‘എനിക്ക് താൽക്കാലികമായ സമാശ്വാസം’ ചാനലുകൾ തന്നിട്ടുണ്ട്. ഈ വ്യാഖ്യാനം അതീവകൗതുകകരമായിരിക്കുന്നുവെന്നു പറയാതെ വയ്യ. ഞാൻ ഒരു കേസിലും പ്രതിയല്ല. എന്തെങ്കിലും കുറ്റം ചെയ്തൂവെന്ന് ഇതുവരെ ഇഡിക്കും ആക്ഷേപമില്ല. എങ്കിലും 10 വർഷത്തെ ഒട്ടേറെ വ്യക്തിപരമായ വിവരങ്ങൾ സംബന്ധിച്ച് ഒരു ഡസൻ പ്രസ്താവനകൾ ഇഡി ആവശ്യപ്പെട്ടു. മസാലബോണ്ട് കിഫ്ബി വായ്പയെടുത്തിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടേയുള്ളൂ. അപ്പോൾ പിന്നെ എന്തിനാണ് 10 വർഷത്തെ കണക്കുകൾ?
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല. പക്ഷേ പ്രഥമദൃഷ്ട്യാപോലും എനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തിൽ ഇത്തരത്തിലുള്ള വിവരാന്വേഷണങ്ങൾ എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അതിനുള്ള അവകാശം ഇഡിക്ക് ഇല്ല. ഭരണഘടന ചില ജനാധിപത്യ അവകാശങ്ങൾ പൗരന്മാർക്ക് ഉറപ്പുതരുന്നുണ്ട്. അവ സംരക്ഷിക്കാൻവേണ്ടി പോരാടുക തന്നെ ചെയ്യും. എനിക്ക് ആദ്യം അയച്ച സമൻസിൽ നീണ്ട സ്ഥിതിവിവര കണക്കുകളൊന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ഒരാഴ്ച കഴിഞ്ഞുള്ള രണ്ടാമത്തെ സമൻസിലാണ് ഈ നീണ്ട ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. എന്നെ അറിയിക്കുന്നതിനു മുമ്പ് പത്രക്കാരെ അറിയിച്ചതു ശരിയല്ലായെന്ന എന്റെ പ്രതികരണം മാത്രമാണ് ഈ രണ്ട് സമൻസുകൾക്ക് ഇടയിൽ ഉണ്ടായിട്ടുള്ളത്. ഇഷ്ടക്കേട് തോന്നിയാൽ തങ്ങൾക്ക് എന്തും ചെയ്യാമെന്ന ധാരണ അന്വേഷണ ഏജൻസികൾക്കു വേണ്ട.
കിഫ്ബി കേരളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ്. ഒരു ധനകാര്യ സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം വിശ്വാസ്യത ഏറ്റവും പ്രധാനമാണ്. അതു നശിപ്പിക്കാൻ വേണ്ടിയുള്ള സംഘടിത പരിശ്രമമാണ് കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മുമ്പ് ചോദിച്ച ചോദ്യം തന്നെ ആവർത്തിക്കുകയും ചിലപ്പോൾ പ്രത്യേകിച്ചൊന്നും ചോദിക്കാതെ തിരിച്ചുവിടുകയും ചെയ്യുന്ന രീതി ദേശദ്രോഹമാണ്.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പൂർണ്ണ ഉത്തരവ് സൈറ്റിൽ വന്നിട്ടില്ല. ഓപ്പറേറ്റീവ് പാർട്ട് മാത്രമേ കോടതിയിൽ വായിച്ചുള്ളൂ. അതിൽ രണ്ട് മാസത്തേക്ക് സമൻസ് അയക്കുന്നതിനു സ്റ്റേ നൽകിയിരിക്കുന്നു. ഫെമ നിയമലംഘനമാണല്ലോ അന്വേഷണ വിഷയം. രണ്ട് വർഷത്തോളം അന്വേഷിച്ചിട്ടും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. ഇഡി ആകെ ചെയ്യേണ്ടിയിരുന്നത് ഫെമയുടെ റെഗുലേറ്ററായ റിസർവ്വ് ബാങ്കിനോട് അഭിപ്രായം ആരായുകയാണ്. കിഫ്ബിക്ക് എൻഒസി നൽകിയിരുന്നോ? അതിനെ തുടർന്ന് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ ബോണ്ടുകൾ ഇറക്കിയത്? ഈ ബോണ്ട് വഴി സമാഹരിച്ച പണം എങ്ങനെ വിനിയോഗിച്ചൂവെന്നതു സംബന്ധിച്ച് മാസംതോറും കിഫ്ബി റിപ്പോർട്ട് നൽകുന്നുണ്ടോ? നിശ്ചയമായും ഇതിനൊക്കെ ഉത്തരം റിസർവ്വ് ബാങ്കിന് ഉണ്ടാവും. അതു തേടാൻ റിസർവ്വ് ബാങ്കിനെക്കൂടി സ്വമേധായ കോടതി കക്ഷി ചേർത്തിരിക്കുകയാണ്.
ഫെമ ലംഘത്തെ സംബന്ധിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ട്. സി&എജി റിപ്പോർട്ടിലും പരാമർശമുണ്ട്. അതുകൊണ്ട് തങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ അധികാരമുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിൽ ഇഡി വാദിച്ചത്. കോടതി ഇഡിയുടെ നിലപാട് തള്ളിയതിന്റെ ന്യായം എന്തെന്ന് നാളെ പൂർണ്ണവിധി വരുമ്പോൾ അറിയാം.
ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല എന്നിരിക്കിലും Live Law, Bar& Bench തുടങ്ങിയ Law Reporting പോർട്ടലുകൾ പ്രസിദ്ധീകരിച്ച കോടതിയുടെ സുപ്രധാനമായ നിഗമനങ്ങൾ ഉണ്ട്. "Although the enquiry by the ED is not liable to be interdicted, there is no justification for petitioners to be repeatedly summoned by the officers of the ED,". എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിശ്ചിത വിഷയങ്ങളിൽ അന്വേഷണ അധികാരമുണ്ട് എന്നുവെച്ച് എന്തും ചെയ്യാനാകില്ല എന്ന പരാമർശം അതീവ പ്രാധാന്യമുള്ള ഒന്നാണ് എന്നു പറയേണ്ടതില്ല. കോൺസ്റ്റിറ്റ്യൂഷണൽ മൂല്യങ്ങൾ അങ്ങനെ അട്ടിമറിക്കപ്പെടാൻ പാടില്ല എന്ന അതീവ പ്രാധാന്യമുള്ള പരാമർശമാണിത്.