Skip to main content

വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ മുഖമുദ്ര

യുക്തിയുടെ ഗ്രഹണ കാലമാണ് ഫാസിസം എന്നു പറഞ്ഞത് ജോർജ് ലൂക്കാച്ചാണ്. വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ മുഖമുദ്ര. അത് ലോകത്തെല്ലായിടത്തും എക്കാലത്തും അങ്ങനെയാണ്. ഭ്രാന്തുപിടിച്ച ആ വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസർക്കാർ നടപടി. ആ നടപടി ഭരണഘടന നിഷ്കർഷിക്കുന്ന ശാസ്ത്ര അവബോധം വളർത്തുക എന്ന പൗരന്റെ /പൗരയുടെ മൗലിക കടമയ്ക്ക് വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 A ( h ) ഇപ്രകാരം പറയുന്നു, "It shall be the duty of every citizen of India to develop scientific temper, humanism and the spirit of inquiry and reform." അതായത് "ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും കടമയാണ് ശാസ്ത്ര അവബോധം, മാനവികത, അന്വേഷണാത്മകതയും പരിഷ്കരണ ത്വരയും വളർത്തുക എന്നിവയെല്ലാം". ശാസ്ത്രാവബോധം വളർത്തുക എന്നത് മൗലിക കടമയായി ഭരണഘടന അനുശാസിക്കുമ്പോൾ, അതിന് നേർവിപരീതമായി ശാസ്ത്രവിരുദ്ധതയാണ് കേന്ദ്രസർക്കാർ വളർത്തുന്നത്. ഭരണഘടന ശാസ്ത്രാവബോധത്തിന്റെ കൂട്ടത്തിൽ തന്നെ മാനവികതയുടെയും അന്വേഷണാത്മകതയുടെയും കാര്യം കൂടി പറയുന്നുണ്ട്. ഇതൊന്നുമില്ലാത്ത മതരാഷ്ട്രത്തിന്റെ തരിശുനിലമായി, ഒരു പുത്തൻ അറിവും ആശയവും കിളിർക്കാത്ത ഹിന്ദു രാഷ്ട്രത്തിന്റെ ഊഷരഭൂമിയായി മതനിരപേക്ഷ ഇന്ത്യയെ മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനം.

ശാസ്ത്രാവബോധം കുട്ടികളിൽ ഉണ്ടാക്കാനും വിജ്ഞാനത്തിന്റെ അടിത്തറ ഉറപ്പിക്കാനും അനിവാര്യമാണ് പരിണാമ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനം. ചാൾസ് ഡാർവിൻ തന്റെ വിഖ്യാതമായ Origin of Species എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെച്ച പരിണാമ സിദ്ധാന്തം മനുഷ്യ വിജ്ഞാന ചരിത്രത്തിലെ വിപ്ലവകരമായ ഒരു ഘട്ടത്തിനാണ് തുടക്കം കുറിച്ചത്. ജീവന്റെ ഉല്പത്തിയെക്കുറിച്ചും വികാസപരിണാമങ്ങളെക്കുറിച്ചുമുള്ള വിലമതിക്കാനാവാത്ത അറിവിലേക്കാണ് അത് നയിച്ചത്. തുടർന്നിങ്ങോട്ട് മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്വാധീനിച്ചു. മനുഷ്യപുരോഗതിക്ക് നിർണായകമായ സംഭാവനയും നൽകിവരുന്നു. ഭൗതികശാസ്ത്രത്തിന് ആപേക്ഷിക സിദ്ധാന്തം എന്നപോലെ, രസതന്ത്രത്തിൽ ദ്രവ്യത്തിന്റെ അടിസ്ഥാനഘടകം ആറ്റമാണ് എന്ന കണ്ടെത്തൽ പോലെ ജീവശാസ്ത്രവിജ്ഞാനത്തിന് ഒഴിവാക്കാനാവാത്തതാണ് പരിണാമ സിദ്ധാന്തം. അതിനുമേലാണ് ഇപ്പോൾ കത്രിക വെച്ചിരിക്കുന്നത്. നെഹ്റുവിനെയും ഗാന്ധിവധത്തെയും മൗലാന അബുൾ കലാം ആസാദിനെയും ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുകയും സവർക്കറെ പോലുള്ള വ്യാജ ബിംബങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തതിന്റെ തുടർച്ചയാണിത്. ഇനിയിപ്പോൾ ഐസക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റീനുമൊക്കെ എൻ സി ഇ ആർ ടി യുടെ ചവറ്റു കുട്ടയിലാകും. ഇത് തിരുത്തിച്ചില്ലെങ്കിൽ ഇന്ത്യയിലെ വരും തലമുറകൾ നൽകേണ്ടി വരുന്ന വില കനത്തതായിരിക്കും. ശാസ്ത്രവിരുദ്ധമായ, നിലവാരമില്ലാത്ത എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ പഠിക്കാൻ നിർബന്ധിതരാകുന്ന ഒരു തലമുറയുടെ ഗതി എന്തായിരിക്കും; അറിവ് ലോക ഗതിയെ നിയന്ത്രിക്കുന്ന ഒരു കാലത്ത്. അതിനാൽ അജ്ഞതയുടെ അന്ധകാരത്തിലേക്ക് ഒരു തലമുറയെ തള്ളിവിടുന്ന ഇതു പോലുള്ള ഭ്രാന്തൻ നടപടികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി ചെറുക്കേണ്ടതുണ്ട്. 1800 ഓളം പണ്ഡിതരും ശാസ്ത്രജ്ഞരും ഇതിനകം തന്നെ ഈ നടപടിക്കെതിരെ തുറന്ന കത്തെഴുതി രംഗത്തു വന്നതിന്റെയും കാരണം മറ്റൊന്നല്ല. വിജ്ഞാനത്തിന്റെ ശത്രുക്കളിൽ നിന്ന് നാടിനെ രക്ഷിക്കാൻ ശാസ്ത്ര സമൂഹത്തിനൊപ്പം നമുക്കെല്ലാം അണിനിരക്കാം.

 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.