വാണിജ്യസിലിണ്ടറിന്റെ വില 25 രൂപ കൂടി വർധിപ്പിച്ചു കൊണ്ടാണ് മോദി സർക്കാർ ഈ പുതുവർഷത്തിലേക്ക് നമ്മളെ സ്വാഗതം ചെയ്തത്. 2015 ജനുവരിയിലെ നിരക്കിൽ നിന്ന് 152% ആയി ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയും 56% ആയി വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയും ഇപ്പോൾ വർധിച്ചിട്ടുണ്ട്.
ആദ്യം സർക്കാർ നിയന്ത്രിച്ചിരുന്ന ഏൽപിജി നിരക്കിലെ നിയന്ത്രണമെടുത്ത് മാറ്റി വിപണി നിരക്കിലാക്കുകയും പിന്നീട് ഗാർഹിക സിലിണ്ടർ ഉപയോഗത്തിനായി കൊടുത്തിരുന്ന സബ്‌സിഡികൾ നിർത്തലാക്കിയും കടുത്ത വഞ്ചനയാണ് മോദി സർക്കാർ ജനങ്ങളോട് ചെയ്തത്. മുൻ കോൺഗ്രസ് സർക്കാർ തുടങ്ങി വച്ച ഈ പ്രക്രിയ മൂലം ഇപ്പോൾ വിലക്കയറ്റം രൂക്ഷമാകാനും സാധാരണക്കാരുടെ വീട്ടുചെലവുകൾ അനിയന്ത്രിതമായി വർധിക്കാനും കാരണമായി.
കുതിച്ചുകയറുന്ന വാണിജ്യസിലിണ്ടറിന്റെ നിരക്ക് മൂലം ഭക്ഷണശാലകളിലെ വിലയും താങ്ങാനവാത്ത വിധം വർധിക്കുകയാണ്. കൗൺസിൽ ഓൺ എനർജി, എൻവിയോൻമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനമനുസരിച്ച് രാജ്യത്തെ 70% കുടുംബങ്ങളുടെ പാചകത്തിനായി ഉപയോഗിക്കുന്ന പ്രാഥമിക ഇന്ധനം എൽപിജി ആണ്. എൽപിജി വില നിയന്ത്രണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറി ഉപഭോക്താക്കൾക്ക് നേരിട്ട് സബ്‌സിഡി വിതരണം ചെയ്യുക എന്ന ആശയം മുൻകോൺഗ്രസ് സർക്കാർ കൈക്കൊണ്ടപ്പോഴേ ഇത് എത്തി നിൽക്കാൻ പോകുന്നത് സബ്‌സിഡികൾ പൂർണ്ണമായി പിൻവലിക്കുന്നതിലേക്ക് ആയിരിക്കും എന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ആ നിലപാടിനെ എതിർത്തിരുന്നു.
നവലിബറൽ സാമ്പത്തികനയത്തിന്റെ ഭാഗമായി മെക്സിക്കോയിലും മറ്റും സമാനസാഹചര്യങ്ങൾ ഉണ്ടായതിന്റെ വെളിച്ചത്തിൽ ജനക്ഷേമം മുൻനിർത്തി സിപിഐ എം എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്.