ക്‌ ഏറ്റെടുക്കുന്ന ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. കാസർകോട്‌ തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നീളുന്ന ദേശീയപാത വലിയ മാറ്റം സൃഷ്ടിക്കും. കണ്ണൂർ വിമാനത്താവളം നേരത്തേതന്നെ യാഥാർഥ്യമാക്കി. ദേശീയ ജലപാതയും യാഥാർഥ്യത്തോടടുക്കുകയാണ്. കൊച്ചി മെട്രോയുടെ വികസനം ഏറ്റെടുക്കാനും കൊച്ചി വാട്ടർ മെട്രോ ഒരുക്കാനും കഴിഞ്ഞു.

നൂറു ശതമാനം വൈദ്യുതീകരണം സാധ്യമാക്കി. ഇനി ഊർജസ്വയം പര്യാപ്തതയിലേക്ക്‌ എത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. 800 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട രൂപരേഖ തയ്യാറാക്കുകയാണ്. സൗരോർജത്തിൽനിന്ന്‌ 1000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കും. 2025 ആകുമ്പോഴേക്കും ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ സ്രോതസ്സുകളിൽനിന്നു ലഭ്യമാക്കും.

വർധിച്ചുവരുന്ന ഇന്ധനവിലയും കാർബൺ ബഹിർഗമനവും ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവുമായ ബദൽ ഗതാഗതമാർഗങ്ങൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വിമാനത്താവള വികസനം, ദേശീയജലപാത എന്നിവയോടൊപ്പം റെയിൽ ഗതാഗതമേഖലയിലും മുന്നേറാൻ ഒരുങ്ങുന്നത്. അതിന്റെ ഭാഗമാണ് സിൽവർ ലൈൻ പദ്ധതി. സാമൂഹ്യാഘാതപഠന നടപടികൾ പുരോഗമിക്കുകയാണ്. ലാൻഡ്‌ അക്വസിഷൻ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. വിശദ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഭാവി കേരളത്തിനുവേണ്ടിയുള്ള ഈടുവയ്പുകൂടിയാണ് സിൽവർ ലൈൻ.

അടിസ്ഥാനസൗകര്യ മേഖലയിലെ വികസനവും വ്യവസായങ്ങൾ തുടങ്ങാനും നടപടികളുടെ ലഘൂകരണവും നിക്ഷേപകസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിനു തെളിവാണ് ഒരു വർഷംകൊണ്ട് ലഭിച്ച 6380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. 14,403 എംഎസ്എംഇകൾ ആരംഭിച്ചു. ഇതുവഴി 1451.71 കോടിയുടെ നിക്ഷേപവും 52,992 പേർക്ക് തൊഴിലും ലഭിച്ചു.

100 ദിനകർമപരിപാടി

പൊതുവിദ്യാഭ്യാസ മേഖലയിലെന്നപോലെ ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയതോതിലുള്ള ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ മാനവവിഭവശേഷി മുന്നേറ്റം സാധ്യമാകുകയുള്ളൂ. എൻറോൾമെന്റ് അനുപാതം വർധിപ്പിച്ചും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൈവിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തും. ഒപ്പം സമഗ്രമായ ബോധനസമ്പ്രദായ പരിഷ്കരണവും പാഠ്യപദ്ധതി പരിഷ്കരണവും സാധ്യമാകണം. പരിഷ്കരണങ്ങൾ മുന്നിൽക്കണ്ട് വിവിധ കമീഷൻ ആരംഭിക്കുകയാണ്. നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകി. ഡിജിറ്റൽ യൂണിവേഴ്സിറ്റി യാഥാർഥ്യമാക്കി. അസാപിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് എന്ന പദ്ധതി ആവിഷ്‌കരിച്ചു.

പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക 100 ദിന കർമപരിപാടി ആവിഷ്കരിച്ചു. രണ്ട് 100 ദിന കർമപരിപാടിയാണ് ഒരുവർഷം പൂർത്തിയാക്കിയത്. ആദ്യപരിപാടിയിൽ 32 വകുപ്പിൽ 178 പദ്ധതിയാണ് ഉദ്ദേശിച്ചത്. 20,000 പേർക്ക് ലൈഫ് വീട്‌, മൂന്ന് ഭവനസമുച്ചയം, 532 പുനർഗേഹം വീട്‌, വാതിൽപ്പടി സേവനം, 15,000 പേർക്ക് പട്ടയം, 14,000 കുടുംബത്തിന്‌ കെ–-ഫോൺ, എല്ലാ ജില്ലയിലും സുഭിക്ഷാ ഹോട്ടലുകൾ, 15 പ്രാഥമികാരോഗ്യകേന്ദ്രം, 150 വെൽനെസ് സെന്റർ, 53 പുതിയ സ്കൂൾ കെട്ടിടം, നവകേരള ഫെലോഷിപ്, 1500 ഗ്രാമീണ റോഡ്‌, മാങ്കുളം ജലവൈദ്യുതപദ്ധതി, ചേർത്തല മെഗാ ഫുഡ് പാർക്ക് എന്നിവ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമാണ്.

എണ്ണൂറിലധികം സേവനം ഒറ്റ പോർട്ടലിൽ ലഭ്യമാക്കി. ഇതെല്ലാം നവ ഉദാരവൽക്കരണ നയങ്ങൾക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽ വ്യക്തമാക്കുന്നു. ഇതൊക്കെ സാധ്യമായത് കേരളം സമാധാനവും മതനിരപേക്ഷതയും നിലനിൽക്കുന്ന നാടായതിനാലാണ്. അത്തരമൊരു സമൂഹത്തിലേ രാഷ്ട്രീയ നേതൃത്വത്തിനും സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും പൊതുസമൂഹത്തിനാകെയും കൈകോർത്തുകൊണ്ട് അതിജീവനത്തിന്റെയും പുരോഗതിയുടെയും മാതൃക സൃഷ്ടിക്കാൻ സാധിക്കൂ. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുത്തുകൊണ്ടുകൂടി മുന്നോട്ടുപോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്.

ഐ ടി കുതിപ്പ്‌

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഐടി വ്യവസായം നന്നായി പ്രോത്സാഹിപ്പിച്ചു. 60.47 ലക്ഷം ചതുരശ്രയടി ഐടി പാർക്കുകളും അരലക്ഷത്തോളം തൊഴിലവസരവും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൃഷ്ടിച്ചു. 2026 ഓടെ രണ്ടു കോടി ചതുരശ്രയടി ഐടി പാർക്കുകളും രണ്ടു ലക്ഷം തൊഴിലവസരവും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് കാലയളവിൽ മൂന്ന്‌ ഐടി പാർക്കിലുമായി 10,400 പുതിയ തൊഴിലവസരമുണ്ടാക്കി; 181 പുതിയ കമ്പനി പ്രവർത്തനം ആരംഭിച്ചു.

സ്റ്റാർട്ടപ് സൗഹൃദം

ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമായി കേരളംമാറി. നാലു ലക്ഷം ചതുരശ്രയടിയിലാണ് സ്റ്റാർട്ടപ് ഇന്നൊവേഷൻ ഹബ്ബ് ഒരുങ്ങിയത്.

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.