Skip to main content

ഒരേ നുണ ആവർത്തിച്ച് രമേശ് ചെന്നിത്തല കേരളീയ സമൂഹത്തെ പരിഹസിക്കുന്നു

ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായകമായി എന്ന കണക്കുകൾ പുറത്തു വന്നതോടെ പ്രതിപക്ഷം ഇതുവരെ പരത്തിയ നുണക്കഥകളുടെ ആയുസ്സൊടുങ്ങി. നേരത്തെ പറഞ്ഞു പൊളിഞ്ഞ ആരോപണങ്ങളും പൊതു മണ്ഡലത്തിൽ ലഭ്യമായ രേഖകളും പുതിയതാണ് എന്ന വ്യാജേന അവതരിപ്പിച്ച് പുകമറ പരത്താനാണ് ഇന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് ഈ പദ്ധതിക്കായി നൽകിയ കോണ്ട്രാക്റ്റുകളിൽ പങ്കുണ്ട് എന്ന ആരോപണം ഉന്നയിച്ച അന്നു മുതൽക്കേ അതിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വിടാൻ ആവശ്യപ്പെട്ടതാണ്. ആ വെല്ലുവിളി സ്വീകരിച്ച് തെളിവിന്റെയോ വസ്തുതയുടെയോ കണികയെങ്കിലും പുറത്തുവിടാൻ ചെന്നിത്തലയ്ക്കോ കൂട്ടർക്കോ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകിയില്ല എന്നാണ് പരിദേവനം. യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളങ്ങൾക്കെല്ലാം ആരെങ്കിലും മറുപടി നൽകണമെന്നു വാശി പിടിക്കുന്നതിൻ്റെ സാംഗത്യമെന്താണ്?

ഈ പദ്ധതിയിൽ കരാർ ലഭിക്കാതിരുന്ന കമ്പനികളിൽ ചിലതിന്റെ വക്കാലത്താണ് "വിവരാകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങൾ കെൽട്രോൺ മറുപടി നൽകിയില്ല" എന്ന ആരോപണം വീണ്ടും ഉന്നയിച്ച് അദ്ദേഹം ഏറ്റെടുക്കുന്നത്. ലഭിച്ച എല്ലാ ചോദ്യങ്ങൾക്കും കെൽട്രോൺ മറുപടി നൽകിയിട്ടുണ്ട് എന്നു മാത്രമല്ല, വിലവിവരങ്ങൾ നൽകാതിരിക്കുന്നതിൻ്റെ കാരണം കൃത്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിവരാകാശ നിയമത്തിലെ 8 (1) (d) പ്രകാരം കമ്പനിയുടെ, അതായത് കെൽട്രോണിൻ്റെ, മത്സരാധിഷ്ഠിത സ്ഥാനത്തിനു ഹാനി സൃഷ്ടിക്കാവുന്ന ചില വിവരങ്ങൾ അറിയിക്കാൻ നിർവാഹമില്ല എന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെൽട്രോൺ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്ന സ്ഥാപനമാണ്. അത് ജനങ്ങളുടെ സ്ഥാപനമാണ്. അതിൻ്റെ വ്യാപാരവുമായി ബന്ധപ്പെട്ടെ രഹസ്യാത്മക വിവരങ്ങൾ പുറത്തു വിടുന്നത് കമ്പനിയുമായി വ്യാപാരത്തിൽ മത്സരിക്കുന്ന മറ്റു കമ്പനികൾക്ക് ഒരു മത്സരത്തിൽ മുൻകൈ നൽകുന്ന അവസ്ഥയ്ക്ക് ഇടയാക്കും. അതൊഴിവാക്കുന്നതിനാണ് ആ വിവരങ്ങൾ ഒഴിവാക്കിയത് എന്ന് കെൽട്രോൺ വിശദീകരിച്ചിട്ടുണ്ട്. . അതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല എന്നു മാത്രമല്ല, കൃത്യമായി ആർ.ടി.ഐ ചട്ടങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിച്ചത് എന്നും കാണാം. മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ പോകാനുള്ള അവസരവുമുണ്ട്. എന്തെ മുന്നിലുള്ള അത്തരം സാധ്യതകൾ ചെന്നിത്തലയും കൂട്ടരും ഉപയോഗിക്കുന്നില്ല?

ഇതിനകം വ്യക്തമായ മറുപടികൾ വന്നിട്ടും അക്ഷര എൻ്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് ആവശ്യമായ പ്രവർത്തനപരിചയമില്ലെന്ന ആരോപണവും ചെന്നിത്തല ഈ വാർത്താ സമ്മേളനത്തിലും ആവർത്തിക്കുകയാണ്. കെൽട്രോൺ നൽകിയ വിശദീകരണം സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകുന്നതാണ്. ടെൻഡർ പ്രീ ക്വാളിഫിക്കേഷൻ ബിഡിൽ 4.2.2 ൽ 10 വര്ഷം കുറയാത്ത പ്രവർത്തന പരിചയം ആവശ്യമാണെന്ന് പറയുന്നുണ്ട്. ടെക്‌നിക്കൽ ബിഡ് ക്വാളിഫൈ ആയ അക്ഷര എന്റർപ്രൈസസ് ഇന്ത്യ Pvt Ltd രജിസ്റ്റർ ചെയ്തത് 2017 ൽ ആണ്. അങ്ങനെ ഒരു കമ്പനിക്ക് എങ്ങനെ 10 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകും എന്ന ലളിതമായ ചോദ്യമാണ് ആരോപണത്തിൻ്റെ കാതൽ. അക്ഷര എന്റർപ്രൈസസ് എന്ന പേരിൽ 2010 ൽ രജിസ്റ്റർ ചെയ്ത കമ്പനി 2017 ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൺവെർട് ചെയ്യുകയായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട കമ്പനീസ് ഓഫ് രെജിസ്ട്രാർ നൽകിയ രേഖ ടെൻഡർ ഡോക്യൂമെന്റിൽ ഉണ്ട് എന്നും ഉള്ള വാസ്തവം മുൻ പ്രതിപക്ഷ നേതാവ് കൗശലപൂർവ്വം മറച്ചു വെക്കുന്നു.

ഒരു ലക്ഷം രൂപയ്ക്ക് മാർക്കറ്റിൽ വിലയുള്ള ക്യാമറയ്ക്ക് 10 ലക്ഷം രൂപയാണ് ക്വോട്ട് ചെയ്തതെന്നും അതിനു കെൽട്രോൺ ടെണ്ടർ ഉറപ്പിക്കുകയും ചെയ്തതെന്നും വീണ്ടും വീണ്ടും പറയുന്നത് ഭരണ പരിചയമുള്ള ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല. വെറുമൊരു ക്യാമറ മാത്രമല്ലെന്നും നിരവധി ഘടകങ്ങൾ ചേരുന്ന ഒരു ക്യാമറ യൂണിറ്റാണെന്നുമുള്ള വസ്തുതയെ തമസ്കരിക്കുന്നു എന്നതാണ് ഈ ആരോപണത്തിലെ പ്രധാന കുതന്ത്രം. കേൾക്കുന്നവരിൽ "ഒരു ക്യാമറയ്ക്ക് മാത്രം ഇത്ര വിലയോ" എന്ന സംശയം ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഓപ്പൺ ടെണ്ടറാണ് വിളിച്ചത്. വില കുറച്ച് ഈ ക്യാമറ നൽകുന്ന കമ്പനികൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് അതിൽ പങ്കെടുത്ത് ടെണ്ടർ സ്വന്തമാക്കാമായിരുന്നു. അങ്ങനെയുണ്ടായില്ല. ഈ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ ക്യാമറ യൂണിറ്റുകൾ പത്തിലൊന്നു വിലയ്ക്ക് വിൽക്കുന്ന കമ്പനികൾ ഏതെന്നു പറയാൻ എന്തുകൊണ്ട് ചെന്നിത്തലയും കൂട്ടരും തയ്യാറാകുന്നില്ല?

പുതുതായെന്തോ പറയാനുണ്ടെന്ന് അവകാശപ്പെട്ടു വാർത്താ സമ്മേളനം സംഘടിപ്പീച്ച ചെന്നിത്തല ‘നേരത്തെ താൻ തന്നെ പുറത്തു വിട്ട രേഖയാണെന്നു’ പറഞ്ഞുകൊണ്ട് തന്നെ പൊളിഞ്ഞുപോയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുന്ന വിരോധാഭാസമാണ് അരങ്ങേറിയത്. ഈ സമ്മേളനത്തിലൂടെ അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം എന്തെങ്കിലും വിവരം ജനങ്ങൾക്ക് കൈമാറുക എന്നതായിരുന്നില്ല. മറിച്ച്, സർക്കാരിനെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായും ചെളിവാരിയെറിയുക എന്നത് മാത്രമായിരുന്നു. അങ്ങനെ ഉള്ള വില കുറഞ്ഞ അഴിമതി ആരോപണംകൊണ്ട് പരിക്കേൽക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്റേത് എന്ന് കഴിഞ്ഞ പതിറ്റാണ്ടുകളുടെ അനുഭവട്ടത്തിൽ നിന്ന് ചെന്നിത്തല പഠിച്ചില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ ആർക്കും കഴിയില്ല.

സംസ്ഥാനത്ത് പുതുതായി വരുന്ന ഏതു പദ്ധതിയെയും ദുരാരോപണങ്ങളും വിവാദവും സൃഷ്ടിച്ച് തകർക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന കണ്ണിയായി മുൻ പ്രതിപക്ഷ നേതാവ് മാറുന്നത് ദൗർഭാഗ്യകരമാണ്. ഒരു തെളിവുമില്ലാതെ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മുഖ്യമന്ത്രിയേയും ബന്ധുക്കളേയും വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ള തുടർച്ചയായ നീക്കം രണ്ടാംവട്ടവും ഭരണം നഷ്ടപ്പെട്ടതുകൊണ്ടുള്ള നൈരാശ്യത്തിൽ നിന്നുണ്ടാകുന്നതാണ്. ജനങ്ങൾ തിരസ്കരിച്ചതു കൊണ്ടാണ് ശ്രീ ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെട്ടത്. ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയെങ്കിലും അദ്ദേഹം തയാറാകണം.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.