ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി (Securities and Exchange Board of India) ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല. അത്രയ്ക്കു ഗൗരവമായ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഹിൻഡൻബർഗ് റിപ്പോർട്ടിലെ വാക്കുകളിൽ “ദശാബ്ദങ്ങളായി തുടർന്നുവരുന്ന നാണംകെട്ട ഓഹരി തിരിമറികളും കണക്കെഴുത്തിലും തട്ടിപ്പുകളും” എന്തെല്ലാമായിരുന്നു?
ഒന്ന്, അദാനിയുടെ കണക്കുകൾ മുഖവിലയ്ക്കെടുത്താൽപോലും ഓഹരി വിലകൾ 85 ശതമാനമെങ്കിലും അനർഹമായി ഉയർന്നതായിരുന്നു. അദാനിയുടെ ഓരോ കമ്പനിയുടെയും വ്യവസായമേഖലയിലെ സമാന കമ്പനികളുടെ ആദായം, വിറ്റുവരുമാനം, നികുതിക്കും തേയ്മാന ചെലവിനും പലിശയ്ക്കും മുമ്പുള്ള ലാഭത്തിന്റെയും കണക്കുകൾ പരിശോധിച്ചാണ് ഈ നിഗമനത്തിൽ എത്തുന്നത്.
രണ്ട്, സെബിയുടെ നിയമ പ്രകാരം ലിസ്റ്റഡ് കമ്പനികളുടെ മിനിമം 25 ശതമാനം കമ്പോളത്തിൽ ഇറക്കണം. ഇതാവട്ടെ പ്രൊമോട്ടർമാർ വാങ്ങാനും പാടില്ല. എന്നാൽ മൗറീഷ്യസ്, കെയ്മാൻ ദ്വീപുകളിൽ അദാനി കമ്പനി രജിസ്റ്റർ ചെയ്ത കറക്ക് കമ്പനികൾ വഴി ഈ ഓഹരികളിൽ സിംഹപങ്കും അദാനി ഗ്രൂപ്പ് തന്നെ കൈക്കലാക്കി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ അദാനിയുടെ ഈ ബിനാമി കമ്പനികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരികയും പാർലമെന്റിൽ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അദാനിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ബിനാമി കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട്.
മൂന്ന്, അദാനി കുടുംബ ബന്ധുക്കളാണ് ഗ്രൂപ്പിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. പല ഘട്ടങ്ങളിലായി ഇവരെക്കുറിച്ച് അഴിമതി, പണംവെളുപ്പിക്കൽ, നികുതിവെട്ടിക്കൽ എന്നിവയുടെ ഏതാണ്ട് 136000 കോടി രൂപയുടെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അന്വേഷണങ്ങൾ എങ്ങുമെത്താതെ പോവുകയാണുണ്ടായത്. അനുജൻ രാജേഷ് അദാനി 2004-2006 കാലത്ത് വൈരക്കല്ല് വ്യാപാരത്തിന്റെ തട്ടിപ്പിന് ഡിആർഐയുടെ അന്വേഷണവിധേയമായി. രണ്ട് പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അളിയൻ സമീർ വോറ ഇതുപോലെ മറ്റൊരു വൈരക്കല്ല് വ്യാപാര കുംഭകോണത്തിൽ പ്രതിയായിരുന്നു. മൂത്ത ജ്യേഷ്ഠൻ വിനോദ് ഇതുപോലുള്ള മറ്റു തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്നു. യഥാർത്ഥത്തിൽ വൈരക്കല്ല് വ്യാപാരത്തിലെ തട്ടിപ്പുകളാണ് അദാനി കുടുംബത്തിന്റെ ആദിമമൂലധന സഞ്ചയം.
നാല്, കർണ്ണാടകത്തിലെ ഇരുമ്പയിര് ഘനന-കയറ്റുമതി കുംഭകോണത്തിലും അദാനി കമ്പനികൾക്ക് പങ്കുണ്ടായിരുന്നു. കേസിൽ നിന്നു രക്ഷപ്പെടാൻ കൈക്കൂലി നൽകിയ കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഇരുമ്പയിര് ഘനന കുംഭകോണ അന്വേഷണം എങ്ങുമെത്തിയില്ല.
