Skip to main content

സി ഐ ടി യു സ്ഥാപകദിനം

30.05.2022

മെയ് 30 സിഐടിയു സ്ഥാപകദിനമാണ്. കൽക്കത്തയിൽ ചേർന്ന ട്രേഡ് യൂണിയൻ പ്രവർത്തകരുടെ സമ്മേളനമാണ് 1970 മെയ് 30ന് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) എന്ന വിപ്ലവത്തൊഴിലാളി പ്രസ്ഥാനം രൂപംകൊണ്ടതായി പ്രഖ്യാപിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന കേന്ദ്രസർക്കാർ സ്വീകരിച്ച ബൂർഷ്വാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങൾക്കെതിരെ വർഗസമരം ശക്തിപ്പെടുത്തുകയും തൊഴിലാളിവർഗനേതൃത്വത്തിലുള്ള ഭരണകൂടവും സോഷ്യലിസവും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഐടിയുവിന്റെ ജനനം. കൊളോണിയൽ വാഴ്‌ചയ്‌ക്കെതിരെ ഇന്ത്യൻ തൊഴിലാളിവർഗം നടത്തിയ പോരാട്ടങ്ങളുടെ തുടർച്ചയായി ഇന്ത്യയിലെ ജനകോടികളെ മുതലാളിത്ത ഭൂപ്രഭുത്വ ചൂഷണങ്ങളിൽനിന്ന് മോചിപ്പിക്കാൻ വർഗസമരത്തിന്റെ പതാകവാഹകരാകാൻ രാജ്യത്തെ അധ്വാനിക്കുന്ന വർഗത്തെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യമാണ് സിഐടിയു പ്രഖ്യാപിച്ചത്. 1970 മുതൽ ഇന്ത്യൻ തൊഴിലാളികളുടെ ഉജ്വലമായ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സിഐടിയു നേതൃത്വം നൽകി. രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകളുടെ ഐക്യവേദി രൂപീകരിക്കുന്നതിലും യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിലും സിഐടിയു നിർണായക പങ്കുവഹിച്ചു.

1990കളിൽ സാമ്രാജ്യത്വ ആഗോളവൽക്കരണം ലോകത്താകെ അടിച്ചേൽപ്പിക്കപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയും ആ ആശയം സ്വീകരിച്ചു. അന്തർദേശീയ കുത്തകകളുടെ തീട്ടൂരമനുസരിച്ചുള്ള ആഗോളവൽക്കരണത്തിനെതിരെ ജനങ്ങൾക്കും തൊഴിലാളിവർഗത്തിനും മുന്നറിയിപ്പ് നൽകി ആദ്യം രംഗത്തുവന്നത് സിഐടിയുവായിരുന്നു. സോവിയറ്റ് തകർച്ചയ്‌ക്കുശേഷമുള്ള ലോകസാഹചര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ പല ട്രേഡ് യൂണിയനുകൾക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ വ്യക്തമായ നിലപാട് അവതരിപ്പിച്ച്‌, 1991 ഡിസംബറിൽ ആദ്യത്തെ ദേശീയ പണിമുടക്കിന് ആഹ്വാനം നൽകി സിഐടിയു നേതൃത്വത്തിലുള്ള ട്രേഡ് യൂണിയൻ ഐക്യസമിതി മുന്നോട്ട് വന്നു. ഐഎൻടിയുസി ഉൾപ്പെടെയുള്ള പല ദേശീയ ട്രേഡ് യൂണിയനുകളും ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചില്ല.

