മോദി സർക്കാരിന് കീഴിൽ ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയിൽ അപ്രഖ്യാപിത നിയമനനിരോധനം നിലനിൽക്കുകയാണ്. രാജ്യസഭാ രേഖകൾ അനുസരിച്ച് 3,10,521 തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്.
കോടികണക്കിന് വരുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്നതിനൊപ്പം തന്നെ റെയിൽവേയുടെ പല മേഖലകളുടെയും പ്രവർത്തനം ഇതുമൂലം അവതാളത്തിലായിരിക്കുകയാണ്. 22,506 തസ്തികകളാണ് കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖലാ റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്. റെയിൽവേയിലെ അപ്രഖ്യാപിത നിയമനനിരോധനം മൂലം ദക്ഷിണമേഖലയിലെ പല സർവീസുകളും താളം തെറ്റുന്ന നിലയിലാണ്. സർവീസുകൾ സജ്ജമാക്കാൻ ആവശ്യമായ ജീവനക്കാരുടെ ദൗർലഭ്യം രൂക്ഷമാകുകയാണ്.
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 1906 ഒഴിവുകളുണ്ട്. പാലക്കാട് ഡിവിഷനിൽ 20% തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കുള്ള നിയമനംമാത്രമാണ് അഞ്ചുവർഷത്തിനിടെ ഇവിടങ്ങളിൽ നടന്നിട്ടുള്ളത്. ജീവനക്കാരുടെ ദൗർലഭ്യം മൂലം ഗാർഡ് ഇല്ലാതെ ഗുഡ്‌സ് വണ്ടികൾ ഓടിക്കേണ്ട നിലയിലാണ് ദക്ഷിണമേഖലാ റെയിൽവേ. മറ്റു ഡിവിഷനുകളിൽനിന്ന് കമേഴ്‌സ്യൽ ജീവനക്കാരെ എത്തിച്ചാണ് ശബരി സ്‌പെഷ്യൽ ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കുന്നത്. ഇതുപോലെ പല പ്രവർത്തനങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഗതിശക്തി പദ്ധതികൾക്കായി പുതിയ ജീവനക്കാരെ എടുത്തിട്ടില്ല. ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനായി സർക്കാർതലത്തിൽ സമ്മർദം ഉണ്ടെങ്കിലും ഇതിനുവേണ്ടുന്ന ആൾബലം ഇപ്പോൾ റെയിൽവേക്ക് ഇല്ലായെന്നുള്ളത് കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസർക്കാർ.
ദക്ഷിണമേഖലാ റെയിൽവേയ്ക്ക് പുതിയ ട്രാക്കുകൾ ഉണ്ടാക്കാൻ ഫണ്ടുകൾ അനുവദിക്കുന്നതിലെ കേന്ദ്രസർക്കാരിൻറെ വിവേചനം മുമ്പ് ചർച്ചയായിരുന്നു. കഴിഞ്ഞ ബജറ്റിൽ 13,200 കോടി രൂപ പുതിയ ലൈനുകൾ നിർമ്മിക്കുന്നതിനായി ഉത്തരമേഖലാ റെയിൽവേയ്ക്ക് വകയിരുത്തിയെങ്കിലും ദക്ഷിണമേഖലാ റെയിൽവേയ്ക്കായി വകയിരുത്തിയത് കേവലം 59 കോടി രൂപയായിരുന്നു. അതിവേഗ ട്രെയിനുകളായ വന്ദേ ഭാരത് സർവീസുകൾ പ്രഖ്യാപിച്ചതിൽ ഒന്നുപോലും കേരളത്തിന് അനുവദിച്ചിട്ടില്ലായെന്ന് സ. എ എ റഹീം എംപിക്ക് റെയിൽവേ മന്ത്രി കൊടുത്ത മറുപടിയിൽ വ്യക്തമാണ്.