Skip to main content

മതരാഷ്ട്ര അജൻഡകൾ സ്ഥാപിക്കപ്പെട്ടാൽ നഷ്ടമാകുന്നത് മാധ്യമസ്വാതന്ത്ര്യം ഉൾപ്പടെയുള്ള ജനാധിപത്യപരമായ ജീവിത സാഹചര്യങ്ങൾ

വർത്തമാനകാല സംഭവഗതികളെ വിശകലനം ചെയ്യുന്നതിന് മുൻകാലത്ത് നടന്ന സമാനമായ സംഭവങ്ങളെക്കൂടി പരിശോധിക്കുന്നത് ശരിയായ വിശകലനത്തിന് സഹായകമാകുന്നതാണ്. ഇന്ത്യയിലെ സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന ആര്യൻവംശ മേധാവിത്വത്തിനും ന്യൂനപക്ഷ പീഡനത്തിനും ഹിറ്റ്‌ലറുമായി കടപ്പാടുള്ള സാഹചര്യത്തിൽ ഈ പരിശോധനയ്ക്ക് ഏറെ പ്രസക്തിയുണ്ട്. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രൂപമാണല്ലോ മുഞ്ചെയിലൂടെ ആർഎസ്എസ് സ്വീകരിച്ചത് എന്നതും ഇവിടെ പ്രസക്തമാണ്. സമാനതകൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. മാധ്യമ ഇടപെടലുൾപ്പെടെ ഇത് കാണാവുന്നതാണ്.
ഹിറ്റ്‌ലറെ അധികാരത്തിലെത്തിക്കുന്നതിന് ജനമനസ്സുകളെ രൂപപ്പെടുത്താൻ ജർമനിയിലെ കോർപറേറ്റ് സ്ഥാപനങ്ങളും അവർ നിയന്ത്രിക്കുന്ന മാധ്യമങ്ങളും സുപ്രധാനമായ പങ്കാണ് വഹിച്ചത്. ജർമൻ കോർപറേറ്റ് സ്ഥാപനമായ ക്രൂപ്പ് കമ്പനിയുടെ ഡയറക്ടറായിരുന്ന അൽഫ്രഡ് ഹുഗൈൻ ബർഗിന്റെ ഇടപെടൽ ഇതിൽ എടുത്തുപറയാവുന്നതാണ്. ഇവരുടെ കീഴിലുണ്ടായിരുന്ന പത്രസ്ഥാപനങ്ങളും വാർത്താ ഏജൻസികളും ഹിറ്റ്‌ലറുടെ പ്രചാരവേല ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി മാധ്യമങ്ങൾ ഫാസിസ്റ്റ് ശക്തികളുടെ കുഴലൂത്തുകാരായി മാറുകയായിരുന്നു.

ഹിറ്റ്‌ലറുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഗീബൽസായിരുന്നു. നുണ ആവർത്തിക്കുക മാത്രമല്ല, അവ പെരുംനുണയായിരിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അത്തരം നുണകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ജർമൻ പാർലമെന്റ് കമ്യൂണിസ്റ്റുകാർ കത്തിച്ചുവെന്നത്. ഇങ്ങനെ കോർപറേറ്റ് മാധ്യമങ്ങളായിരുന്നു ഫാസിസ്റ്റ് ശക്തികളുടെ രൂപീകരണത്തിന് പ്രചാരണ സംവിധാനം ഒരുക്കിയത്. ഹിറ്റ്‌ലറുടെ നയങ്ങളെ വിമർശിക്കുകയും ജനങ്ങളുടെ പക്ഷത്തുനിന്ന്‌ ശബ്ദമുയർത്തുകയും ചെയ്യുന്ന മാധ്യമങ്ങളെ അവർ ഉൻമൂലനംചെയ്തു.

ജർമനിയിലെ ഹിറ്റ്‌ലറുടെ വളർച്ചയും നരേന്ദ്ര മോദിയുടെ ഹിന്ദുത്വ കുതിപ്പും താരതമ്യപ്പെടുത്തുമ്പോൾ അത്ഭുതകരമായ സമാനതയിലേക്കാണ് നാം എത്തിച്ചേരുക. ഗുജറാത്ത് വംശഹത്യയുടെ ഘട്ടത്തിൽ ലോകം മുഴുവൻ വെറുക്കപ്പെട്ട വ്യക്തിയായിരുന്നു നരേന്ദ്ര മോദി. മറ്റ് രാഷ്ട്രങ്ങൾ വിസ പോലും നൽകിയിരുന്നില്ല. എ ബി വാജ്പേയിക്കുപോലും ഇദ്ദേഹത്തെ തള്ളിപ്പറയേണ്ട സ്ഥിതിയുണ്ടായി.

