സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന രണ്ട് പ്രമുഖ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു ദിവസത്തെ കേരള സന്ദർശനം നടത്തിയത്. ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റിയും വാട്ടർ മെട്രോയും. ഇതിനോടൊപ്പം കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. മറ്റ് 17 സംസ്ഥാനങ്ങളിൽ ആരംഭിച്ചതിന് ശേഷമാണ് കേരളത്തിന് വന്ദേഭാരത് എക്സ്പ്രസ് അനുവദിച്ചത്. ആദ്യഘട്ടത്തിൽ കേരളത്തിന് വന്ദേഭാരത് ഇല്ല എന്നാണ് പറഞ്ഞത്. പിന്നീടാവും ലോകസഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓർത്തത്. ഏതായാലും വന്ദേഭാരത് വന്നത് നന്നായി. ഇനി അത് വേഗത്തിൽ ഓടിക്കാനുള്ള ട്രാക്കും കൂടി നിർമ്മിക്കണം.
റെയിൽവേ മേഖലയിൽ ഇപ്പോൾ പ്രഖ്യാപിച്ച വികസന പദ്ധതികൾ സ്വീകാര്യമാണെങ്കിലും കേരളത്തിന്റെ ചിരകാല ആവശ്യങ്ങളായ കോച്ച് ഫാക്ടറിയും റയിൽവേ സോണും റെയിൽവേ മെഡിക്കൽ കോളേജും നേമം യാർഡും പാത ഇരട്ടിപ്പിക്കലും പാത വൈദ്യുതീകരണവും പുതിയ ലൈനും ഉൾപ്പടെയുള്ള പദ്ധതികൾ ഇപ്പോഴും മരീചികയായി നിൽക്കുകയാണ്. മറ്റു രാജ്യങ്ങളിൽ റയിൽവെയുടെ കാര്യക്ഷമതയും വേഗതയും നാൾക്കുനാൾ വർധിക്കുമ്പോൾ ഇന്ത്യൻ റയിൽവെ പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ ട്രയിനുകൾ ഓടുന്ന ശരാശരി വേഗത കുറയുകയാണ് ഉണ്ടായത്. അന്ന് 30 മണിക്കൂർ കൊണ്ട് ഡൽഹിയിലേക്ക് ഓടിയെത്തുമായിരുന്ന തമിഴ്നാട് എക്സ്പ്രസ് ഇപ്പോൾ 34മണിക്കൂർ കൊണ്ടാണ് എത്തുന്നത്. കോറമണ്ഡൽ എക്സ്പ്രസ് ചെന്നൈയിൽ നിന്ന് കൽക്കത്തയിലേക്ക് 24 മണിക്കൂർ കൊണ്ട് എത്തിയിരുന്നു. ഇന്ന് അത് 28 മണിക്കൂർ കൊണ്ടാണ് എത്തിച്ചേരുന്നത്. പാതയുടെയും സിഗ്നലിംഗിന്റെയും സൗകര്യങ്ങളുടെയും കാര്യത്തിൽ ഇന്ത്യൻ റയിൽവെയ്ക്ക് കാലാനുസൃതമായി മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നല്ല, പിന്നോട്ട് പോകേണ്ടിവന്നു. നമുക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച മറ്റു പല രാജ്യങ്ങളും പതിറ്റാണ്ടുകൾക്ക് മുൻപ് ഇരുന്നൂറും മുന്നൂറും കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ ആരംഭിച്ചു. നമ്മൾ ഇപ്പോഴും 80 കിലോമീറ്ററിൽ താഴെ സ്പീഡിൽ ഓടുന്ന ട്രെയിനിനെ ആഘോഷിക്കുകയാണ്.
