Skip to main content

‘ഗവർണർ’ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ അന്തസ് വീണ്ടെടുക്കാനാവാത്തവിധം കളങ്കിതമാക്കുന്ന കോപ്രായങ്ങളാണ് ആർഎസ്എസിന്റെ സേവ പിടിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ കാട്ടിക്കൂട്ടുന്നത്

‘ഗവർണർ’ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ അന്തസ് വീണ്ടെടുക്കാനാവാത്തവിധം കളങ്കിതമാക്കുന്ന കോപ്രായങ്ങളാണ് ആർഎസ്എസിന്റെ സേവ പിടിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ കാട്ടിക്കൂട്ടുന്നത്. ഉപരാഷ്ട്രപതി സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയും സങ്കടവുമാണ് അദ്ദേഹത്തിന്റെ സമനില തകർത്തതെങ്കിൽ ചികിത്സ വേറെ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഗവർണറുടെ കസേരയിലിരുന്ന് കോമാളിക്കളി തുടരാൻ അദ്ദേഹത്തെ അനുവദിച്ചുകൂടാ.

എന്തൊക്കെയാണ് അദ്ദേഹം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. രാജ്യം ബഹുമാനിക്കുന്ന പണ്ഡിതരിൽ പ്രഥമഗണനീയനായ ഇർഫാൻ ഹബീബിനെ നേരത്തെ വിളിച്ച ഭാഷ മറക്കാൻ സമയമായിട്ടില്ല. ആ വന്ദ്യവയോധികൻ തനിക്കുനേരെ നടത്തിയ വധശ്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലൊക്കെ വീമ്പിളക്കി നടന്നത്. ഹൈടെക് വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിലെവിടെയെങ്കിലും ഗവർണറെ വധിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളുണ്ടോ? ദൃശ്യങ്ങളിലെവിടെയും അദ്ദേഹം ആക്രമിക്കപ്പെട്ടുവെന്ന് വാദിക്കാനുള്ള സംഭവങ്ങളില്ല. പ്രതിഷേധത്തെ കൂസാതെ പ്രസംഗിച്ചു തീർക്കുന്ന ആരിഫ് മുഹമ്മദ് ഖാനെയാണ് ലോകം കണ്ടത്.

തനിക്കു നേരെ വധശ്രമം നടന്നു എന്ന ആരോപണം സ്ഥാപിക്കാൻ ഹാജരാക്കിയ ദൃശ്യങ്ങൾ ഗവർണർക്കു തന്നെ തിരിച്ചടിയായി. മാധ്യമപ്രവർത്തകർ അക്കാര്യം വിശദീകരിക്കാനാവശ്യപ്പെട്ടപ്പോൾ സാമാന്യം നന്നായിത്തന്നെ ഗവർണർ പ്രകോപിതനുമായി. കള്ളത്തരം കൈയോടെ പിടിക്കപ്പെട്ടാൽ പ്രകോപിതനാവുകയല്ലാതെ വേറെന്തു വഴി?

വധശ്രമത്തെക്കുറിച്ച് ആക്ഷേപം ഉന്നയിച്ച ഗവർണർ (307 വകുപ്പ്) ഇപ്പോൾ അദ്ദേഹത്തെ കൃത്യനിർവ്വഹണത്തിനു തടസ്സപ്പെടുത്തിയതിനു 124-ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് പറയുന്നത്. എന്തൊരു മലക്കം മറിച്ചിലാണിത്?

മുഖ്യമന്ത്രി ഗവർണർക്ക് അയച്ച ഔദ്യോഗിക കത്തിടപാടുകൾ എന്തോ മഹാകാര്യം തെളിയിക്കാനെന്ന മട്ടിൽ എല്ലാ മാധ്യമപ്രവർത്തകർക്കും വിതരണം ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായതൊന്നും ആ കത്തുകളിൽ ഉള്ളതായി സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമില്ല. ഔദ്യോഗികമായി കൈമാറുന്ന കത്തുകൾ ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്ത് ദുരാരോപണങ്ങൾക്കുള്ള ഉപകരണമാക്കാൻ കഴിയുമോ? എത്ര തരംതാണ നടപടിയാണിത്?

കണ്ണൂർ വിസി നിയമത്തിൽ അനുകൂലമായ തീരുമാനത്തിന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചുവെന്നുള്ളതാണ് മറ്റൊരു ചാർജ്ജ്. സംസ്ഥാന മന്ത്രിസഭ എടുക്കുന്ന ഓർഡിനൻസുകളുടെ അംഗീകാരത്തിനും നിയമസഭ പാസ്സാക്കുന്ന നിയമങ്ങളുടെ അംഗീകാരത്തിനും ഏതെല്ലാം മന്ത്രിമാർ കണ്ട് ഗവർണറോട് വ്യക്തിപരമായി അഭ്യർത്ഥിച്ചുകാണും. അതിൽ എന്താണ് തെറ്റ്? ഗവർണറുമായി നല്ല ബന്ധം നിലനിർത്തുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ വ്യക്തിപരമായിട്ടുള്ള കൂടിക്കാഴ്ചകൾ നടത്തുന്നത്. എന്നാൽ ഇവയ്ക്കെല്ലാം ഗവർണർ നൽകുന്ന വ്യാഖ്യാനം അദ്ദേഹത്തിന്റെ പ്രത്യേക മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.

അജണ്ട ആർഎസ്എസിന്റേതാകുമ്പോൾ, അടവുകൾ പരിഹാസ്യമാകാതെ വയ്യ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനം, അദ്ദേഹത്തെ വിശ്വസിച്ച് ഇതുവരെ സ്തോഭജനകമായ തലക്കെട്ടുകളെഴുതിയിരുന്ന മാധ്യമപ്രവർത്തകരെപ്പോലും നിരാശരാക്കിക്കളഞ്ഞു. ഇതൊക്കെ സർക്കാരിനെ വിരട്ടാനാണെങ്കിൽ, ഗവർണർക്കു തെറ്റി. രാഷ്ട്രീയമായി നരേന്ദ്രമോദിയെയും അമിത്ഷായെയും വകവെയ്ക്കാത്തവർക്ക് എന്ത് ആരിഫ് മുഹമ്മദ് ഖാൻ? എന്ത് ഗവർണർ?

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.