കേരളത്തോട് അനീതി കാണിക്കുന്ന കേന്ദ്രസാമ്പത്തിക നയം തിരുത്തണമെന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി ധനകാര്യ മന്ത്രി നിർമല സീതാരാമന് കത്തെഴുതി. നികുതി വരുമാന വിതരണത്തിൽ ധനകാര്യ കമീഷൻ വിഹിതം വെട്ടിക്കുറച്ചതിന്റെ ആഘാതം കേരളം നേരത്തെ തന്നെ നേരിട്ടിരുന്നു. പത്താം ധനകാര്യ കമ്മീഷൻ പ്രകാരം കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. പുതുക്കിയ മാനദണ്ഡമനുസരിച്ച് ഇത് 1.92 ശതമാനമായി കുറച്ചു. അഞ്ച് വർഷത്തേക്ക് കേരളത്തിന് അനുവദിച്ച തുക 1,63,920 കോടി രൂപയിൽ നിന്ന് 81,326 കോടി രൂപയായി കുറഞ്ഞു.
ഇതിനു പുറമെയാണ് നിലവിലെ 'ഫണ്ട് കട്ട്'. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി വെട്ടിക്കുറച്ചത് സാധാരണക്കാരുടെ ക്ഷേമത്തിന് അങ്ങേയറ്റം വിനാശകരമായ നീക്കമാണ്. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ ഫലമായി ഉയർന്ന ആയുർദൈർഘ്യമുള്ള ജനത ഉണ്ട്. ജീവിതശൈലി രോഗങ്ങളും കൂടുതലാണ്. കേന്ദ്രസർക്കാരിന്റെ കടുംവെട്ട് ഈ സേവനങ്ങൾ നൽകുന്നതിനെതിരായ ആക്രമണമാണ്. കിഫ്ബിയുടേത് കേരളസർക്കാരിന്റെ കടമായി കണക്കാക്കുമ്പോൾ ദേശീയ പാത അതോറിറ്റിയുടെ 3.49 ലക്ഷം കോടി രൂപയിലധികം കടം, കേന്ദ്ര സർക്കാരിന്റെ ബാധ്യതകളിൽ കാണിച്ചിട്ടില്ല.