ഈ വർഷം സിഐടിയു സ്ഥാപകദിനമാചരിക്കുമ്പോൾ അതിസങ്കീർണമായ ഒരു സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. 1991ൽ കോൺഗ്രസ് സർക്കാർ ആരംഭിച്ച വിനാശകരമായ ഉദാരവൽക്കരണ നയം അതിതീവ്രമായി നടപ്പാക്കുന്ന ബിജെപി സർക്കാരാണ് അധികാരത്തിൽ. 2014 വരെ ഈ നയങ്ങൾക്കെതിരായ സമരങ്ങളിൽ ട്രേഡ് യൂണിയൻ ഐക്യവേദിയിൽ ബിഎംഎസുമുണ്ടായിരുന്നു. എന്നാൽ, 2014ൽ മോദിസർക്കാർ വന്നശേഷം ബിഎംഎസ് എല്ലാ പ്രക്ഷോഭങ്ങളിൽനിന്നും പിൻമാറി. രാജ്യത്തിന്റെ പരമാധികാരം ദുർബലപ്പെടുത്തുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങൾ തകർക്കുന്ന തൊഴിൽനിയമ ഭേദഗതികൾ കൊണ്ടുവന്നു. ‘ ഡൂയിങ്‌ ബിസിനസ്‌ ഈസി' എന്ന നയത്തെ അടിസ്ഥാനമാക്കിയാണ് ഈ നടപടി. ട്രേഡ് യൂണിയനുകളില്ലാത്ത തൊഴിൽശാല എന്നതാണ് മുതലാളിത്തത്തിന്റെ പുതിയ സങ്കൽപ്പം. കൂട്ടായ വിലപേശലിനുള്ള തൊഴിലാളികളുടെ അവകാശം ഐഎൽഒ അംഗീകരിച്ചതാണ്. തൊഴിലാളികളുടെ വിവിധ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള വിവിധ ‘പ്രമാണങ്ങൾ' ഐഎൽഒ അംഗീകരിക്കുകയുണ്ടായി. ഐഎൽഒയുടെ സ്ഥാപക അംഗമായ ഇന്ത്യ, സ്വാതന്ത്ര്യാനന്തരം 1991വരെ ഈ തത്വങ്ങൾ ഏറെക്കുറെ അംഗീകരിച്ചിരുന്നു. ‘നാവടക്കൂ പണിയെടുക്കൂ' എന്ന് കൽപ്പിച്ച അടിയന്തരാവസ്ഥ ഒഴികെയുള്ള കാലത്ത്, തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന കുറെ തൊഴിൽ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടായിരുന്നു. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഈ നിയമങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കാറുണ്ടായിരുന്നു. അവയെല്ലാം തകർത്തുകൊണ്ടാണ് മോദി സർക്കാർ നാല് ലേബർകോഡ്‌ പാസാക്കിയത്. ട്രേഡ് യൂണിയൻ രൂപീകരിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തി. സ്ഥിരം ജോലി എന്ന സമ്പ്രദായം ഇല്ലാതാക്കുന്നു. സാമൂഹ്യസുരക്ഷാപദ്ധതികളും ദുർബലമാക്കി. നൂറ്റാണ്ടുകളുടെ കൊളോണിയൽ അടിമത്തം സൃഷ്‌ടിച്ച പിന്നാക്കാവസ്ഥയിൽനിന്ന്‌ കാർഷിക–-വ്യവസായ മേഖലയെ വികസിപ്പിക്കുന്നതിൽ പൊതുമേഖല പ്രധാന പങ്ക് വഹിച്ചിരുന്നു. 1991നുശേഷം പൊതുമേഖല തകർക്കൽ ആരംഭിച്ചു. 2014 മുതൽ ഈ നടപടിക്ക് വേഗത കൂടി. 2019നുശേഷം പൊതുമേഖലാ കമ്പനികൾ മാത്രമല്ല, പൊതു ആസ്തികളും വിൽപ്പനയാരംഭിച്ചു. എൽഐസി പോലുള്ള ‘സ്വർണഖനി' പോലും കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുകയാണ്. ഇത് രാജ്യത്തിന്റെ പരിമിതമായ സ്വയംപര്യാപ്തതയെ ദുർബലമാക്കും.

രാജ്യത്തെ വിദ്യാഭ്യാസ ആരോഗ്യമേഖലകളും സ്വകാര്യവൽക്കരിക്കപ്പെടുന്നു. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ആരോഗ്യസംരക്ഷണത്തിന് പാവങ്ങൾക്ക് ഒരു വഴിയുമില്ലാതാകുന്നു. കോവിഡ് മഹാമാരിയിൽ ലക്ഷക്കണക്കിന് പാവപ്പെട്ടവരെ മരണത്തിലേക്ക് നയിച്ചത് ഈ നയമാണ്. ഇതിനു പുറമെയാണ് വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം. വിനാശകരമായ മുതലാളിത്ത നയങ്ങൾ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന രാജ്യത്തെ ആഗോളതലത്തിലുള്ള ‘പട്ടിണി' റാങ്കിങ്ങിൽ 116-ാം സ്ഥാനത്തെത്തിച്ചു. 13.4 കോടി ഇന്ത്യൻ ജനത, ഒരു ദിവസം രണ്ട്‌ ഡോളറിന് (ഒരു ഡോളർ–76 രൂപ) താഴെ വരുമാനം മാത്രമുള്ളവരാണ്.

ഇതിനുപുറമെ 2021 അവസാനത്തെ കണക്കനുസരിച്ച് 20 കോടിയോളം ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണ്. ഇന്ത്യൻ നഗരങ്ങളിലെ 23 ശതമാനം ജനത തൊഴിൽരഹിതരാണ്. പോഷകാഹാരക്കുറവും ശിശുമരണവും വർധിച്ചു. അതേസമയം നാം കാണുന്നത്, 2020–21 ൽ മുകേഷ് അംബാനിയുടെ സമ്പത്ത് 7.18 ലക്ഷം കോടിയായി ഉയർന്നതാണ്. ഗൗതം അദാനിയുടെ സമ്പത്ത് 5.06 ലക്ഷം കോടി രൂപയിലുമെത്തി. അതിസമ്പന്ന വിഭാഗത്തിൽപ്പെടുന്ന മറ്റുള്ളവരുടെയും സമ്പത്ത് വൻതോതിൽ വർധിച്ചു. ഓക്സ്ഫാം റിപ്പോർട്ട് പ്രകാരം 2021ൽ രാജ്യത്തെ അതിസമ്പന്നരായ 10 വ്യക്തികൾ ഇന്ത്യൻ സമ്പത്തിന്റെ 57 ശതമാനമാണ് കൈവശം വയ്‌ക്കുന്നത്. ജനസംഖ്യയുടെ പകുതി വരുന്ന താഴ്‌ന്ന വരുമാനക്കാരുടെ അധീനതയിൽ രാജ്യസമ്പത്തിന്റെ 13 ശതമാനം മാത്രമാണുള്ളത്. ഉൽപ്പാദന മേഖലയിലെ സമ്പത്തിൽ തൊഴിലാളികളുടെ വേതനത്തിന്റെ അംശം 1981-82 കാലത്ത് 30.27 ശതമാനമായിരുന്നത്, 2017-18 ആകുമ്പോൾ 15.67 ശതമാനമായി കുറഞ്ഞു. അതേസമയം ലാഭനിരക്ക് ഇതേ കാലയളവിൽ 23.39 ശതമാനത്തിൽനിന്ന് 46.68 ശതമാനമായി ഉയർന്നു. ദളിത്‌ പട്ടികജാതി-പട്ടികവർഗം ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗങ്ങളുടെ ജീവിതസാഹചര്യം അതിദയനീയമാണ്.

രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്കാണ് നീങ്ങുന്നത്. 1991 നുശേഷമുള്ള ഏറ്റവും കുറഞ്ഞ വിനിമയ നിരക്കിലാണ് ഡോളർ- രൂപനിരക്ക്. ഇപ്പോൾ പണപ്പെരുപ്പം പത്ത് ശതമാനത്തിനു മുകളിലാണ്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ എല്ലാ അവശ്യവസ്തുക്കളുടെയും വില കുതിച്ചുയരുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു. അടുത്ത ദിവസം പെട്രോൾ–ഡീസൽ വിലയിൽ വളരെ നിസ്സാരമായ ഒരു കുറവ് വരുത്തിയത് പ്രശ്നത്തിന്റെ രൂക്ഷത ഒട്ടും കുറയ്‌ക്കുന്നതല്ല.

തൊഴിലില്ലായ്മ കഴിഞ്ഞ തൊഴിലില്ലായ്മ 42 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് കണ്ടെത്തിയത് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷനാണ്. 2014ലെ തെരഞ്ഞെടുപ്പിൽ മോദിയുടെ വാഗ്‌ദാനം പ്രതിവർഷം രണ്ട്‌ കോടി പുതിയ തൊഴിൽ സൃഷ്‌ടിക്കുമെന്നായിരുന്നു. കോവിഡ് കാലത്ത് 14 കോടി തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്‌പി) നിയമപ്രാബല്യം നൽകുമെന്ന് കർഷകർക്ക് നൽകിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. രാസവള വിലവർധന കൃഷിച്ചെലവ് ഗണ്യമായി ഉയർത്തുന്ന ഈ ഘട്ടത്തിൽ കർഷകർ കടക്കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുകയാണ്.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും അതൃപ്തി വർധിച്ചുവരുന്നു. 2022 മാർച്ച് 28നും 29നും നടത്തിയ പണിമുടക്കിൽ തൊഴിലാളികളുടെ രോഷം നന്നായി പ്രതിഫലിച്ചു. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന് ബിജെപിയും കുത്തകമുതലാളി വർഗവും ആശങ്കപ്പെടുന്നു. ജനങ്ങളുടെ അസംതൃപ്തി യോജിച്ച സമരത്തിലേക്ക് അവരെ നയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വർഗീയവൽക്കരണമാണ് സംഘപരിവാറിന്റെ മുഖ്യ ആയുധം. മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയും അവരുടെ വിശ്വാസപ്രമാണങ്ങൾക്കുനേരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആർഎസ്‌എസ്‌ അക്രമങ്ങൾ ഈ ലക്ഷ്യം വച്ചാണ്. മതന്യൂനപക്ഷങ്ങൾക്കിടയിലെ ചില തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ സംഘപരിവാറിന് കൂടുതൽ കരുത്ത് നൽകുകയും ചെയ്യുന്നു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച്, ചരിത്രത്തെ വളച്ചൊടിക്കാനും വർഗീയ പ്രചാരണം ശക്തിപ്പെടുത്താനുമാണ് സംഘപരിവാർ നീക്കം. ബിജെപി സർക്കാർ നയങ്ങളുടെ ഗുണഭോക്താക്കളായ കോർപറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ സംഘപരിവാറിന്റെ ഭിന്നിപ്പിക്കൽ നയത്തിന് പിന്തുണ നൽകുന്നു.

ഈ സാഹചര്യത്തിൽ അധ്വാനിക്കുന്ന വർഗത്തിന്റെ ഐക്യം ശക്തിപ്പെടുത്താൻ നാം ശ്രമിക്കണം. ‘വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം' എന്ന മുദ്രാവാക്യം രാജ്യത്തെമ്പാടും അലയടിക്കണം. അധ്വാനിക്കുന്ന ജനതയെ മതനിരപേക്ഷ അടിത്തറയിൽ ഒരുമിച്ചണിനിരത്താൻ സിഐടിയു സ്ഥാപകദിനമായ മെയ് 30ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.