Skip to main content

കമ്യുണിസ്റ്റുകാർ നേതൃത്വം നൽകുന്ന സർക്കാരിനെ ഒരു കാരണവുമില്ലാതെ ശിക്ഷിക്കുന്നതിനാണ് ആർഎസ്എസ് പ്രചാരകായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്

കേരളത്തിന്‌ കടമെടുക്കാവുന്ന വായ്‌പാപരിധിയിൽ വൻ വെട്ടിക്കുറവ്‌ വരുത്തിക്കൊണ്ട്‌ കേന്ദ്ര ധനമന്ത്രാലയം ഉത്തരവായി. ധന ഉത്തരവാദിത്വ നിയമമനുസരിച്ച്‌ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം വായ്‌പയെടുക്കാനുള്ള അനുവാദമുണ്ട്‌. വൈദ്യുതി പരിഷ്‌കാരങ്ങളുടെ പേരിൽ 0.5 ശതമാനവും അധിക വായ്‌പയെടുക്കാം. അതായത്‌ 38,000 കോടി രൂപയെങ്കിലും സംസ്ഥാനത്തിന്‌ വായ്പ‌യെടുക്കാം. എന്നാൽ, മൂന്നു ശതമാനമായ 33,420 കോടി രൂപ വായ്‌പയെടുക്കാൻ അനുവദിക്കുന്നതിനു പകരം 15,390 കോടി മാത്രമേ അനുവദിക്കാനാകൂ എന്നാണ്‌ കേന്ദ്രം തീട്ടൂരമിറക്കിയിരിക്കുന്നത്‌. അതായത്‌ 18,030 കോടിയാണ്‌ ഒരുവർഷം വെട്ടിക്കുറച്ചിരിക്കുന്നത്‌.

ഏകദേശം 54 ശതമാനത്തിന്റെ വെട്ടിക്കുറവാണ്‌ ഒറ്റയടിക്ക്‌ വരുത്തിയത്‌. കഴിഞ്ഞ സാമ്പത്തികവർഷവും ഇതേ ക്രൂരത തന്നെയാണ്‌ മോദി സർക്കാരിൽനിന്നും കേരളത്തിന്‌ നേരിടേണ്ടിവന്നത്‌. 32,437 കോടി രൂപ വായ്‌പയെടുക്കാമായിരുന്നിട്ടും 23,000 കോടി മാത്രമാണ്‌ അനുവദിച്ചത്‌. അതായത്‌ 9437 കോടിയുടെ കുറവ്‌. ഇക്കുറി അതിന്റെ ഇരട്ടിയാണ്‌ വെട്ടിക്കുറച്ചത്‌. രണ്ടു വർഷത്തിൽമാത്രം 27,467 കോടിയുടെ കുറവാണ്‌ വരുത്തിയിട്ടുള്ളത്‌. ഇതിനു പുറമെയാണ്‌ റവന്യു ഗ്രാന്റിലെ 8425 കോടിയുടെ കമ്മി. മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഗ്രാന്റ്‌ വിഹിതം വർധിപ്പിക്കുമ്പോൾ കേരളത്തിനുമാത്രം ഒമ്പതു ശതമാനത്തോളം കുറവുവരുത്തി.

പകപോക്കൽ നടപടി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. 10-ാം ധന കമീഷൻ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം തീരുമാനിച്ചപ്പോൾ കേരളത്തിന്‌ 3.87 ശതമാനമാണ്‌ അനുവദിച്ചിരുന്നത്‌. മോദിയുടെ കാലത്തുള്ള 15-ാം ധന കമീഷന്റെ കാലത്ത്‌ ഇത്‌ 1.92 ശതമാനമായി കുറച്ചു. ഇവിടെയും വിഹിതം നേർപകുതിയായി കുറച്ചിരിക്കുന്നു. കേരളം നന്നാകരുതെന്ന ആഗ്രഹത്തോടെയുള്ള പ്രതികാര നടപടിയല്ലാതെ മറ്റെന്താണ്‌ ഇത്‌?

സാധാരണനിലയിൽ കേന്ദ്രം വായ്‌പാപരിധി കുറയ്‌ക്കുമ്പോൾ അതിനുള്ള വ്യക്തമായ കാരണം പറയാറുണ്ട്‌. എന്നാൽ, ഇക്കുറി അതും ഉണ്ടായില്ല. ഇതിനർഥം ഒരുകാരണവും ആവശ്യമില്ലാതെ തന്നെ സിപിഐ എമ്മും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനത്തെ ശിക്ഷിക്കാമെന്നാണ്‌ മോദി കരുതുന്നത്‌. കാരണം മോദിയെ നയിക്കുന്ന ആർഎസ്‌എസിന്റെ കണ്ണിൽ മൂന്ന്‌ ആഭ്യന്തര ശത്രുക്കളാണുള്ളത്‌. അതിൽ ഒന്ന്‌ കമ്യൂണിസ്റ്റുകാരാണ്‌. അതിനാൽ കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന സർക്കാരിനെ ഒരു കാരണവുമില്ലാതെ ശിക്ഷിക്കാം. അതിനാണ്‌ ഇപ്പോൾ ആർഎസ്‌എസ്‌ പ്രചാരകായ ആദ്യ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. കേരളത്തിന്റെ താൽപ്പര്യങ്ങൾ എങ്ങനെ ഹനിക്കാമെന്ന്‌ ഉപദേശിക്കാനായി കേരളത്തിൽനിന്നും ഒരാളെ മോദി മന്ത്രിസഭയിലും എടുത്തിട്ടുണ്ട്‌. സ്വന്തം മന്ത്രാലയത്തിൽ എന്ത്‌ നടക്കുന്നുവെന്നുപോലും ഈ മന്ത്രിക്ക്‌ അറിയില്ലെങ്കിലും കേരളത്തിന്‌ അർഹമായത്‌ നിഷേധിക്കാൻ ഡൽഹിയിൽ ഈ മന്ത്രി വിയർക്കുന്നുണ്ട്‌. വായ്‌പാപരിധി വെട്ടിക്കുറച്ചപ്പോൾ ഈ മന്ത്രി നടത്തിയ പ്രതികരണംതന്നെ ഇതിന്‌ തെളിവാണ്‌.

കേരളത്തിനെതിരായ ഈ നീക്കത്തിനു പിന്നിൽ മറ്റു കാരണങ്ങളുമുണ്ട്‌. അതിലൊന്ന്‌ നവഉദാരവാദനയവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്‌. അധികാരം ലഭിച്ചതോടെ നവഉദാരവാദനയത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമായവരാണ്‌ മോദിയും കൂട്ടരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ 70 ശതമാനവും നടന്നത്‌ കഴിഞ്ഞ ഒമ്പതുവർഷക്കാലത്തെ മോദി ഭരണത്തിലാണ്‌.

ഈ നയത്തിന്‌ രാജ്യത്തുതന്നെ ഒരു ബദൽ ഉയർത്തിക്കാട്ടുന്ന സംസ്ഥാനം കേരളമാണ്‌. കേന്ദ്രം സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി ഉൾപ്പെടെ കേരളം ഏറ്റെടുക്കുകയും ലാഭകരമായി നടത്തുകയും ചെയ്യുന്നു. മാത്രമല്ല, കേരളത്തിലെ 60 ലക്ഷം പേർക്കെങ്കിലും പെൻഷനും ഉറപ്പുവരുത്തുന്നു. പെൻഷൻ മുടങ്ങാതിരിക്കാനായി ഒരു കമ്പനിക്കും രൂപംനൽകി. സഹകരണ സ്ഥാപനങ്ങളിൽനിന്നും കെഎസ്‌എഫ്‌ഇയിൽനിന്നും മറ്റും വായ്പ‌യെടുത്ത്‌ ഈ കമ്പനി പെൻഷൻ നൽകാനുള്ള ഫണ്ട്‌ ഉറപ്പുവരുത്തുകയും സംസ്ഥാന സർക്കാർ ഈ പണം കൃത്യമായി കമ്പനിക്ക്‌ നൽകുകയും ചെയ്യുന്നു. ഇപ്പോൾ ഈ കമ്പനി വായ്‌പയെടുത്ത 12,000 കോടി കൂടി സംസ്ഥാന വായ്‌പയായി കണക്കാക്കിയിട്ടായിരിക്കാം വായ്പാ‌പരിധി വെട്ടിക്കുറച്ചതെന്നു കരുതുന്നു. പെൻഷൻ കൃത്യമായി നൽകുന്നത്‌ തടയുകയാണ്‌ കേന്ദ്രലക്ഷ്യം. സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്ന പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന നടപടിയാണ്‌ ഇത്‌. മോദി സർക്കാരിന്റെ കോർപറേറ്റ്‌ സേവയ്‌ക്ക്‌ ജനപക്ഷ ബദലാണ്‌ കേരളത്തിലെ പിണറായി സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്‌. ഈ ബദൽ ദേശീയ മാതൃകയായി ഉയർത്തിക്കാട്ടപ്പെടരുതെന്ന നിർബന്ധം ബിജെപിക്കുണ്ട്‌. അതിനാൽ ഈ കേരള മാതൃക തകർത്താലേ ആ മേഖലയിലേക്ക്‌ അദാനിമാർക്കും അംബാനിമാർക്കും കടന്നുവരാൻ കഴിയൂ. അവർക്ക്‌ പാതയൊരുക്കാനാണ്‌ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌.

