മഹാരാഷ്ട്രയിൽ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തനിച്ചു മൽസരിച്ച സിപിഐഎമ്മിന് തിളക്കമാർന്ന വിജയം. നൂറിനടുത്ത് ഗ്രാമപഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. മറ്റ് നൂറിലേറെ പഞ്ചായത്തുകളിലായി ഒട്ടേറെ സീറ്റുകളിൽ സിപിഐ എം സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്ന് മഹാരാഷ്ട്രയിലെ സിപിഐ എം നേതൃത്വം അറിയിച്ചു.
ബിജെപി 239 ഗ്രാമപഞ്ചായത്തുകളിലും എൻഡിഎ ഘടകകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേന 113 പഞ്ചായത്തുകളിലും ജയിച്ചു. മഹാവികാസ് സഖ്യം പാർടികളിൽ എൻസിപി 155 പഞ്ചായത്തുകളിലും ശിവസേന ഉദ്ധവ് വിഭാഗം 153 പഞ്ചായത്തുകളിലും കോൺഗ്രസ് 149 പഞ്ചായത്തുകളിലും ജയിച്ചു. കർഷകരുടെ ഐതിഹാസികമായ ലോങ്‌മാർച്ചിന് തുടക്കമിട്ട നാസിക്കിലെ സുർഗാന താലൂക്കിലാണ് സിപിഐ എം വലിയ മുന്നേറ്റം കൈവരിച്ചത്. സുർഗാന താലൂക്കിലെ 33 പഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. നാസിക്ക് ജില്ലയിലെ തന്നെ കൽവാൻ താലൂക്കിൽ എട്ടും ത്രയംബകേശ്വറിൽ ഏഴും ദിൻഡോരിയിൽ ആറും പേട്ടിൽ അഞ്ചും പഞ്ചായത്തുകളിൽ ജയിച്ചു. നാസിക്ക് ജില്ലയിലെ 194 പഞ്ചായത്തുകളിൽ 59 പഞ്ചായത്തുകളിൽ ജയിച്ച് സിപിഐ എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാസിക്കിൽ എൻസിപി 51 പഞ്ചായത്തുകളിൽ ജയിച്ചപ്പോൾ കോൺഗ്രസ് ഒമ്പത് പഞ്ചായത്തുകളിൽ ഒതുങ്ങി. ബിജെപിക്ക് 13 പഞ്ചായത്തുകൾ കിട്ടി.
പാൽഘർ– താനെ ജില്ലയിൽ 26 പഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. ദഹാനു താലൂക്കിൽ ഒമ്പത്, ജവഹറിൽ അഞ്ച്, തലസരിയിൽ നാല്, വിക്രംഗഢിലും വാഡയിലും മൂന്ന് വീതം, ഹാഷാപ്പുരിലും മുർബാദിലും ഒന്ന് വീതം പഞ്ചായത്തുകളിലുമാണ് സിപിഐ എം ഭരണത്തിലെത്തിയത്. അഹമദ്‌നഗർ ജില്ലയിലെ അകോലെ താലൂക്കിൽ ആറ് പഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. ആകെ 91 പഞ്ചായത്തുകളിൽ സിപിഐഎമ്മിന് തനിച്ച് ഭൂരിപക്ഷമുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ നിരവധി പഞ്ചായത്തുകളുമുണ്ട്. ഇവിടെയും പാർടി ഭരണത്തിലെത്താൻ സാധ്യത നിലനിൽക്കുകയാണ്.