Skip to main content

മതനിരപേക്ഷതയുടെയും സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളുടെയും മണ്ണായ കേരളത്തിന്റെ ഗവർണർ സ്ഥാനത്തുനിന്ന് ആര് പരിശ്രമിച്ചാലും അത് തുറന്നുകാട്ടാതിരിക്കാനാകില്ല. സംഘപരിവാറിന്റെ കശാപ്പുശാലകളിൽ ഇന്ധനമൊഴിക്കുന്നവരോട് മതനിരപേക്ഷ കേരളത്തിന് പ്രതികരിക്കാതിരിക്കാനാകില്ല.

ഇംഗ്ലീഷ് എന്ന വൈദേശിക ഭാഷയിൽ കേരളത്തിന്റെ ഗവർണർ മാർക്സിസത്തെ വിദേശ ആശയമെന്ന നിലയിൽ മുദ്രകുത്തിയപ്പോൾ കേരള ജനതയാകെ സ്തംഭിച്ച് നിന്നുപോയിട്ടുണ്ടാകും. ഇസ്ലാം മതവിശ്വാസികളെ ഉൾപ്പെടെ വൈദേശികർ എന്ന പേരിൽ മുദ്രകുത്തി പൗരത്വനിയമം രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ പ്രഖ്യാപനം എന്നതും ഗൗരവമേറിയതാണ്. തന്റെ അറിവിനും ചിന്തയ്‌ക്കും അപ്പുറത്തുള്ള സമ്മർദങ്ങളും അതിന്റെ ഭാഗമായുള്ള വേഷംകെട്ടലുകളും വീണ്ടും ആവർത്തിക്കുകയാണെന്നത് വ്യക്തം. മോഹൻഭാഗവതിനെ അങ്ങോട്ടുപോയി ഗവർണർ സന്ദർശിച്ചതോടെ ഇക്കാര്യം പകൽ വെളിച്ചംപോലെ വ്യക്തവുമാണ്. ലോകത്തെമ്പാടുമുള്ള വിജ്ഞാനങ്ങളെ എങ്ങനെയാണ് നാം സമീപിക്കേണ്ടത്? ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതും നാളെ ഉണ്ടാകാൻ പോകുന്നതുമെല്ലാം മനുഷ്യസമൂഹത്തിന്റെ പൊതുവായ സമ്പത്തായാണ് നാം കാണേണ്ടത്. അതിലെ ഗുണപരമായ എല്ലാ സമീപനങ്ങളെയും സ്വാംശീകരിച്ച് നാടിന് ചേരുന്നവിധം വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തിലാണ് മനുഷ്യസമൂഹം പുരോഗതി പ്രാപിച്ചത്. വൈജ്ഞാനിക സമൂഹസൃഷ്ടി എന്ന എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാട് ഇതിനെ അടിസ്ഥാനപ്പെടുത്തിക്കൂടിയാണ്.

നമ്മൾ ദൈനംദിന ജീവിതത്തിന് ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വസ്തുക്കൾപ്പോലും നമ്മുടെ രാജ്യത്തിനു പുറത്ത് ജീവിക്കുന്ന ജനത കണ്ടെത്തുകയും അവ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ നാടിനെയും സംസ്കാരത്തെയും വികസിപ്പിക്കുകയുമാണ് നാം ചെയ്തത്. അലോപ്പതി ചികിത്സതൊട്ട് നവമാധ്യമങ്ങൾവരെ അത്തരത്തിലുള്ളവയാണ്. ലോക വിജ്ഞാനത്തിന്റെ എല്ലാ സാധ്യതകളെയും നാടിന് ചേർന്നവിധം രൂപപ്പെടുത്തി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. അതിലെ ഗുണപരമായ പാരമ്പര്യങ്ങളെ സ്വീകരിക്കുകയും തെറ്റായ മാതൃകകളെ തള്ളിക്കളയുകയുമാണ് വേണ്ടത്. ഇത്തരത്തിലുള്ള സമീപനമാണ് മനുഷ്യസമൂഹത്തിന്റെ വികാസത്തിന് അടിസ്ഥാനം. അത്തരം സ്വാംശീകരണത്തിൽനിന്ന് മാറിനിൽക്കുമ്പോൾ പുരോഗതിയുടെ സാധ്യതകളാണ് നാം സ്വയം കൊട്ടിയടയ്‌ക്കുന്നതെന്ന് തിരിച്ചറിയണം.

