Skip to main content

കേന്ദ്ര സർക്കാർ ചരിത്രത്തെ ഭയപ്പെടുന്നു

ചരിത്രത്തെ എന്നും ഭയമാണ്‌ ആർഎസ്‌എസിന്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘടനയാണത്‌. രാജ്യത്തിൻറെ ശരിയായ ചരിത്രം പുതിയ തലമുറ പഠിക്കുന്നത് ആർഎസ്‌എസിന്‌ ഭീഷണിയാണ്. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രപിതാവിനെ വെടിവച്ചുകൊന്ന്‌ രാജ്യത്ത്‌ ഭീകരപ്രവർത്തനത്തിന്‌ തുടക്കംകുറിച്ചവർ. ഇന്ത്യയുടെ ചരിത്രത്തിലെ ബഹുസ്വരതയെ അവർ ഭയപ്പെടുന്നു. അതിനാൽ തന്നെ മിത്തുകളെയും പുരാണങ്ങളെയും ചരിത്രമാക്കി അവതരിപ്പിക്കാനുള്ള നീക്കമാണ്‌ ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നടത്തുന്നത്. തങ്ങൾക്ക് യാതൊന്നും അവകാശപ്പെടാനില്ലാത്ത ചരിത്രത്തെ മിത്തുകൾ കൊണ്ട് മറച്ചുപിടിക്കാൻ വേണ്ടിയാണ് ശാസ്‌ത്രവിരുദ്ധവും യുക്തിഹീനവുമായ അന്ധവിശ്വാസങ്ങളുടെ പ്രചാരണത്തിന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഭരണകക്ഷിയുടെ നേതാക്കന്മാരും നേരിട്ടിറങ്ങുന്നത്.

ഇത്തരം പ്രചാരണങ്ങൾക്ക്‌ സമാന്തരമായാണ്‌ പാഠപുസ്‌തകങ്ങളിൽ വർഗീയത കുത്തിനിറയ്‌ക്കാനുള്ള ശ്രമം. 2014ൽ മോദി സർക്കാർ അധികാരമേറ്റതോടെ വിദ്യാഭ്യാസമേഖലയിൽ ഈ നടപടികൾ അരാജകത്വം സൃഷ്ടിച്ചു. എൻസിഇആർടി , ആറുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രവിജ്ഞാനീയം, സമൂഹശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയിൽനിന്ന്‌ സുപ്രധാന വിവരങ്ങളും അധ്യായങ്ങളും ഒഴിവാക്കാനെടുത്ത തീരുമാനങ്ങൾ തങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത വസ്‌തുതകൾ കുട്ടികൾ പഠിക്കേണ്ടതില്ലെന്ന ആർഎസ്‌എസ് ധാർഷ്ട്യമാണ്‌ പുറത്തു കൊണ്ടുവരുന്നത്. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി പ്രയത്‌നിച്ച ഗാന്ധിജിയെ കൊന്നത്‌ ഹിന്ദുത്വ തീവ്രവാദികളാണെന്നും ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തെ വർഗീയ സ്ഥിതിവിശേഷത്തിൽ മാന്ത്രികമായ പ്രഭാവമാണ്‌ ഉണ്ടാക്കിയതെന്നും തുടർന്ന്‌ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യൻ സർക്കാർ ശക്തമായി അടിച്ചമർത്താൻ തുടങ്ങിയെന്നും ആർഎസ്എസ് പോലുള്ള സംഘടനകളെ അൽപ്പകാലം നിരോധിച്ചെന്നുമുള്ള പരാമർശങ്ങളാണ്‌ പാഠപുസ്‌തകത്തിൽനിന്ന്‌ വെട്ടിമാറ്റിയത്‌.