ലോകം ഇത്തരത്തിൽ വെറുത്ത മോദി പിന്നീട് വികസന നായകനായി ഉയർന്നുവന്നു. ഇതിനു പശ്ചാത്തലമായത് 2011ലും 2013ലും വൈബ്രന്റ് ഗുജറാത്ത് എന്ന പേരിൽ ഗുജറാത്തിൽ നടന്ന നിക്ഷേപ സമാഹരണ പരിപാടിയായിരുന്നു. ഇന്ത്യയിലെ സർവ കുത്തകകൾക്കുമൊപ്പം ഇന്തോ– -അമേരിക്കൻ ബിസിനസ് കൗൺസിൽ അധ്യക്ഷനായ റോൺ സമേഴ് സും അതിൽ പങ്കെടുത്തു. ഇവരുടെ പിആർ സംവിധാനമുപയോഗിച്ച് മോദിയെ വികസന നായകനായി ഉയർത്തിക്കൊണ്ടുവന്നു. മോദിയാകട്ടെ സർക്കാരിന്റെ ആസ്തികൾ കോർപറേറ്റുകൾക്ക് തീറെഴുതി ചങ്ങാത്ത മുതലാളിത്തത്തിന്റെ പുതിയ അധ്യായം കുറിക്കുകയായിരുന്നു.

കോൺഗ്രസ് നടപ്പാക്കിയ ആഗോളവൽക്കരണ നയങ്ങൾ ജനങ്ങളുടെ ജീവിതം അക്കാലത്ത് അതീവ ദുഷ്കരമാക്കിത്തീർത്തു. ഇത് കോൺഗ്രസിനെ ദുർബലപ്പെടുത്തി. ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണയോടെ മൂന്നാമത് രാഷ്ട്രീയ ശക്തികൾ രാജ്യത്ത് അധികാരത്തിലെത്തുന്ന സ്ഥിതിയുണ്ടായി. മണ്ഡൽ കമീഷൻ റിപ്പോർട്ട് ഉയർത്തിവിട്ട സാമൂഹ്യനീതിയുടെ അന്തരീക്ഷത്തിലും കൂടിയായിരുന്നു അത് . ഈ സാഹചര്യത്തിലാണ് കോർപറേറ്റുകളും ഹിന്ദുത്വ ശക്തികളും കൂട്ടുകെട്ടുണ്ടാക്കിയത്. ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ട കോൺഗ്രസിലൂടെ തങ്ങളുടെ താൽപ്പര്യം നടപ്പാക്കാനാകില്ലെന്നതിന്റെ കൂടുമാറ്റം കൂടിയായിരുന്നു ഇത്.

ഒന്നാം ലോക യുദ്ധം വമ്പിച്ച സാമ്പത്തികപ്രതിസന്ധി ജർമനിയിൽ സൃഷ്ടിച്ചു. ഈ ഘട്ടത്തിൽ തങ്ങളുടെ അജൻഡ നടപ്പാക്കാൻ അക്കാലത്തെ കോർപറേറ്റുകൾ നടത്തിയ പ്രവർത്തനങ്ങളുടെ തനിയാവർത്തനമാണ് നമ്മുടെ രാജ്യത്തും നടന്നത്. ജർമനിയിലെ കോർപറേറ്റ്– -ആര്യവൽക്കരണ കൂട്ടുകെട്ടിന് സമാനമായി ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ട് നമ്മുടെ രാജ്യത്തും സാമ്പത്തികപ്രതിസന്ധിയുടെ ഇടയിൽ രൂപപ്പെട്ടുവന്നു. സ്വതന്ത്ര കമ്പോളത്തെ നേരത്തേതന്നെ പിന്തുണയ്ക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിനാവശ്യമില്ലെന്നും സ്വാതന്ത്ര്യം കിട്ടിയ ഘട്ടത്തിൽത്തന്നെ ജനസംഘം പ്രഖ്യാപിച്ചിരുന്നു. ഇത്തരക്കാരിൽ തങ്ങളുടെ രക്ഷകനെ കണ്ടെത്തുക കൂടിയാണ് കോർപറേറ്റുകൾ ചെയ്തത്. ഇവരുടെ കൈകളിലുള്ള മാധ്യമങ്ങൾ സംഘപരിവാറിന്റെ കുഴലൂത്തുകാരായി മാറിയത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയിൽ അംബാനിയുടെ കൈയിൽ 27 ന്യൂസ് ചാനലുണ്ട്, സുഭാഷ് ചന്ദ്രയുടെ കൈയിൽ 15 ന്യൂസ് ചാനലുണ്ട്, ഗൗതം അദാനിയുടെ കൈയിൽ 11 ന്യൂസ് ചാനലുണ്ട്. ഇവയെല്ലാം മോദിയുടെ കുഴലൂത്തുകാരായി മാറി.

