Skip to main content

വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് മതധ്രുവീകരണം ശക്തിപ്പെടുത്താനാണ്‌ ആർഎസ്‌എസ്‌ - ബിജെപി നേതൃത്വം ശ്രമിക്കുന്നത്‌

അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുക പ്രയാസമാകുമെന്ന്‌ നരേന്ദ്ര മോദിക്കും ബിജെപിക്കും ദിനം കഴിയുംതോറും ബോധ്യപ്പെട്ടുവരികയാണ്‌. കഴിഞ്ഞ രണ്ടു മൂന്ന്‌ മാസത്തിനുള്ളിലുണ്ടായ സംഭവങ്ങൾ അതാണ്‌ ബോധ്യപ്പെടുത്തുന്നത്‌. പുൽവാമ സംബന്ധിച്ച്‌ മുൻ ഗവർണറും ബിജെപിയുടെ ദേശീയ ഭാരവാഹിയുമായ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ തുടങ്ങി അവസാനം സർക്കാരിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ തടഞ്ഞില്ലെങ്കിൽ ട്വിറ്റർ പൂട്ടിക്കുമെന്ന്‌ മോദി സർക്കാർ ഭീഷണിപ്പെടുത്തിയെന്ന വാർത്തവരെ സൂചിപ്പിക്കുന്നത്‌ മോദിക്ക്‌ വിജയം എളുപ്പമല്ലെന്നാണ്‌. ഗുസ്‌തി താരങ്ങളുടെ സമരം കുറച്ചൊന്നുമല്ല മോദി സർക്കാരിന്റെ പ്രതിച്ഛായ തകർത്തത്‌. കർണാടകത്തിൽ ദയനീയമായി തോറ്റത്‌ ബിജെപിയുടെ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിൽ വിള്ളൽ വീഴ്‌ത്തിയിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ അടുത്ത തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള മതധ്രുവീകരണത്തിന്‌ ബിജെപി ശ്രമിക്കുമെന്ന്‌ പല രാഷ്ട്രീയ നിരീക്ഷകരും നേതാക്കളും വിലയിരുത്തുകയുണ്ടായി. അത്‌ അക്ഷരംപ്രതി ശരിവയ്‌ക്കുന്ന സംഭവങ്ങളാണ്‌ രാജ്യത്തെങ്ങും അരങ്ങേറുന്നത്‌. ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും ബിഹാറിലും വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ചുള്ള മതധ്രുവീകരണം ശക്തിപ്പെടുത്താനാണ്‌ ആർഎസ്‌എസ്‌, ബിജെപി നേതൃത്വം ശ്രമിക്കുന്നത്‌.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇതല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന നിഗമനത്തിൽ ആർഎസ്‌എസും ബിജെപിയും എത്തിയിരിക്കുന്നുവെന്നതിന്റെ പ്രഖ്യാപനംകൂടിയാണ്‌ ഹിന്ദുത്വ ശക്തികൾ ബോധപൂർവം സൃഷ്ടിക്കുന്ന ഈ വർഗീയ സംഘർഷങ്ങൾ. മോദിയുടെ പ്രതിച്ഛായകൊണ്ടുമാത്രം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ജയിക്കാൻ കഴിയില്ലെന്ന്‌ കഴിഞ്ഞ ദിവസം ആർഎസ്‌എസ്‌ മുഖവാരികയായ ഓർഗനൈസർ ഓർമിപ്പിച്ചത്‌ പുതിയ തന്ത്രങ്ങൾ ആവശ്യമാണെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്‌. അതായത്‌ ആർഎസ്‌എസും ബിജെപിയും ആലോചിച്ച്‌ ഉറപ്പിച്ചാണ്‌ വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നതെന്നു വേണം കരുതാൻ. ഉത്തർപ്രദേശിലെ മുസഫർനഗറിലേതുപോലെ വലിയ വർഗീയ സംഘർഷങ്ങൾക്കു പകരം ചെറിയതോതിലുള്ള വർഗീയ സംഘർഷങ്ങൾ വ്യാപകമാക്കി ജനസമൂഹത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ച്‌ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമങ്ങളാണ്‌ ബിജെപി നടത്തുന്നത്‌.

ഉത്തരാഖണ്ഡിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി നടക്കുന്ന സംഭവങ്ങൾ ഇന്ത്യൻ ഭരണഘടനയ്‌ക്കും അതിലടങ്ങിയ മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങൾക്കും എതിരായ കാര്യങ്ങളാണ്‌. പതിനാലുകാരിയായ ഒരു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽനിന്നാണ്‌ തുടക്കം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന്‌ ആരോപിക്കുന്ന പുരോലയിലെ വ്യാപാരിയായ ഉബൈദ്‌ഖാനും ജിതേന്ദ്ര സൈനിയെന്ന മോട്ടോർ സൈക്കിൾ മെക്കാനിക്കും അറസ്റ്റിലായി. ഈ സംഭവത്തെ ‘ലൗജിഹാദായി’ ചിത്രീകരിച്ചാണ്‌ പുരോലയിലെ സംഘപരിവാർ ശക്തികൾ മുസ്ലിങ്ങളെ വേട്ടയാടാൻ ആരംഭിച്ചത്‌. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ട്‌ ചെറുപ്പക്കാരിൽ ഒരാൾ ഹിന്ദുവായിട്ടും അത്‌ ‘ലൗജിഹാദ്‌’ ഗണത്തിൽപ്പെടുത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ്‌ സംഘപരിവാർ.

തലസ്ഥാനമായ ഡെറാഡൂണിൽനിന്ന്‌ 140 കിലോമീറ്റർ അകലെ ഉത്തരകാശിക്കടുത്തുള്ള ചെറുനഗരമാണ്‌ പുരോല. 5000 പേർ മാത്രം വസിക്കുന്ന നഗരപഞ്ചായത്താണിത്‌. ഇവിടെ 650‐700 നടുത്ത്‌ ചെറുതും വലുതുമായ കടകളുണ്ട്‌. അതിൽ 45 എണ്ണം മാത്രമാണ്‌ മുസ്ലിങ്ങളുടേത്‌. 200ൽ താഴെ മുസ്ലിങ്ങൾ മാത്രമാണ്‌ ഇവിടെയുള്ളത്‌. അവരെ ഒഴിപ്പിക്കാനാണ്‌ ഇപ്പോൾ ശ്രമം നടക്കുന്നത്‌. അമ്പതിലധികം വർഷമായി താമസിക്കുന്നവരാണ്‌ ഇതിൽ ഭൂരിപക്ഷവും. ഈ മാസം പതിനഞ്ചിനകം എല്ലാ മുസ്ലിം കടക്കാർക്കും ഒഴിഞ്ഞുപോകാൻ ‘ദേവ്‌ഭൂമി രക്ഷാ അഭിയാൻ’ എന്ന ഹിന്ദുത്വ സംഘടന നോട്ടീസ്‌ നൽകിയിരിക്കുകയാണ്‌. 42 കടക്കാർ ഇതിനകംതന്നെ ഒഴിഞ്ഞു. ഏഴു പേർ എല്ലാം കെട്ടിപ്പെറുക്കി പുരോല നഗരത്തോട്‌ വിടപറഞ്ഞുവെന്നാണ്‌ മാധ്യമവാർത്തകൾ. മറ്റുള്ളവർ ഡെറാഡൂണിലെയും സമീപനഗരങ്ങളിലെയും ബന്ധുക്കളുടെ വീട്ടിൽ ഭയന്ന്‌ കഴിയുകയാണ്‌. മുസ്ലിം കടകൾക്ക്‌ കറുത്ത വരകൊണ്ട്‌ അടയാളം വയ്‌ക്കുകയും അവ തിരഞ്ഞുപിടിച്ച്‌ നശിപ്പിക്കുകയും ചെയ്‌തുവരുന്നതായും റിപ്പോർട്ടുകളുണ്ട്‌. ‘മുസ്ലിങ്ങളില്ലാത്ത ഉത്തരാഖണ്ഡ്‌’ എന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമാണ്‌ സംഘപരിവാർ ഇവിടെ ഉയർത്തുന്നത്‌. ‘ലൗജിഹാദിനെ ‘വ്യാപാർ ജിഹാദാ’യി വളർത്തുകയാണ്‌ ഇവിടെ. വ്യാപാരരംഗത്ത്‌ ഇനി ഹിന്ദുക്കൾമാത്രം മതി, മുസ്ലിങ്ങളോ ഇതരമതസ്ഥരോ വേണ്ട എന്നമട്ടിൽ ഇന്ത്യയെന്ന ആശയത്തെതന്നെ തകർക്കുന്ന മുദ്രാവാക്യമാണ്‌ ഉത്തരാഖണ്ഡിൽനിന്ന്‌ ഉയരുന്നത്‌.