മുഗൾ ഭരണാധികാരികളോടുള്ള മതപരമായ വെറുപ്പും വിദ്വേഷവുമാണ്‌ മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റാനുള്ള പ്രേരണ. 1000 കൊല്ലത്തോളം ഇന്ത്യൻ ജനത മുഗളരുടെ അടിമകളായിരുന്നുവെന്നാണ്‌ സംഘപരിവാർ വാദിക്കുന്നത്‌. ആറു നൂറ്റാണ്ടോളംമാത്രമാണ്‌ വടക്കേ ഇന്ത്യയുടെ പ്രധാന ഭാഗങ്ങളിൽ മുഗൾ ഭരണം നിലനിന്നിരുന്നത്‌. മുഗൾ രാജാക്കന്മാർ മതപരിവർത്തനം നടത്തിയിരുന്നുവെന്ന വാദവും അടിസ്ഥാനമില്ലാത്തതാണ്‌. ഇത്രയുംകാലം മുഗളന്മാർ ഭരിച്ചിട്ടും ഗംഗാസമതലത്തിൽ മുസ്ലിം ജനസംഖ്യ 15 ശതമാനത്തിൽ താഴെയാണ്‌ എന്നതാണ്‌ വസ്‌തുത. ഇന്ത്യൻ സംസ്‌കാരത്തിന്‌ മുഗൾ ഭരണാധികാരികൾ നിസ്‌തുലമായ സംഭാവനകളാണ്‌ നൽകിയിട്ടുള്ളത്‌. സംസ്‌കൃതത്തിലുള്ള മഹാഭാരതത്തിന്‌ പേർഷ്യൻ തർജമയുണ്ടാകുന്നത്‌ അക്‌ബറിന്റെ ഭരണകാലത്താണ്‌. റസ്‌മ്‌നാമ (യുദ്ധത്തിന്റെ പുസ്‌തകം) എന്നപേരിൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം തയ്യാറാക്കുന്നത്‌ അക്‌ബറിന്റെ പ്രത്യേക നിർദേശത്തിലൂടെയാണ്‌. മഹാഭാരതവും വിവിധ ഉപനിഷത്തുക്കളുമടക്കം നിരവധി ഗ്രന്ഥങ്ങൾ മൊഴിമാറ്റുന്നതിന്‌ അക്‌ബർ പ്രത്യേകം താൽപ്പര്യം കാണിച്ചെന്നതിന്‌ ചരിത്രത്തിൽ ഒട്ടേറെ തെളിവുണ്ട്‌. സ്വാതന്ത്ര സമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭാസ മന്ത്രിയുമായ മൗലാനാ അബുൾകലാം ആസാദിനെ പരിചയപ്പെടുത്തുന്ന എല്ലാ പരാമർശങ്ങളും രാഷ്ട്രതന്ത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലും അദ്ദേഹത്തിന്റെ മതത്തോടുള്ള വെറുപ്പും വിദ്വേഷവുമാണ്.

ഗാന്ധിജിയെ കൊന്നവരെ ന്യായീകരിക്കുകയും അവരുടെ പേരിൽ ക്ഷേത്രങ്ങൾ പണിയുകയും ചെയ്യുന്നവരാണ്‌ സംഘപരിവാറുകാർ. രാജ്യത്തെ ജനങ്ങൾ തമ്മിലുള്ള ഐക്യത്തിന്‌ അക്ഷീണം പ്രവർത്തിച്ച ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെയും നാരായൺ ആപ്‌തെയുടെയും വധശിക്ഷ നടപ്പാക്കിയ ദിനം ബലിദാന ദിനമായി ആചരിക്കുന്നവരാണ്‌ ഇവർ. ഗാന്ധിഘാതകരുടെ സംഘടനയെ നിരോധിച്ച കാര്യം പാഠപുസ്‌തകത്തിൽനിന്നല്ല, ചരിത്രത്തിൽനിന്നുപോലും മായ്‌ച്ചുകളയാനാണ്‌ അവർ ശ്രമിക്കുക. ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ പാഠ്യപദ്ധതിയിൽനിന്ന്‌ മാറ്റില്ലെന്ന്‌ നിശ്ചയദാർഢ്യത്തോടെ പറയാൻ ആർജവമുള്ള സർക്കാരാണ്‌ സംസ്ഥാനത്ത്‌ ഉള്ളത്‌. ബിജെപി ഇതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നും അത്തരമൊരു തീരുമാനം വരേണ്ടത്‌ ചരിത്രപരമായ അനിവാര്യതയാണ്‌. 

കൂടുതൽ ലേഖനങ്ങൾ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്

സ. പിണറായി വിജയൻ

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്.

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് എഐ വഴിയാണ്, രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു

സ. ടി എം തോമസ് ഐസക്

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് നിർമിത ബുദ്ധി (എഐ) വഴിയാണ്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ പരിശോധിച്ചു. ഇതോടെ ഈ രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. ഇത് ​ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണം.