Skip to main content

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകൾക്ക് കേരള നിയമസഭ മാതൃക

കേരള നിയമസഭയുടെ നിയമനിര്‍മാണ രംഗത്തെ സംഭാവനകള്‍ ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്. പുരോഗമനപരവും വിപ്ലവാത്മകവുമായ അനേകം നിയമനിര്‍മാണങ്ങള്‍ക്ക് കേരള നിയമസഭ വേദിയായിട്ടുണ്ട്. പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്‍റെ സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ മണ്ഡലങ്ങളിലും ജനജീവിതത്തിലും ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഈ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങള്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ പോലും നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നത് നമുക്ക് അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്ന കാര്യമാണ്. സബ്ജക്ട് കമ്മിറ്റിയുടെ കാര്യമെടുത്താല്‍ പോലും കേരള നിയമസഭയാണ് ഇന്ത്യന്‍ പാര്‍ലമെന്‍റിനു തന്നെ മാതൃകയായത്. നിയമനിര്‍മാണ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും കേരള നിയമസഭ പാസ്സാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്ന കാര്യവും അനുമതി കാര്യത്തില്‍ അനിശ്ചിതമായ കാലതാമസം ഉണ്ടാകുന്ന കാര്യവും നമുക്ക് വിസ്മരിക്കാനാവില്ല.

കേരള നിയമസഭയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഐക്യകേരള പിറവിയെത്തുടര്‍ന്ന് 1957ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ രൂപപ്പെട്ട നിയമസഭയെക്കുറിച്ച് മാത്രം ആലോചിച്ചാല്‍ പേരാ. ചരിത്രം അതിനും എത്രയോ അപ്പുറത്തേക്ക് നീളുന്നു. ശ്രീമൂലം തിരുനാളിന്‍റെ കാലത്തെ ഉപദേശക സ്വഭാവത്തിലുള്ള ഒരു സമിതിയില്‍ നിന്ന് പൂര്‍ണ്ണാധികാരത്തോടെ നിയമം നിര്‍മിക്കുന്ന സഭയിലേക്ക് ചരിത്രം എത്തിയത് എത്രയോ സങ്കീര്‍ണമായ ഘട്ടങ്ങള്‍ കടന്നാണ്. അതുപോലെ സ്വത്തവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടവകാശം എന്നതായിരുന്നു പണ്ട് നില. അതുമാറി സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം എന്ന നിലയിലേക്ക് നമ്മള്‍ പുരോഗമിച്ചു. ജനാധിപത്യ വികാസത്തിന്‍റെ ചരിത്രമാണ് ഈ മാറ്റത്തിന്‍റെ കഥ പറയുന്നത്.

ആദ്യ സഭയ്ക്കുപോലും ചില സവിശേഷതകള്‍ ഉണ്ടായിരുന്നുവെന്നും ആ സവിശേഷതകള്‍ പില്‍ക്കാല ജനാധിപത്യസഭകള്‍ക്ക് മാതൃകയായിട്ടുണ്ട് എന്നതും മറന്നുകൂട. ബില്ല് പാസാക്കല്‍, സെലക്ട് കമ്മിറ്റി, നിരവധിയായ സിറ്റിങ്ങുകള്‍ എന്നിവ കൊണ്ട് ആധുനിക നിയമനിര്‍മാണ സഭയുടെ പല വശങ്ങളെയും അനുസ്മരിപ്പിക്കുന്നതായിരുന്നു ആ കൗണ്‍സില്‍. നിയമനിര്‍മാണ സഭകള്‍ സമ്മേളിക്കുന്ന ദിനങ്ങളുടെ എണ്ണം ചുരുങ്ങുന്ന പ്രവണതയുള്ള പുതിയ കാലത്ത് ആ കൗണ്‍സില്‍ 32 സിറ്റിങ് നടത്തി എന്നുള്ളത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്; ഇന്നും മാതൃകയാക്കാവുന്നതുമാണ്. ഉപസമിതികള്‍, സമ്മേളനം ചേരുന്ന ദിനങ്ങളുടെ എണ്ണം എന്നിവയില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്കു മാതൃകയായിരുന്നിട്ടുണ്ട് കേരളം എന്നതും എടുത്തുപറയണം.