ഗീബൽസിയൻ പെരുംനുണകളും ഒപ്പം പെയ്തിറങ്ങി. അമിത് ഷാ കേരളത്തിൽ വന്നപ്പോഴും പെരുംനുണകൾ പ്രചരിപ്പിക്കാനാണ് തങ്ങളുടെ മാധ്യമപ്രവർത്തകരോടും പറഞ്ഞത്. മുലായം സിങ്‌ യാദവിനെ അഖിലേഷ് യാദവ് മർദിച്ചുവെന്ന പെരുംനുണയിലാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് വിജയിച്ചതെന്നും അദ്ദേഹം സംഘപരിവാറുകാരെ ഓർമിപ്പിച്ചു. ദേവസ്വം ബോർഡിന്റെ പണം സർക്കാർ എടുക്കുകയാണെന്നും ഗുരുവായൂർ ദേവസ്വത്തിൽ ക്രിസ്ത്യാനികളാണ് ജോലിക്കാരെന്ന പ്രചാരണവും ഉയർന്നുവന്നിരുന്നുവല്ലോ. ഗീബൽസിന്റെ പാഠങ്ങൾ ഇത്തരത്തിൽ വിവിധ രൂപങ്ങളിൽ ഇവിടെയും ആവർത്തിക്കപ്പെടുകയായിരുന്നു. മാധ്യമങ്ങളുമായി സംവദിക്കാൻപോലും തയ്യാറാകാത്ത മോദിയെ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രതീകമായി ഉയർത്തിക്കൊണ്ടുവന്നത് ഇത്തരം അജൻഡകളുടെ ഭാഗമായാണ്.

എതിർക്കുന്ന മാധ്യമങ്ങളെ തകർക്കുകയെന്ന ഹിറ്റ്‌ലറുടെ രീതി ഇവിടെയും പ്രാവർത്തികമാക്കി. കോവിഡ് കാലത്ത് ഗംഗാ നദിയിലെ മൃതദേഹങ്ങളുടെ ചിത്രം പ്രസിദ്ധീകരിച്ച പത്രത്തിന് കേന്ദ്ര ഏജൻസിയുടെ റെയ്ഡിലൂടെ 50 കോടി രൂപയാണ് പിഴ ചുമത്തിയത്. മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ മാനേജ്മെന്റിൽ സമ്മർദം ചെലുത്തി ആ വാരികയുടെ പത്രാധിപരായ റൂബിൻ ബാനർജിയെ സ്ഥാപനത്തിൽനിന്ന്‌ പുറത്താക്കി. സമൂഹമാധ്യമത്തിലെ സംഘപരിവാർ നുണകൾ പൊളിച്ചടുക്കിയ ആൾട്ട്‌ ന്യൂസ് നടത്തിയ മുഹമ്മദ് സുബൈറിനെ ജയിലിലടച്ചു. കലബുർഗിയും ഗൗരിലങ്കേഷിനെയും പോലുള്ളവർക്ക് നഷ്ടമായത് സ്വന്തം ജീവൻതന്നെയാണ്.

മലയാളത്തിലെ നിഷ്പക്ഷ മാധ്യമങ്ങളെന്ന് അഭിമാനിക്കുന്ന പലരും കോർപറേറ്റ്–ഹിന്ദുത്വ–അമിതാധികാര അജൻഡകളുടെ കുഴലൂത്തുകാരായി മാറുകയാണ്. ദേശീയ സ്വാതന്ത്ര്യത്തിന്റെ പാരമ്പര്യമുള്ള പത്രം കോഴിക്കോട് സ്ഥാപിക്കുന്നതിൽ സഹായകമായ നിലപാടുകളെടുത്തതിൽ മുഹമ്മദ് അബ്ദുറഹിമാൻ കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ കോഴിക്കോട് സ്മാരകം ഉയർന്നുവന്നപ്പോൾ ഹിന്ദുത്വവാദികളുടെ വാദങ്ങൾ നിരത്തുന്നതിന് മുൻപന്തിയിൽ നിന്നത് ഈ പത്രം തന്നെയായിരുന്നു.