ലോകത്തെമ്പാടുമുള്ള ജനത വെറുക്കുകയും ഒരിക്കലും ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്നതുമായ ചിലതും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഫാസിസം. ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റുകളായി വിലയിരുത്തപ്പെട്ടിട്ടുള്ളവരാണ് ഹിറ്റ്‌ലറും മുസോളിനിയും. ലോകം വകഞ്ഞുമാറ്റിയ ഈ വൈദേശിക കാഴ്ചപ്പാടുകളാണ് സംഘപരിവാറിന്റെ താത്വിക അടിത്തറയായി ഇന്നും നിലകൊള്ളുന്നത്. ഹിറ്റ്‌ലർ മുന്നോട്ടുവച്ച ആശയഗതികളെ അതേപോലെ സ്വീകരിക്കുകയായിരുന്നു സംഘപരിവാറിന്റെ സൈദ്ധാന്തികരും പ്രയോക്താക്കളുമായ ഗോൾവാൾക്കറും സവർക്കറും മൂഞ്ചേയും. ‘നാം നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ ഗോൾവാൾക്കർ എഴുതിയത് ഇങ്ങനെയാണ്.

“ജർമൻ വംശാഭിമാനം ഇന്നത്തെ ചിന്താവിഷയമായിത്തീർന്നിരിക്കുന്നു. വംശത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും സംശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജർമനി രാജ്യത്തിലെ സെമിറ്റിക് വംശങ്ങളിലെ- യഹൂദന്മാരെ - ഉന്മൂലനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉത്തുംഗമായ തലം ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. വേരോളം വ്യത്യാസങ്ങളുള്ള വ്യത്യസ്ത വംശങ്ങൾക്ക് ഐക്യപ്പെട്ട് ഒന്നായിത്തീരാൻ എത്രമാത്രം അസാധ്യമാണെന്ന് ജർമനി കാണിച്ചുതന്നു. ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ലൊരു പാഠമാണിത്.''

സവർക്കറാകട്ടെ ഇതേപാത പിന്തുടർന്നുകൊണ്ട് നടത്തിയ പ്രസ്താവനകൾ ഇന്നും നമ്മുടെ മുമ്പിലുണ്ട്. 1940ൽ മഥുരയിൽ നടന്ന ഹിന്ദുമഹാസഭയുടെ 22-ാം സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തവെ സവർക്കർ ഇങ്ങനെ പറഞ്ഞു: “ജർമനിയുടെ പ്രത്യേക സാഹചര്യത്തിൽ നാസിസം ജർമനിയുടെ രക്ഷകനാണെന്ന് നിഷേധിക്കാനാകാത്ത തരത്തിൽ തെളിയിച്ചിട്ടുണ്ട്''. അതിനൊപ്പം ഇദ്ദേഹം പറഞ്ഞ “രാഷ്ട്രീയത്തെ ഹിന്ദുവൽക്കരിക്കുക, ഹിന്ദുരാജ്യത്തെ സൈനികവൽക്കരിക്കുക''എന്ന വാക്കുകൾകൂടി ചേർക്കുമ്പോൾ ലോകം വെറുത്ത ഹിറ്റ്‌ലറുടെ വംശീയ സിദ്ധാന്തമാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമെന്ന് വ്യക്തം.

ആർഎസ്എസ് സംഘടനാരൂപം രൂപപ്പെടുത്തിയത് മറ്റൊരു ഫാസിസ്റ്റായിരുന്ന മുസോളിനിയിൽ നിന്നായിരുന്നു. ആർഎസ്എസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ആർ എസ് മൂഞ്ചേയുടെ ഡയറിക്കുറിപ്പുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുസോളിനിയുടെ സംഘടനയെക്കുറിച്ച് തന്റെ ഡയറിക്കുറിപ്പിൽ മൂഞ്ചേ ഇങ്ങനെ എഴുതി. “തന്റെ രാജ്യത്തെ കണിശമായ ദൗർബല്യം കണ്ടറിഞ്ഞ മുസോളിനി ബലില്ല ഓർഗനൈസേഷന്റെ ആശയത്തിന് ജന്മം നൽകി. ഇറ്റലിയുടെ സൈനിക സംഘടനയ്ക്കുവേണ്ടി ഇതിലും മെച്ചപ്പെട്ട ഒന്നിനും രൂപം നൽകാനാകുമായിരുന്നില്ല. ഇന്ത്യക്ക് പ്രത്യേകിച്ചും ഹിന്ദു ഇന്ത്യക്ക്, ഹിന്ദുക്കളുടെ സൈനിക പുനഃസൃഷ്ടിക്കുവേണ്ടി ഇത്തരം ചില സ്ഥാപനങ്ങൾ ആവശ്യമാണ്''.

1931 മാർച്ച് 19-ന് വൈകിട്ട്‌ മൂന്നിന്‌ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസ്ഥാനമായ പാലസോ വെൻസിയയിൽവച്ച് മൂഞ്ചേ മുസോളിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഹിറ്റ്‌ലറുടെ തത്വശാസ്ത്രവും മുസോളിനിയുടെ സംഘടനാതത്വവും സംയോജിപ്പിച്ച് രൂപപ്പെടുത്തിയതാണ് ആർഎസ്എസ് എന്ന സംഘടന. അതിന്റെ നേതാവിനെയാണ് ഗവർണർ അങ്ങോട്ടുപോയി സന്ദർശിച്ചത് എന്നറിയുമ്പോൾ ഗവർണറുടെ കോലാഹലങ്ങൾ എന്തിനാണെന്ന് വ്യക്തം. മതനിരപേക്ഷതയുടെ മഹത്തായ അധ്യായങ്ങൾ രചിച്ച കേരളത്തിന്റെ ഗവർണർ ഇത്തരത്തിൽ മാറുന്നുവെന്നത് സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനുകൂടി അപമാനകരമാണ്.

സംഘപരിവാർ വർഗീയ ധ്രുവീകരണത്തിനായി മുന്നോട്ടുവയ്‌ക്കുന്ന ചരിത്രസമീപനവും സ്വീകരിച്ചത്‌ വിദേശത്തുനിന്നുമാണ്. 1813-ൽ ജെയിംസ് മീൽ ആണ് ഇന്ത്യൻ ചരിത്രത്തെ വർഗീയമായി ധ്രുവീകരിക്കുന്നതിനുള്ള ചരിത്രവീക്ഷണത്തിന് അടിസ്ഥാനമിട്ടത്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രമായിരുന്നു അതിനുപിന്നിൽ. ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ ഹിന്ദു കാലഘട്ടമെന്നും മധ്യകാലഘട്ടത്തെ ഇസ്ലാമിക കാലഘട്ടമെന്നും ആധുനിക കാലത്തെ ബ്രിട്ടീഷ് കാലഘട്ടമെന്നും അവർ വിലയിരുത്തി. ഇതിലൂടെ ഹിന്ദു–മുസ്ലിം സംഘർഷത്തിന്റേതായ പാഠങ്ങൾ നിറഞ്ഞതാണ് ഇന്ത്യൻസമൂഹമെന്ന് ഇന്ത്യക്കാരുടെ ബോധത്തിൽ അടിച്ചേൽപ്പിക്കുന്നതിന് ബ്രിട്ടീഷുകാർ പരിശ്രമിച്ചു.

ഇങ്ങനെ വർഗീയമായ സംഘർഷങ്ങളുടെ വേദിയാണ് ഇന്ത്യയെന്ന സാമ്രാജ്യത്വ ആശയമാണ് ഇന്ത്യൻ സമൂഹത്തെ വർഗീയവൽക്കരിക്കുന്നതിന് സംഘപരിവാർ പിന്തുടരുന്നത്. മുഗൾ കാലഘട്ടങ്ങളെ ശരിയായ രീതിയിൽ പഠിക്കുന്നതിനുപകരം ബ്രിട്ടീഷുകാർ നൽകിയ തെറ്റായ വ്യാഖ്യാനങ്ങളാണ് സംഘപരിവാറിന് രാഷ്ട്രീയ മുദ്രാവാക്യമായി മാറിയത് എന്നത് വിസ്മരിക്കരുത്. ബാബ്‌റി മസ്ജിദ് നിലനിന്നിടത്ത് അമ്പലമാണെന്ന് 1813-ൽ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് പ്രഖ്യാപിച്ചത്. അക്കാലത്ത് അതിനെ എതിർത്ത ഹിന്ദു പുരോഹിതർക്കും മുസ്ലിം പുരോഹിതർക്കും കഴുമരമായിരുന്നു ലഭിച്ചതെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

മുഗൾ കാലഘട്ടത്തെ അടിസ്ഥാനമാക്കിക്കൂടിയാണ് വർഗീയ വ്യാഖ്യാനങ്ങൾ ഇന്ത്യാ ചരിത്രത്തിൽ സ്ഥാപിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതും ഹിന്ദുത്വവാദികൾ പിന്തുടരുകയും ചെയ്തത്. ഈ ആശയഗതിക്കെതിരെയാണ് ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ പ്രതിരോധം തീർത്തത്. ഇർഫാൻ ഹബീബ് സംഘപരിവാറിന്റെ കണ്ണിൽ കരടാകുന്നത് അതുകൊണ്ടാണ്. ഇവരുടെ പ്രീതിക്കായാണ് ഗവർണർ ഇർഫാൻ ഹബീബിനെതിരെ വീണ്ടും വീണ്ടും രംഗത്ത് വരുന്നത്.