പ്രധാനമന്ത്രി ആയതിനു ശേഷം പത്രസമ്മേളനങ്ങൾ നടത്താതെയും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയും നടന്ന മോദി കേരളത്തിൽ എത്തി യുവാക്കളുമായി സംവാദം നടത്തുന്നു എന്നത് ഏറെ അതിശയത്തോടെയാണ് മലയാളികൾ കണ്ടത്. അതുകൊണ്ടുതന്നെ മോദിയോട് ചോദിക്കാൻ പാകത്തിൽ ഒരുപാട് ചോദ്യങ്ങൾ ജനങ്ങൾക്കുണ്ടായിരുന്നു. ആ ചോദ്യങ്ങൾ കരുതിവച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് വന്നുചേർന്ന യുവാക്കളിൽ ഒരാൾക്ക് പോലും ഒരുചോദ്യവും ചോദിക്കാൻ ആവാത്ത തരത്തിൽ പരിപാടി അവസാനിപ്പിച്ചു. സംവാദം എന്ന് കൊട്ടിഘോഷിച്ച കൊച്ചിയിലെ പരിപാടി മോദിയുടെ രാഷ്ട്രീയ പ്രസംഗം കൊണ്ട് കേവലം ഒരു സാധാരണ ബിജെപി പൊതുയോഗമായി ചുരുങ്ങി.
2016 നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായി ഇവിടെയെത്തി കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ നടത്തിയത് ബിജെപിക്ക് തന്നെ വിനയായിരുന്നു. സമാനമായ നിലയിൽ ഇപ്പോൾ മോദി നടത്തിയ പ്രസംഗത്തിൽ കേരളത്തിൽ യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന പ്രസ്താവനയും പരിഹാസ്യമായി മാറി.
പ്രതിവർഷം രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും എന്നുപറഞ്ഞ് അധികാരത്തിലെത്തിയ മോദി സർക്കാർ 2014-2022 വരെയുള്ള എട്ടുവർഷംകൊണ്ട് ആകെ നൽകിയത് 7ലക്ഷം തൊഴിലുകളാണ്. കേന്ദ്ര സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 10ലക്ഷം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. പുതുതായി ഒരു തസ്തികയും സൃഷ്ടിക്കുന്നില്ല എന്ന് മാത്രമല്ല നമ്മുടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സൈന്യത്തിൽ പോലും കരാർവൽക്കരണം ആണ് നടത്തുന്നത്. സുരക്ഷയുള്ള തൊഴിൽ നൽകുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ആകട്ടെ എല്ലാം വിറ്റുതുലയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
അതേസമയം കഴിഞ്ഞ ഏഴ് വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് പി എസ് സി വഴി നടത്തിയ നിയമനങ്ങൾ 2 ലക്ഷത്തിലധികമാണ്. പ്രതിവർഷം ശരാശരി 30000 പേർക്കാണ് ഇവിടെ പി എസ് സി വഴി നിയമനം നൽകിയത്. ഈ കാലയളവിൽ നാൽപ്പതിനായിരത്തോളം പുതിയ തസ്തികകളും സംസ്ഥാനത്ത് സൃഷ്ടിച്ചു. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുമ്പോൾ കേരളം അവയെ ഏറ്റെടുത്ത് ശക്തിപ്പെടുത്തുകയാണ്. ഈ വസ്തുതകൾ മറച്ചുപിടിച്ചാണ് പ്രധാനമന്ത്രി കേരളത്തെ കുറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണകൾ പറഞ്ഞത്. അതൊരു ബിജെപി നേതാവിന്റെ പ്രസ്താവന മാത്രമായി കണ്ട് പ്രബുദ്ധ കേരളം തള്ളിക്കളയും.
ആയിരക്കണക്കിന് കോടിയുടെ പ്രഖ്യാപനം നൽകി മോദി മടങ്ങുമ്പോൾ അവയെല്ലാം കഴിഞ്ഞകാലത്തെ പാഴ് വാക്കുകൾ പോലെ അനാഥമായി അവശേഷിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ കേരളസ്നേഹം ബി ജെ പി യുടെ ധൃതരാഷ്ട്രാലിംഗനമാണെന്ന് മനസിലാക്കാൻ മലയാളിക്ക് ശേഷിയുണ്ട്.