സർക്കാർ നേരിട്ട്‌ ഒരു വികസനപ്രവർത്തനവും നടത്താൻ പാടില്ലെന്നാണല്ലോ നവ ഉദാരവാദനയം പറയുന്നത്‌. കഴിഞ്ഞ ഏഴു വർഷത്തിനിടയ്‌ക്ക്‌ 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ കിഫ്‌ബി വഴി കേരളം നടത്തിയത്‌. ഈ സാമ്പത്തികവർഷം 25,000 കോടിയുടെ വികസനപ്രവർത്തനങ്ങളാണ്‌ ഇതുവഴി നടപ്പാക്കുന്നത്‌. ബജറ്റിന്‌ പുറത്ത്‌ കിഫ്‌ബി വഴി എടുക്കുന്ന വായ്‌പയും സംസ്ഥാന വായ്‌പാപരിധിയിൽ ഉൾപ്പെടുത്തിയാണ്‌ വായ്‌പാപരിധി കുറച്ചിട്ടുള്ളതെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. അതായത്‌ സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ തടയുക എന്നതാണ്‌ ലക്ഷ്യം.

സ്കൂളുകൾക്കും ആശുപത്രികൾക്കും റോഡുകൾക്കും പാലങ്ങൾക്കും സർക്കാർ പണം ഇറക്കിയാൽ ‘പാവം’ കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം കൊയ്യാൻ അവസരമില്ലാതാകും. അതിനാൽ കിഫ്‌ബിയെയും അതിനു നേതൃത്വം നൽകുന്ന പിണറായി സർക്കാരിനെയും സാമ്പത്തികമായി ശ്വാസംമുട്ടിച്ച്‌ ഈ മേഖലയാകെ കോർപറേറ്റുകൾക്ക്‌ കൈമാറാൻ നിർബന്ധിക്കുകയാണ്‌ മോദി സർക്കാർ. അതിന്‌ പൂർണ പിന്തുണയാണ്‌ കേരളത്തിലെ കോൺഗ്രസ്‌ ചെയ്യുന്നത്‌. വായ്പാ‌പരിധി വെട്ടിക്കുറച്ചപ്പോൾ അങ്ങനെയൊരു നടപടിയും കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്ന രീതിയിലാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും മറ്റും പ്രതികരണം. ഒരുവശത്ത്‌ കേരളം കടത്തിൽ മുങ്ങുകയാണെന്ന്‌ വിലപിക്കുകയും എന്നാൽ കേരളത്തെ കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുകെട്ടുമ്പോൾ അതിനെതിരെ മൗനംപാലിക്കുകയും ചെയ്യുന്നവർ ആഗ്രഹിക്കുന്നത്‌ കേരളത്തിന്റെ നാശമാണ്‌. പിണറായി സർക്കാരിന്റെ തകർച്ചയാണ്‌. ബിജെപിയും ആഗ്രഹിക്കുന്നത്‌ അതുതന്നെയാണ്‌. നവഉദാരവാദം വിജയിച്ചു കാണണമെന്നാണ്‌ ഇരു പാർടിയും ആഗ്രഹിക്കുന്നത്‌. അതിനുവേണ്ടിയാണ്‌ അവർ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കൈകോർക്കുന്നത്‌. കേന്ദ്രത്തിന്റെ നടപടിക്കെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടുക മാത്രമാണ്‌ മുന്നിലുള്ള വഴി. അതോടൊപ്പം ബിജെപിയെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ കോൺഗ്രസ്‌ നയത്തെ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കുകയും വേണം.

കൂടുതൽ ലേഖനങ്ങൾ

മഹത്തായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുന്നു

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു

സ. പിണറായി വിജയൻ

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയങ്കരനായ ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് സത്യൻ മൊകേരിയുടെ വിജയത്തിനായി വലിയ ജനാവലിയാണ് ഓരോ സമ്മേളന സ്ഥലങ്ങളിലേക്കും ഒഴുകിയെത്തിയത്.

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

സ. ടി പി രാമകൃഷ്‌ണൻ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌.