കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്മദിനം.
ഐതിഹാസികമായ കയ്യൂർ സമരത്തിന് നേതൃത്വം നൽകിയ നാലുസഖാക്കളെ 1943 മാർച്ച് 29 നാണ് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത്. സഖാക്കൾ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പു നായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നിവരുടെ രക്തസാക്ഷിത്വം
കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്.
കൊളോണിയൽ ഭരണകൂടം സമ്മാനിച്ച തൂക്കുമരത്തെ ഒട്ടും കൂസാതെ ഏറ്റുവാങ്ങിയ കയ്യൂർ സഖാക്കളുടെ പോരാട്ടവീര്യം നമ്മളിന്നുകാണുന്ന കേരളത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ജന്മി നാടുവാഴി വ്യവസ്ഥക്കും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ, അവരുടെ ചൂഷണത്തിനും മർദ്ദക ഭരണത്തിനുമെതിരെ ചെങ്കൊടിയുമേന്തി പോരാടിയ കയ്യൂരിലെ കർഷകജനത പിൽക്കാല സമരകേരളത്തിന് നൽകിയ ദിശാബോധവും വലുതാണ്.
കയ്യൂർ സഖാക്കളുടെ അനശ്വര സ്മരണ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നടക്കുന്ന അടിസ്‌ഥാന വർഗ്ഗത്തിന്റെ പോരാട്ടങ്ങൾക്ക് എന്നും ഊർജ്ജം പകരും.
കയ്യൂർ രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ.