Skip to main content

സ്വർണ്ണ കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നത് കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും

പ്രധാനമന്ത്രി മോദി ഇതിലേറെ തറനിലയിലേക്ക് തരംതാഴാമോ? യുവജനങ്ങളോട് സംവദിക്കുന്നതിനായുള്ള സമ്മേളനം. രാഷ്ട്രീയ യോഗമല്ല, ഔദ്യോഗിക പരിപാടി. അവിടെ അദ്ദേഹം നടത്തിയ പ്രസ്താവന കേൾക്കൂ: “രാജ്യത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ കഠിനപ്രയത്നം നടത്തുന്നു. ഇവിടെ ചിലർ രാപ്പകൽ സ്വർണ്ണക്കടത്തിന്റെ തിരക്കിലാണ്. യുവജനങ്ങളിൽ നിന്ന് ഇത് ഒളിക്കാനാവില്ല.”

സ്വർണ്ണ കള്ളക്കടത്തിനെ തടയേണ്ട കസ്റ്റംസും അവരെ വെട്ടിച്ച് സ്വർണ്ണം കടത്തിയാൽ പിടിക്കേണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേന്ദ്ര സർക്കാരിന്റെ ഏജൻസികളല്ലേ? നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം മോദി സമ്മതിക്കുക. എന്നിട്ടു മറ്റുള്ളവരെ കുറ്റം പറയുക. കേരളത്തിലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് ആകാറായില്ലേ. ആരാണ് സ്വർണ്ണം അയച്ചത്? ആർക്കാണ് സ്വർണ്ണം അയച്ചത്? ഇവ അന്വേഷിച്ചോ? ഇതിന് ഇടനിലക്കാരായി നിന്നവർ ഇന്ന് ബിജെപിയുടെ ഏറ്റവും വേണ്ടപ്പെട്ടവരല്ലേ? അവരെ ഉപയോഗിച്ച് സർക്കാരിനെ താറടിക്കാനാണു ശ്രമിക്കുന്നത്. ഇത് ഏറ്റുപറയാൻ ഒരു പ്രധാനമന്ത്രിയും.

കേന്ദ്ര ധനമന്ത്രി പ്രകാശിപ്പിച്ച “2021-22ലെ ഇന്ത്യയിലെ കള്ളക്കടത്ത്” എന്ന റിപ്പോർട്ടിൽ പറയുന്നത് ഏതാണ്ട് 350 ടൺ സ്വർണ്ണം ഇന്ത്യയിൽ കള്ളക്കടത്തായി കൊണ്ടുവരുന്നൂവെന്നാണ്. അതിൽ 37 ശതമാനവും ബർമ്മ, നേപ്പാൾ വഴിയാണ്. അവ ഗുജറാത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സ്വർണ്ണ കച്ചവടക്കാരുടെ കൈകളിൽ എത്തുന്നത് കേരളം വഴി അല്ലല്ലോ. ഏറ്റവും പ്രധാനപ്പെട്ട ഡെസ്റ്റിനേഷൻ ഗുജറാത്താണ്. ഇതു കഴിഞ്ഞാൽ പിന്നെ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളും തുറമുഖങ്ങളും മഹാരാഷ്ട്രയിലാണ്. അവയൊക്കെ കഴിഞ്ഞേ കേരളമുള്ളൂ. അതു തടയേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. അതു കേന്ദ്രം ചെയ്യണം.

ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന സ്വർണ്ണത്തിൽ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാൻ കൊണ്ടുവരുന്നതാണ്. അതല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗാണ്. മുമ്പ് ഇതിനുപുറമേ ഔദ്യോഗിക വിനിമയ നിരക്കും കമ്പോളത്തിലെ വിനിമയ നിരക്കും തമ്മിലുള്ള വ്യത്യാസത്തിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധാരണ പ്രവാസി വരെ ഹവാല വഴിയും പണം അയക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പരിഷ്കാരങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞ് കമ്പോളനിരക്കും ഔദ്യോഗിക നിരക്കും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് സ്വർണ്ണ കള്ളക്കടത്തലിന്റെ മുഖ്യലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലായി മാറിയത്.

വിദേശത്താണ് കള്ളപ്പണത്തിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാർഗ്ഗങ്ങളിലൂടെ നാട്ടിലേയ്ക്ക് കൊണ്ടുവരാനാകില്ലല്ലോ. അവിടെയാണ് സ്വർണ്ണത്തിന്റെ റോൾ. വിദേശത്തു ഡോളർ നൽകിയാൽ ആ വിലയ്ക്കുള്ള സ്വർണ്ണം കള്ളക്കടത്തുകാർ നാട്ടിൽ എത്തിച്ചുതരും. കള്ളപ്പണക്കാർ നല്ല മാർജിൻ കൊടുക്കാൻ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. ഇറക്കുമതി തീരുവ സമീപകാലത്ത് വർദ്ധിപ്പിച്ചതോടെ ആഭരണശാലകൾ വലിയ തോതിൽ സ്വർണ്ണം കള്ളക്കടത്തായി കൊണ്ടുവരാനും തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുമല്ലേ ഇതിന് ഒത്താശ ചെയ്യുന്നത്? ഒരു രേഖയുമില്ലാതെ രാജ്യത്തെവിടെയും കടത്തിക്കൊണ്ടുപോകാൻ കഴിയുന്ന കച്ചവടസാധനമാണ് സ്വർണ്ണമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

50000 രൂപയേക്കാൾ വിലയുള്ള ഏതു ചരക്ക് നീക്കം നടത്തണമെങ്കിലും ഇ-വേ ബിൽ വേണമെന്നാണ് ജിഎസ്ടി നിയമം. ആരിൽ നിന്നും ആർക്കുവേണ്ടിയാണ് ചരക്കെന്നും അതിന് വിലയെന്തെന്നും, നികുതി അടച്ചോ എന്നതും ഇ-വേ ബില്ലിൽ വ്യക്തമാക്കിയിരിക്കണം. പക്ഷെ, സ്വർണ്ണത്തിന് ഇതൊന്നും വേണ്ട. ആകെ വേണ്ടത് ഇന്ന വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ കാണിക്കാൻ കൊണ്ടുപോകുന്നതാണെന്നു സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാൽ മതി. കസ്റ്റംസിന്റെ കടമ്പ കഴിഞ്ഞാൽ കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാക്കുന്നത് ജിഎസ്ടി നിയമത്തിലെ പഴുതാണ്. ഒട്ടേറെ ചർച്ചയ്ക്കുശേഷം ഉണ്ടാക്കി വെച്ചത്.

തുടക്കം മുതലേ ഇതിനെ എതിർത്തുവരുന്ന സംസ്ഥാനം കേരളമാണെന്നകാര്യം പ്രധാനമന്ത്രിക്ക് അറിയാമോ? കേരളത്തിന്റെ നിലപാടിനെ നിശിതമായി ചെറുക്കുന്ന സമീപനമാണ് ഗുജറാത്ത്, യുപി സർക്കാരുകളുടെ നേതൃത്വത്തിൽ ബിജെപി സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ളത്. സ്വർണ്ണത്തിന്റെ നീക്കം പുറത്തറിഞ്ഞാൽ സുരക്ഷിതത്വ പ്രശ്നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം. ഒടുവിൽ ഒരു ഉപസമിതിയെ വച്ചു. ഞാൻ ആയിരുന്നു അതിന്റെ അധ്യക്ഷൻ. അവസാനം മഹാരാഷ്ട്രയുടെ മധ്യസ്ഥതയിൽ ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് സ്വർണ്ണത്തിന് ഇവേ-ബിൽ ഏർപ്പെടുത്താമെന്ന് കൗസിലിൽ ശുപാർശ ചെയ്യാൻ ധാരണയായി. എന്നാൽ ഇതുവരെ ഇത് നിയമമാക്കാൻ അനുവദിച്ചിട്ടില്ല.

സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ചൊക്കെ ഗീർവാണമടിക്കുന്നതിനുമുമ്പ് ജിഎസ്ടി നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്നു പ്രഖ്യാപിക്കൂ. തീവ്രവാദത്തിനല്ലാതെ കൊണ്ടുവരുന്ന സ്വർണ്ണക്കള്ളക്കടത്തിന്റെ മുഖ്യ ഇടപാടുകാർ ബിജെപി നേതാക്കളാണ്.



 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.