കുമാരനാശാനെയും അയ്യങ്കാളിയെയും പോലെയുള്ളവരുടെ ഉജ്വലങ്ങളായ പ്രസംഗങ്ങള്‍ കൊണ്ടുകൂടിയാണ് ചരിത്രത്തില്‍ ശ്രീമൂലം പ്രജാസഭ അടയാളപ്പെട്ടു നില്‍ക്കുന്നത്. ആ പ്രസംഗങ്ങളാകട്ടെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള അതിശക്തങ്ങളായ മുറവിളികളായിരുന്നു താനും. ചരിത്രം കൃത്യമായും ആ വഴിക്കുതന്നെയായിരുന്നു സഞ്ചരിച്ചത്. ആ യാത്രയിലുള്ള കണ്ടെത്തലാണ് ഇന്നത്തെ രൂപത്തിലുള്ള കേരള നിയമസഭയും അതിന്‍റെ മന്ദിരവും.

ഭാഷാടിസ്ഥാനത്തില്‍ ഒരു സംസ്ഥാനമായി മാറിയശേഷം 1957 ഏപ്രില്‍ ആദ്യം നിലവില്‍ വന്ന ഒന്നാം കേരള നിയമസഭ അതുവരെ ആലോചിക്കാന്‍ കൂടി കഴിയാതിരുന്ന നിയമനിര്‍മാണത്തിന്‍റെ മഹത്തായ ഒരു ചരിത്രം കേരളത്തില്‍ സൃഷ്ടിച്ചു. ആ നിയമസഭയുടെ കാലത്തെ ഭൂപരിഷ്കരണ നിയമം കാര്‍ഷിക - ഭൂബന്ധ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്നത് തടയുന്നതിനും കുടിയാന്‍മാര്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്നതിനും കൈവശം വെയ്ക്കാവുന്ന ഭൂമിക്ക് പരിധി ഏര്‍പ്പെടുത്തുന്നതിനും പരിധിയില്‍ കവിഞ്ഞ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനും ഇതുമൂലം സാധിച്ചു. 1958ലെ കേരള എഡ്യൂക്കേഷന്‍ ആക്റ്റും വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കുതിക്കുന്ന കേരളത്തിന്‍റെ വികസന അജണ്ടകള്‍ ആവിഷ്കരിക്കുകയാണ് ഇപ്പോഴത്തെ നിയമസഭ അടിയന്തിരപ്രാധാന്യത്തോടെ ചെയ്തുകൊണ്ടിരിക്കുന്നത്. നവോത്ഥാന മൂല്യങ്ങളിലൂടെയും പുരോഗമനപരമായ ആശയങ്ങളിലൂടെയും നാം നേടിയെടുത്ത സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉന്നതിയും വ്യതിരിക്തതയും നിലനിര്‍ത്തേണ്ടതുണ്ട്. നിലവില്‍ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് നവകേരളം ഒരുക്കാന്‍വേണ്ട നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ കഴിയണം.

നമ്മുടെ ഫെഡറല്‍ സംവിധാനം പരിരക്ഷിക്കപ്പെടണം. സംസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇതിനൊക്ക ഉതകുംവിധം നമ്മുടെ നിയമനിര്‍മാണ സഭയെ, അതിന്‍റെ സ്വാതന്ത്ര്യത്തെ, പരമാധികാരത്തെ, ഒക്കെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ജനാധിപത്യവിശ്വാസികളായ എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടത്. പുതിയ ഭൗതിക സംവിധാനങ്ങള്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ കൂടിയ തോതില്‍ ഉയര്‍ത്താനും ജനക്ഷേമത്തിനും നാടിന്‍റെ വികസനത്തിനുമുള്ള കൂടുതല്‍ നിയമങ്ങള്‍ നിര്‍മ്മിക്കാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളുമായി നാം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ നമുക്കു സാധിക്കട്ടെ.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.