അഞ്ച്, മോദി കാലഘട്ടത്തിലെ ആദ്യത്തെ കേസ് കള്ളപ്പണം വെളുപ്പിക്കുന്നതിനുവേണ്ടി 40000 കോടി രൂപയുടെ പവർ എക്യുപ്മെന്റ്സിന്റെ ബില്ല് പെരുപ്പിച്ചു കാട്ടിയതാണ്. ഈ കള്ളപ്പണ റൂട്ടിന്റെ വിശദാംശങ്ങൾ ഹിൻഡൻബർഗ് റിപ്പോർട്ടിൽ നൽകുന്നുണ്ട്. അന്വേഷണം വഴിമുട്ടി പോവുകയായിരുന്നു.
ആറ്, സമീപകാലത്തെ ഏറ്റവും വലിയ കുംഭകോണം കൽക്കരിയുമായി ബന്ധപ്പെട്ടതാണ്. ഇന്തോനേഷ്യയിൽ നിന്ന് 29000 കോടിയുടെ കൽക്കരി ഇറക്കുമതി ഓവർ ഇൻവോയ്സ് ചെയ്തതാണ് ഇതിൽ ആദ്യത്തേത്. എന്നു മാത്രമല്ല, ഇന്ത്യയിലെ കൽക്കരി പ്രതിസന്ധി അദാനിക്കുവേണ്ടി മനപൂർവ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന ആരോപണമുണ്ട്. ഇറക്കുമതി മുഖ്യമായും അദാനി വഴിയായിരുന്നു. അതിഭീമമായ ലാഭമാണ് ഇതുവഴി ഉണ്ടായത്. ഇതിനെല്ലാം ഉപയോഗപ്പെടുത്തുന്നത് വിദേശത്തെ ബിനാമി കമ്പനികളാണ്. വിനോദ് അദാനിക്ക് മൗറീഷ്യസിൽ മാത്രം 38 കമ്പനികൾ ഉണ്ടത്രേ.
ഏഴ്, ഇതിലെല്ലാം ഉപരി മുൻകാല ഓഹരി തട്ടിപ്പുകാരായ ചേതൻ പരേക്കിനെപോലുള്ളവരുമായുള്ള ബന്ധങ്ങളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഇവർ വഴിയുള്ള പണമിടപാട് റൂട്ടുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
എട്ട്, അദാനി കമ്പനികളുടെ ലിക്വിഡ് ആസ്തികൾ ഹ്രസ്വകാല ബാധ്യതയേക്കാൾ വളരെ താഴ്ന്നതാണ്. എപ്പോൾ വേണമെങ്കിലും ഒരു ലിക്വിഡിറ്റി കുഴപ്പമുണ്ടാകാം. പ്രൊമോട്ടർമാരുടെ ഓഹരികളിൽ ഒരു ഭാഗം പണയംവച്ച് വായ്പയെടുത്തിട്ടുണ്ട്. ഓഹരിവില ഇപ്പോഴത്തെപ്പോലെ ഇടിയുമ്പോൾ ഇത് വായ്പ നൽകിയവരെ പ്രതിസന്ധിയിലാക്കും. സാധാരണഗതിയിലുള്ള സാമ്പത്തിക പരിധികൾക്കപ്പുറം കടബാധ്യത അദാനി ഗ്രൂപ്പിനുണ്ട്. ഇതു പരിഗണിക്കാതെയാണ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ ഇവർക്കു വായ്പ നൽകിയത്.
ഇതൊക്കെ സവിസ്തരം പ്രതിപാദിച്ചശേഷം 88 ചോദ്യങ്ങൾ ഈ റിപ്പോർട്ട് ഉയർത്തുന്നുണ്ട്. അതിനൊന്നും മറുപടി പറയാതെ ചില തട്ടുപൊളിപ്പൻ നിഷേധം മാത്രമാണ് അദാനി കമ്പനികളിൽ നിന്നുണ്ടായിട്ടുള്ളത്. തങ്ങൾ പറഞ്ഞവ തെറ്റാണെങ്കിൽ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് ഹിൻഡൻബർഗൻ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും അദാനിയുടെ മറുപടിക്കുവേണ്ടി കാത്തിരിക്കുകയാണ്.