Skip to main content

കരുതലും വികസനവും ധനദൃഡീകരണവും ഉറപ്പാക്കുന്ന ബജറ്റാണ് സ. കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് കേരളത്തെ മുന്നോട്ടു നയിക്കാൻ ഉതകുന്ന ബജറ്റാണ് ഇതെന്ന് നിസ്സംശയം പറയാം

കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന വിവിധ സാമ്പത്തിക ഞെരുക്കങ്ങളുടെയും തുടരുന്ന വിവേചനങ്ങളുടെയും മധ്യത്തിൽനിന്നുകൊണ്ട് കേരളത്തെ മുന്നോട്ടു നയിക്കാൻ ഉതകുന്ന ബജറ്റാണ് ധനമന്ത്രി സ. ബാലഗോപാൽ നിയമസഭയയിൽ അവതരിപ്പിച്ചത് എന്നു നിസ്സംശയം പറയാം. സംസ്ഥാനം സ്വീകരിച്ചു വരുന്ന സാമ്പത്തിക സമീപനത്തിന്റെ ഫലം തെളിയികുന്ന സൂചകങ്ങളാണ് ബജറ്റും സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും എല്ലാം നൽകുന്നത്. ക്ഷേമവും വികസനവും ഉറപ്പാക്കുകയും അതേസമയം തന്നെ ധന ദൃഡീകരണത്തിന്റെ പാതയിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ് ഈ സമീപനത്തിന്റെ കാതൽ.

2021-22ൽ സംസ്ഥാന സമ്പദ്ഘടന 12.01 ശതമാനം വളർച്ച കൈവരിച്ചു. കാർഷിക, കാർഷികാനുബന്ധ മേഖലകൾ 4.6 ശതമാനവും വ്യവസായം 3.8 ശതമാനവും വളർച്ച രേഖപ്പെടുത്തി എന്നതു പ്രത്യേകം പറയേണ്ടതുണ്ട്. 2022-23ലെ പുതുക്കിയ കണക്കുകളും വരും വർഷത്തെ ബജറ്റ് കണക്കുകളും ഈ ഇരട്ട അക്ക വളർച്ചാ നിരക്കു തുടരുമെന്ന സൂചനയാണ് നൽകൂന്നത്. പ്രളയത്തിന്റെയും മഹാമാരിയുടെയും കേടുതികളിൽ പകച്ചു നിൽക്കാതെ സർക്കാർ മുതൽ മുടക്കു ഗണ്യമായി ഉയർത്തുന്ന തന്ത്രങ്ങൾ ഫലം ചെയ്തു എന്ന വിലയിരുത്തലാണ് സാമ്പത്തിക അവലോകന റിപ്പോർട്ടും നൽകുന്നത്.

ധനക്കമ്മി 2022-23ലെ ബജറ്റ് കണക്കുകളിൽ പറഞ്ഞ 3.91 ശതമാനം എന്നതു പുതുക്കിയ കണക്കുകൾ അനുസരിച്ചു 3.61 ശതമാനമേ വരൂ. 2023-24ൽ ഇതു വീണ്ടും താഴ്ന്ന് 3.5 ശതമാനം ആകും. റവന്യൂ കമ്മിയും കുറയുകയാണ്. 2.3 ശതമാനം എന്നതു നടപ്പു വർഷം തന്നെ 1.9 ശതമാനമായി ഇടിയും. വരും വർഷം 2.11 ശതമാനം ആകും. ആകെ കടം സംസ്ഥാന വരുമാനത്തിന്റെ 37.18 ശതമാനം എന്നതിൽ നിന്നും നടപ്പു ധനകാര്യവർഷം തന്നെ 36.38 ശതമാനം ആയി കുറയുന്നു. അടുത്ത വർഷം ഇതു 36 ശതമാനമായി വീണ്ടും താഴും. 2000-2005 കാലത്ത് ശരാശരി 43.6 ശതമാനം ആയിരുന്ന കേരളത്തിന്റെ കടം ജി.എസ്.ഡി.പി അനുപാതം ഒന്നര ദശാബ്ദം കൊണ്ട് 30-32 ശതമാനത്തിൽ ദൃഡീകരിക്കപ്പെട്ടിരുന്നു. കോവിഡ്, പ്രളയ കാലത്തെ തളർച്ചയും അക്കാലത്ത് അനുവദിക്കപ്പെട്ട അധിക വായ്പ്പയുമാണു ഇത് 38 ശതമാനത്തിൽ എത്തിച്ചത്. അത് ക്രമേണ താഴുമെന്ന അനുമാനം ശരിയാകുകയാണ്. അന്നു നടത്തിയ മുതൽ മുടക്ക് ഇങ്ങനെ വളർച്ചയ്ക്കും ക്ഷേമത്തിനും അടിത്തറയൊരുക്കി.

ഈ സാഹചര്യത്തിലും കേരളം നേരിടുന്ന വിവേചനം ബജറ്റ് കണക്കുകളിൽ പ്രകടമാണ്. നമ്മുടെ തനതു റവന്യൂ വരുമാനം 2021-22ലെ 85542 കോടി രൂപയിൽ നിന്നും 98066 കോടി രൂപയായി വർദ്ധിക്കും. 14.64 ശതമാനം വളർച്ച. അതേ സമയം central transfer 43724 കോടി രൂപയിൽ നിന്നും 37291 കോടി രൂപയായി ഇടിയുകയാണ് ചെയ്യുന്നത്. 14.71 ശതമാനം കുറയുന്നു. നമ്മുടെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാനം ഈ വിടവാണ്. ഇനിയെങ്കിലും കേരളം നേരിടുന്ന കടുത്ത വിവേചനത്തെ തുറന്ന് എതിർക്കാൻ തയ്യാറാകും എന്നു കരുതാം.

ഇത്തരം പ്രയാസങ്ങൾക്ക് നടുവിലും ക്ഷേമ പെൻഷനും, വിപണി ഇടപെടലും എല്ലാം മുടക്കം കൂടാതെ തുടരാനുള്ള കരുതൽ ബജറ്റ് കൈക്കൊള്ളുന്നുണ്ട്. കേന്ദ്ര സർക്കാർ National Social Assistance Program, തൊഴിലുറപ്പിലടക്കം ഗണ്യമായ കുറവ് വരുത്തുകയാണ്. ദേശീയ സാമൂഹ്യ സുരക്ഷാ പരിപാടിയ്ക്ക് നാമമാത്ര സഹായം എന്നതിൽ ഒരു മാറ്റവും വരുത്തുന്നില്ല. മുടക്കം കൂടാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി കേരളം രൂപീകരിച്ച സംവിധാനം തന്നെ തകർക്കുന്നു. ഈ പെൻഷൻ കമ്പനി ഒരു സഞ്ചിത ബാധ്യതയും ഉണ്ടാക്കുന്നില്ല എന്നിരുന്നിട്ടും അതിനെതിരെ വാളെടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. മുടക്കം കൂടാതെ പവങ്ങൾക്കുള്ള പെൻഷൻ കൊടുക്കാൻ കേരളം വേണ്ട വകയിരുത്തൽ നടത്തിയിട്ടുണ്ട്. വിലക്കയറ്റം പിടിച്ചകൂ നിർത്താൻ 2000 കോടി രൂപ വകയിരുത്തിട്ടുണ്ട്. റബ്ബറിനടക്കം കാർഷിക മേഖലയ്ക്കും വിഹിതം ഉയർത്തി. തീരദേശ മേഖലയിൽ പുനർഗേഹം, എൽപിജി എഞ്ചിനുകളിലേക്കുള്ള പരിവർത്തനം തുടങ്ങി ശ്രദ്ധേയമായ പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട്. വ്യവസായ മേഖല പൊതുവിൽ ബജറ്റിനെ സ്വാഗതം ചെയ്യുകയാണ്.

കിഫ്ബിയുടെ അകാല ചരമം പ്രവചിച്ചവർക്കും ബജറ്റ് മറുപടി കൊടുത്തിരിക്കുന്നു. കിഫ്ബിയുടെ നികുതി വിഹിതം 3000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം വരുന്ന പശ്ചാത്തലത്തിൽ റിംഗ് റോഡ് വികസനം, വികസന ഇടനാഴി എന്നിവയ്ക്കായി കിഫ്ബി 1000 കോടി രൂപ മുതൽ മുടക്കും എന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തിയിട്ടുണ്ട്. സർക്കാർ വിഹിതം ഉയപയോഗിച്ച് അതിന്റെ പലമടങ്ങു വികസന നിക്ഷേപം നടത്തിക്കൊണ്ട് കിഫ്ബി ശക്തമായി തുടരും എന്ന് അർത്ഥശകയ്ക്കിടയില്ലാത്ത വിധം ധനമന്ത്രി വ്യക്തമാക്കി.

ഈ ക്ഷേമ കരുതലും വികസനവും തുടരുന്നതിനു വേണ്ട വിഭവ സമാഹരണം കേരളത്തിന്റെ മുന്നിലെ വെല്ലുവിളിയാണ്. കേന്ദ്ര വിഹിതം കേവലമായിത്തന്നെ ഗണ്യമായി കുറയുന്ന സ്ഥിതിയാണ്. ഈ പശ്ചാത്തലത്തിൽ വേണം അധിക വിഭവ സമാഹാരണ ശ്രമങ്ങളെ വിലയിരുത്തേണ്ടത്. അതുണ്ടാക്കാനിടയുള്ള വിലക്കയറ്റം പോലുള്ള വിപത്തുകളെ കൈകാര്യം ചെയ്യാനുള്ള വിപണി ഇടപെടലിനും മറ്റും കൂടുതൽ ധന പിന്തുണ കൊടുത്തിട്ടുമുണ്ട്. കരുതലും വികസനവും ധനദൃഡീകരണവും ഉറപ്പാക്കുന്ന ബജറ്റാണ് സ. ബാലഗോപാൽ അവതരിപ്പിച്ചിട്ടുള്ളത്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.