Skip to main content

ഗവർണർ സാറിനോട് ഖേദപൂർവം പറയട്ടെ കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു

ഗവർണർ സാറിനോട് ഖേദപൂർവം പറയട്ടെ, കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ നാടിന്റെയാകെ അനിഷ്ടം വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞ അങ്ങ് എത്രയും വേഗം രാജിവെച്ച് മുഴുവൻ സമയ സംഘപരിവാർ പ്രവർത്തകനാവണം. അവരെ പ്രീതിപ്പെടുത്താനാണല്ലോ അങ്ങ് ഈ സർക്കസുകളെല്ലാം കാണിക്കുന്നത്. അതിന് ഈ പദവി ഇങ്ങനെ ദുരുപയോഗം ചെയ്യരുത്.

അങ്ങ്, ഈ നാടിനെയും ജനതയെയും കണക്കറ്റ് അധിക്ഷേപിക്കുകയാണ്. ജനാധിപത്യസംസ്ക്കാരത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്നതുകൊണ്ടാണ് ഈ നാട് അങ്ങയോട് ക്ഷമിക്കുന്നത്. ഓരോ ദിവസവും പരിഹാസ്യതയുടെ പുതിയ ആഴങ്ങളിലേയ്ക്കാണ് അങ്ങ് വീഴുന്നത്. ധനമന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടു എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്കു നൽകിയ കത്ത് വായിച്ചപ്പോൾ ചിരിയാണ് വന്നത്. ബാലഗോപാലിന്റേത് രാജ്യദ്രോഹപരമായ പരാമർശങ്ങളാണ് എന്നാണ് താങ്കൾ വ്യാഖ്യാനിക്കുന്നത്.

അതിലെന്താണ് രാജ്യദ്രോഹം? യുപിയെക്കാൾ മികച്ച സംസ്ഥാനമാണ് കേരളം എന്നു പറഞ്ഞാൽ രാജ്യദ്രോഹമാകുമോ? കഴിഞ്ഞ യുപി തിരഞ്ഞെടുപ്പുകാലത്താണല്ലോ, യോഗി ആദിത്യനാഥ് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്? കേരളത്തിലെ ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാവരും യോഗി ആദിത്യനാഥിന്റെ പരാമർശങ്ങളെ വിമർശിച്ചു. അപ്പോഴൊന്നും കേരള ഗവർണറെ ആരും കണ്ടില്ലല്ലോ.

കേരളം യുപിയേക്കാൾ മികച്ച സംസ്ഥാനമാണെന്നും ആ മികവ് യുപിയിലുള്ള ചിലർക്ക് മനസിലാകില്ലെന്നും പ്രസംഗിച്ചാലുടനെ രാജ്യദ്രോഹമാകുമോ? ഇത്തരം തരംതാണ പരാമർശങ്ങൾമൂലം സ്വയം അപഹാസ്യനാവുകയാണ് എന്ന് തിരിച്ചറിയാനുള്ള വിവേക ബുദ്ധി എന്നേ ഗവർണർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.

കേരളം ലഹരിയുടെ തലസ്ഥാനമാണ് എന്നാണ് കേരളത്തിന്റെ ഗവർണറുടെ ആക്ഷേപം. പത്രസമ്മേളനത്തിലാണ് ഈ അസംബന്ധം അദ്ദേഹം വിളിച്ചു പറഞ്ഞത്. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആക്ഷേപം? തന്റെ വാദം സാധൂകരിക്കാൻ അദ്ദേഹത്തിന്റെ കൈവശം എന്തെങ്കിലും വിവരങ്ങളുണ്ടോ? ഇന്ത്യാ സർക്കാർ പ്രസിദ്ധീകരിച്ച വസ്തുതകൾ അങ്ങയുടെ വാദത്തിനു വിരുദ്ധമാണ്.

ഇന്ത്യയിൽ ഏറ്റവും മാതൃകാപരമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത്രയ്ക്ക് ജനകീയമായി ആ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന മറ്റൊരു സംസ്ഥാനവുമില്ല. ആ വ്യത്യസ്തതയിൽ സന്തോഷിക്കുകയല്ല ഗവർണർ ചെയ്യുന്നത്. കേരളത്തിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളോട് എന്തിനാണ് അദ്ദേഹത്തിന് ഇത്ര ഈർഷ്യ എന്നറിയില്ല. ഏതായാലും ഈ കാര്യത്തിലും യുപിയെക്കാൾ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം.

മദ്യം, ലോട്ടറി എന്നിവയിൽ നിന്നുള്ള വരുമാനമാണ് കേരളത്തിന് ആകെയുള്ളത് എന്ന അസംബന്ധവും ഈയിടെയായി അദ്ദേഹം എഴുന്നെള്ളിച്ചുകൊണ്ട് നടക്കാറുണ്ട്. അവിടെയും താരതമ്യം തന്നെയാണ് കേരളത്തിന്റെ മറുപടി. മദ്യത്തിൽ നിന്നുള്ള വരുമാനം തുകയിലും ശതമാനത്തിലും അങ്ങയുടെ ജന്മനാടായ യുപിയുടെ സ്ഥാനം കേരളത്തിനു മുകളിലാണെന്നാണ് ഇന്ത്യാ സർക്കാരിന്റെ കണക്കുകൾ. ജിഎസ്ടി നികുതി വർദ്ധിപ്പിച്ചതിനുശേഷം ലോട്ടറിയിൽ നിന്നുള്ള കേരള സർക്കാരിന്റെ ലാഭം വിറ്റുവരവിന്റെ 3 ശതമാനം മാത്രമാണെന്നകാര്യം ഒരുപക്ഷേ അങ്ങേയ്ക്ക് അറിവുണ്ടാവില്ല.

ലോട്ടറി ആയാലും മദ്യം ആയാലും ഇന്നത്തെ സർക്കാർ കൂടുതലായൊന്നും ഈടാക്കിയിട്ടില്ല. എത്രയോ സർക്കാരുകൾ മാറിമാറി വന്നപ്പോഴും ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു. അങ്ങ് അപമാനിക്കുന്നത് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അല്ല. കേരളത്തെയാണെന്ന് അങ്ങ് മനസിലാക്കണം.

എല്ലാ വികസനസൂചകങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിലാണ്. സുദീർഘമായ ഒരു രാഷ്ട്രീയപ്രക്രിയയിലൂടെയാണ് ആ മേൽക്കൈ കേരളത്തിന് ലഭിച്ചത്. അതിൽ അഭിമാനിക്കാൻ ഇടതുപക്ഷ പ്രവർത്തകർക്കും മലയാളികൾക്കെല്ലാം സ്വാഭാവികമായും അവകാശമുണ്ട്.

ഇതു കേട്ടാലുടനെ പ്രീതി പോകുമെങ്കിൽ ഇനിയതിനേ അദ്ദേഹത്തിന് നേരം കാണൂ.

 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.