Skip to main content

സാമൂഹ്യ ക്ഷേമ പെൻഷൻ

സഹകരണാത്മക ഫെഡറലിസം (Co-Operative Federalism) എന്നാണ് മോദി പറയുക. വാക്ക് ഒന്ന്, പ്രവൃത്തി വേറെ. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേന്ദ്ര സാമൂഹ്യക്ഷേമ പെൻഷനുകളിലെ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പ്രത്യേകം നേരിട്ട് കൊടുക്കാനുള്ള തീരുമാനം. സംസ്ഥാന സർക്കാർ ക്രെഡിറ്റ് എടുക്കുന്നത് തടയാനാണെന്നാണ് സംഘികൾ നൽകുന്ന വിശദീകരണം.

ഇതുവരെ സംസ്ഥാന സർക്കാർ എല്ലാ മാസവും അല്ലെങ്കിൽ വർഷത്തിലെ നാല് വിശേഷ ദിനങ്ങളിലായോ 1600 രൂപ ഗുണഭോക്താക്കൾക്കു നൽകുന്നു. കേന്ദ്രം അവരുടെ വിഹിതം സംസ്ഥാന സർക്കാരിന് പിന്നീട് റീഇംബേഴ്സ് ചെയ്യും. സാധാരണഗതിയിൽ ഇതു വർഷാവസാനമേ കിട്ടൂ. ഈ കാലതാമസമൊന്നും ഗുണഭോക്താക്കളെ ബാധിക്കാറില്ല.

എത്രയാണ് കേന്ദ്രം തരുന്നത്? വയോജന പെൻഷൻ ആണെങ്കിൽ 80 വയസിൽ താഴെയുള്ളവർക്ക് പ്രതിമാസം 200 രൂപയും മുകളിലുള്ളവർക്ക് പ്രതിമാസം 500 രൂപയും. ഭിന്നശേഷിക്കാർക്ക് 500 രൂപ. 80 വയസിൽ താഴെയുള്ള വിധവകൾക്ക് 300 രൂപ. മുകളിലുള്ളവർക്ക് 500 രൂപ. ഈ നിരക്ക് ബിജെപി അധികാരത്തിൽ വന്ന 2014 മുതൽ ഒരു രൂപപോലും വർദ്ധിപ്പിച്ചിട്ടില്ലായെന്നും പറയട്ടെ.

ഈ തുച്ഛമായ തുക തന്നെ എത്ര പേർക്കാണു നൽകുന്നത്? തുടക്കത്തിൽ 14 ലക്ഷം പേർക്ക് നൽകിയിരുന്നു. പിന്നീട് അത് 10 ലക്ഷമായി. ഇനി ഈ മാസം മുതൽ 5.5 ലക്ഷം പേർക്കേ നൽകൂ എന്നാണ് പറയുന്നത്. കേരളത്തിലെ ദരിദ്രരുടെ എണ്ണം കുറഞ്ഞത്രേ. കേരളമാകട്ടെ 1600 രൂപവച്ച് 57 ലക്ഷം പേർക്കാണു പെൻഷൻ ആനുകൂല്യം നൽകുന്നത്. ഇതിൽ വെൽഫെയർ ബോർഡ് ഗുണഭോക്താക്കളും ഉൾപ്പെടും.

ഒരു മാസം പെൻഷൻ കൊടുക്കാൻ കേരളത്തിന് 912 കോടി രൂപ വേണം (ക്ഷേമ ബോർഡുകൾ ഉൾപ്പെടെ). കേന്ദ്രത്തിൽ നിന്ന് ഒരു മാസം ലഭിക്കുന്ന തുകയോ? വെറും 15 കോടി രൂപ മാത്രം. മൊത്തം ചെലവിന്റെ 1.6 ശതമാനം മാത്രമാണ് കേന്ദ്രത്തിന്റെ വിഹിതം. കേരളത്തിൽ നിന്നുള്ള വി. മുരളീധരനെപ്പോലുള്ള ഏതെങ്കിലും നേതാവ് പറഞ്ഞതു കേട്ടിട്ടാകണം കേന്ദ്ര വിഹിതം നേരിട്ടു നൽകാൻ തീരുമാനിച്ചത്. കേരളം ക്രെഡിറ്റ് എടുക്കുന്നതു തടയണം.

ഇതിന്റെ ഫലമായി ഗുണഭോക്താക്കളിൽ ഏറ്റവും പാവപ്പെട്ട 5.5 ലക്ഷം പേർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്നു നോക്കൂ - ഇനി അവർ എല്ലാവരും ബാങ്കിൽ അക്കൗണ്ട് തുറന്ന് ആധാറുമായി ബന്ധിപ്പിക്കണം. ഇപ്പോൾ അവർക്കു തീരുമാനിക്കാം പെൻഷൻ ബാങ്ക് വഴി വേണോ അതോ സഹകരണ ബാങ്കുകൾ വഴി വാതിൽപ്പടിയിൽ വേണമോയെന്ന്. ബാങ്കുകളിൽ പോയി ക്യൂ നിന്ന് പണം പിൻവലിക്കൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ട് പെൻഷൻകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു പെൻഷൻ വീട്ടിൽ എത്തിച്ചുതരണമെന്നത്. ഇതിനുള്ള അധികച്ചെലവ് സർക്കാർ വഹിച്ച് പെൻഷൻ വീട്ടിൽ എത്തിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഇടതുപക്ഷ സർക്കാരാണ്. ഇനി ഏറ്റവും പാവപ്പെട്ട ഗുണഭോക്താക്കൾ കേന്ദ്ര വിഹിതം വാങ്ങാൻ ബാങ്കിൽ പോയേ പറ്റൂ.

ഇപ്പോൾ സംസ്ഥാനത്ത് പെൻഷൻ വിതരണത്തിനു കൃത്യമായ ചിട്ടയുണ്ട്. വർഷത്തിൽ നാല് തവണകളായി വിതരണം ചെയ്യുന്നു. ഇനി പാവങ്ങൾ കാത്തിരിക്കണം. കേന്ദ്ര വിഹിതം എന്നുവരുമെന്ന് ആർക്ക് അറിയാം.

ബിജെപിയുടെ വലിയൊരു പ്രചാരണമായിരുന്നു സാമൂഹ്യക്ഷേമ പെൻഷനുകൾ കേന്ദ്രം നൽകുന്നതാണെന്ന്. ഇതുവഴി കാര്യങ്ങൾക്കു പൂർണ്ണ വ്യക്തത വന്നിട്ടുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടായി.

പക്ഷേ, ഇക്കാര്യത്തിൽ കേരള സർക്കാർ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്. ഫെഡറൽ കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. തൊഴിലുറപ്പ് അടക്കം എത്രയോ സ്കീമുകളിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും വിഹിതമുണ്ട്. അവയെല്ലാം ഇനി വെവ്വേറെ നൽകിക്കാനാണോ പരിപാടി. ഇത്തരത്തിലുള്ള വേർതിരിവ് വികസന സ്കീമുകളുടെ കാര്യക്ഷമത കുറയ്ക്കും. ആരൊക്കെയാണ് കേന്ദ്രത്തിന്റെ ഗുണഭോക്താക്കൾ, സംസ്ഥാനത്തിന്റെ ഗുണഭോക്താക്കൾ എന്നതിലുള്ള അവ്യക്തതകൾമൂലം പരാതികൾ തുടർക്കഥയാകും.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.