ഇന്ത്യൻ മതനിരപേക്ഷതയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും ചരിത്രത്തിൽ വീണ തിരിച്ചടിയായിരുന്നു പാർലമെന്റിലെ ചെങ്കോൽ സ്ഥാപനം. രാജാധികാരത്തെ വകഞ്ഞുമാറ്റിയും അവരുമായി സന്ധിയുണ്ടാക്കിയ ബ്രിട്ടീഷുകാരെ പുറന്തള്ളിയുമാണ് ആധുനിക ജനാധിപത്യത്തിലേക്ക് ഇന്ത്യ കാലെടുത്തുവച്ചത്. എന്നാൽ, ഈ ചരിത്രത്തെയാകെ നിഷേധിച്ചുകൊണ്ടാണ് പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നത്. പുരാവസ്തുക്കളുടെ കൂട്ടത്തിൽനിന്ന് തേടിപ്പിടിച്ചാണ് ആധുനിക ജനാധിപത്യത്തിനു മുകളിൽ ഇതിനെ പ്രതിഷ്ഠിച്ചത്. ആധുനിക ജനാധിപത്യത്തേക്കാൾ ഭേദം രാജവാഴ്ചയായിരുന്നുവെന്ന വിചാരധാരക്കാരന്റെ സിദ്ധാന്തമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്.

സ്വാതന്ത്ര്യ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയെല്ലാം ഒറ്റ ദിവസംകൊണ്ട് റദ്ദ് ചെയ്യുന്ന ഈ നടപടിയെ ‘ഇതല്ല ഇന്ത്യ ’എന്ന തലക്കെട്ടോടെയാണ്‌ ദേശാഭിമാനി അപലപിച്ചത്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം വലിയ സമർപ്പണമായാണ് ഇതിനെ കണ്ടത്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിൽ വളർന്ന പത്രമാകട്ടെ ഇനി പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെത്തന്നെയാണ് തലക്കെട്ടാക്കിയത്. ടെലഗ്രാഫ് പത്രം ബി സി 2023 എന്ന തലക്കെട്ട് നൽകി രാജ്യത്തിന്റെ പിന്നോട്ടടിയെ തുറന്നുകാട്ടി. കേരളത്തിലെ സ്വതന്ത്ര പത്രങ്ങളെന്ന് അവകാശപ്പെട്ടവർ ഈ ഹിന്ദുത്വ മുദ്രാവാക്യത്തിന്റെ കുഴലൂത്തുകാരായി മാറുകയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തുയർന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്താനാണ് ബ്രിട്ടീഷുകാർ വർഗീയതയെ പടച്ചുവിട്ടത്. കോർപറേറ്റ് അനുകൂല നയങ്ങൾ രാജ്യത്ത് രൂപപ്പെടുമ്പോൾ അതിനെതിരെയുള്ള പ്രതിഷേധങ്ങളെ ദുർബലപ്പെടുത്തി അവർക്ക് പരവതാനിയൊരുക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയം ചെയ്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായ ഒരു സാമൂഹ്യക്രമം നിലനിന്നെങ്കിൽ മാത്രമേ മാധ്യമസ്വാതന്ത്ര്യവും നിലനിൽക്കുകയുള്ളൂ. അതിനുപകരം മതരാഷ്ട്ര അജൻഡകൾ സ്ഥാപിക്കപ്പെട്ടാൽ നഷ്ടമാകുന്നത് മാധ്യമസ്വാതന്ത്ര്യമുൾപ്പെടെയുള്ള ജനാധിപത്യപരമായ ജീവിത സാഹചര്യങ്ങളാണ്. സ്വദേശാഭിമാനിയുടെ നാട്ടിലെ സ്വതന്ത്ര പത്രക്കാർ ഈ ബോധത്തിലേക്ക് എപ്പോഴാണ് എത്തിച്ചേരുക.

 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.