ഇന്ത്യയുടെ സവിശേഷതയായി വിശേഷിപ്പിക്കുന്നതാണ് മഹാഭാരതവും ഉപനിഷത്തുകളുമെല്ലാം. മഹാഭാരതം ആദ്യമായി പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തത് ഫസ്‌നാമ എന്ന പേരിൽ അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലായിരുന്നു. ഉപനിഷത്തുകൾ പേർഷ്യയിലേക്ക് തർജമ ചെയ്തതാകട്ടെ മുകൾ ചക്രവർത്തി ഷാജഹാന്റെ മൂത്ത പുത്രൻ ദാര ഷുക്കോവായിരുന്നു. ഇതിൽനിന്നാണ് യൂറോപ്പിലേക്കുവരെ ഈ കൃതികൾ സഞ്ചരിച്ചത്. മാക്സ്‌ മുള്ളറെപ്പോലുള്ളവർ ഇന്ത്യയുടെ ഇത്തരം പാരമ്പര്യങ്ങളെ അറിഞ്ഞത് ഇതുവഴിയാണ്.

മുഗൾ ഭരണത്തെക്കുറിച്ച് മാത്രമല്ല, മറ്റ് രാജാക്കന്മാരുടെ രാഷ്ട്രീയമായ ഇടപെടലുകളെ ഇത്തരത്തിൽ വ്യാഖ്യാനിക്കുകയായിരുന്നു ഇവർ. ടിപ്പു മലബാറിന്റെ മാത്രമല്ല, ബാമിനി സുൽത്താന്മാരെയും ആക്രമിച്ചിരുന്നു എന്നത് മറയ്‌ക്കപ്പെടുകയാണ്. വിജയനഗര സാമ്രാജ്യം ബാമിനി സുൽത്താന്മാരുമായി മാത്രമല്ല, തഞ്ചാവൂരുമായും യുദ്ധം നടത്തിയിരുന്നു. ശിവജി മുഗൾ രാജാക്കന്മാരുമായി മാത്രമല്ല, മറിച്ച് മൈസൂരിലെ വോഡയാർ രാജാക്കന്മാരുമായും നിരന്തരം ഏറ്റുമുട്ടി. രാജാക്കന്മാരുടെ മതവിശ്വാസങ്ങളായിരുന്നില്ല ഏറ്റുമുട്ടലിന്റെ അടിസ്ഥാനം. മറിച്ച് അധികാരം വിപുലപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു അവയെല്ലാം. ഇവയെ മറച്ചുവച്ചുകൊണ്ടുള്ള ബ്രിട്ടീഷ് പ്രചാരണങ്ങളാണ് ഇന്നും സംഘപരിവാറിന്റെ തുറുപ്പുചീട്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യപോരാട്ടങ്ങളെ പിന്തുണയ്‌ക്കുകയും കൊളോണിയൽ ചൂഷണങ്ങളെ തുറന്നുകാട്ടുകയും ചെയ്തുകൊണ്ടാണ് മാർക്‌സും എംഗൽസും ലെനിനുമെല്ലാം പ്രവർത്തിച്ചതെന്ന വസ്തുത നാം ഇവിടെ ഓർക്കേണ്ടതുണ്ട്.

ജർമൻ ഫാസിസത്തിൽനിന്ന് ആശയവും ഇറ്റാലിയൻ ഫാസിസത്തിൽനിന്ന് സംഘടനാരൂപവും സ്വീകരിച്ചുകൊണ്ടാണ് സംഘപരിവാർ പ്രവർത്തിക്കുന്നത്. ഒപ്പം ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർ മുന്നോട്ടുവച്ച വർഗീയധ്രുവീകരണം സൃഷ്ടിക്കുന്ന ചരിത്രവീക്ഷണവുമാണ് സംഘപരിവാറിന്റെ ആശയ അടിത്തറയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത്തരം ആശയത്തെ മുന്നോട്ടുവയ്‌ക്കുന്നതിന് മതനിരപേക്ഷതയുടെയും സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളുടെയും മണ്ണായ കേരളത്തിന്റെ ഗവർണർ സ്ഥാനത്തുനിന്ന് ആര് പരിശ്രമിച്ചാലും അത് തുറന്നുകാട്ടാതിരിക്കാനാകില്ല. സംഘപരിവാറിന്റെ കശാപ്പുശാലകളിൽ ഇന്ധനമൊഴിക്കുന്നവരോട് മതനിരപേക്ഷ കേരളത്തിന് പ്രതികരിക്കാതിരിക്കാനാകില്ല.

സ. പുത്തലത്ത് ദിനേശൻ

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

 

കൂടുതൽ ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.