ഇന്ത്യ ഒരു മതനിരപേക്ഷ റിപ്പബ്ലിക്കാണ്. മതനിരപേക്ഷതയാണ് അതിന്റെ ആണിക്കല്ല്. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽ കാട്ടിക്കൂട്ടിയ കാര്യങ്ങൾ ഇതുപോലുള്ള പൊതുവേദിയിൽ നടക്കാൻ പാടില്ലാത്തതാണ്. മതപരമായ ചടങ്ങുകളാണ് അവിടെ നടന്നത്. പാർലമെന്റ് മന്ദിര ഉദ്‌ഘാടന വേദി മതാധിഷ്‌ഠിതമാക്കി. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണത്. ഇന്ത്യൻ പ്രസിഡന്റിനെ ചടങ്ങിൽനിന്നും മാറ്റിനിർത്തിയത് ഇതുമായി ചേർത്തുവായിക്കണം.
ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ തന്നെ അതിന് ഭീഷണി ഉയർത്തുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജുഡീഷ്യറിയെ കാൽകീഴിലാക്കാൻ ശ്രമിച്ചു. സുപ്രീംകോടതിക്ക് പോലും അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നു. രാജ്യത്ത് പാർലമെന്റിന് പോലും യഥാർത്ഥ നിലയിൽ പ്രവർത്തിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ചു.
ആർഎസ്‌എസാണ് കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നത്. രാജ്യത്തെ മതാധിഷ്‌ഠിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള നടപടികളാണ് പാർലമെന്റിൽ കണ്ടത്. മതനിരപേക്ഷതയും രാക്ഷസീയതയും ഏറ്റുമുട്ടുമ്പോൾ നിഷ്‌പക്ഷരായിരിക്കാൻ പാടില്ല. അത് മതനിരപേക്ഷതയുടെ എതിർപക്ഷം ചേരുന്നതിന് തുല്യമാണ്. രാഷ്‌ട്രീയ പ്രവർത്തകരും മാധ്യമപ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും പൊതുസമൂഹമാകെയും ഇതിനെതിരെ രംഗത്തുവരണം.