ബിജെപിയുമായി ഒട്ടിനിന്നാൽ ഇതരമതസ്ഥർക്ക്‌ സംഘപരിവാർ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ കഴിയുമെന്ന്‌ ആരും കരുതേണ്ടതില്ലെന്ന സന്ദേശവും ഉത്തരാഖണ്ഡ്‌ നൽകുന്നുണ്ട്‌. 2017ൽ ബിജെപി അധികാരത്തിൽവന്ന വർഷമാണ്‌ പുരോലയിലെ വസ്‌ത്രവ്യാപാരിയായ സാഹിദ്‌ മലിക്ക്‌ ബിജെപിയിൽ ചേർന്നത്‌. ബിജെപി ന്യൂനപക്ഷ മോർച്ചയുടെ നേതാവുമായി. എന്നാൽ, മുസ്ലിം കച്ചവടക്കാരെ ഒഴിപ്പിക്കാൻ സംഘപരിവാർ തീരുമാനിച്ചപ്പോൾ സാഹിദ്‌ മലിക്കിനും കടയടച്ച്‌ ജീവൻ രക്ഷിക്കാനായി പുരോല വിടേണ്ടിവന്നു. മണിപ്പുരിൽ ക്രിസ്‌ത്യാനിയായ ബിജെപി മന്ത്രിയുടെയും എംഎൽഎമാരുടെയും വീടുകളടക്കം സംഘപരിവാർ സംഘടനയിൽപ്പെട്ടവർ കത്തിക്കുകയുണ്ടായി. ഇത്‌ ബിജെപിയുമായി അടുക്കാൻ വെമ്പൽകൊള്ളുന്ന കേരളത്തിലടക്കമുള്ളവർക്ക്‌ ഒരു പാഠമാകേണ്ടതാണ്‌.

‘ലൗജിഹാദ്‌’ കേസിൽ പ്രതികളെ പിടിക്കാൻ ജാഗ്രത കാട്ടിയ പൊലീസ്‌, മുസ്ലിങ്ങൾക്കെതിരെ പരസ്യമായി നടക്കുന്ന ആക്രമണാഹ്വാനങ്ങളെ കണ്ടതായി നടിക്കുന്നില്ല. ‘ലൗജിഹാദും’ ‘വ്യാപാർ ജിഹാദും’ മാത്രമല്ല ‘മസാർ ജിഹാദും’(അഥവാ ലാൻഡ്‌ ജിഹാദ്‌) ഉത്തരാഖണ്ഡിൽ തലപൊക്കിയിട്ടുണ്ട്‌. ‌‌‌അനധികൃത ഭൂമിയിലാണ്‌ മസാറുകൾ സ്ഥാപിച്ചതെന്നു പറഞ്ഞ്‌ ഇതിനകം 325 മസാർ ബുൾഡോസർ ഉപയോഗിച്ച്‌ തകർത്തു കഴിഞ്ഞു. ആയിരത്തിലധികം അനധികൃത മസാറുകൾ ഉണ്ടെന്നും അതൊക്കെ തകർക്കുമെന്നുമാണ്‌ ബിജെപി സർക്കാർ പറയുന്നത്‌. അതായത്‌ മുസ്ലിങ്ങൾക്ക്‌ സംസ്ഥാനത്ത്‌ ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. കോൺഗ്രസ്‌ ഭരണകാലത്താണ്‌ ഈ അനധികൃത മസാറുകൾ ഉയർന്നുവന്നതെന്നാണ്‌ ബിജെപിയുടെ ആരോപണം. എന്നാൽ, ഇതേക്കുറിച്ച്‌ പ്രതികരിക്കാൻപ്പോലും കോൺഗ്രസ്‌ തയ്യാറായിട്ടില്ല. ബിജെപിയുടെ നടപടിയെ എതിർത്താൽ മുസ്ലിം അനുകൂലികളാണെന്ന പഴി കേൾക്കേണ്ടിവരുമെന്നതിനാലാണ്‌ കോൺഗ്രസ്‌ നേതാക്കൾ മൗനം പാലിക്കുന്നതെന്ന്‌ ‘ന്യൂസ്‌ക്ലിക്ക്‌’ റിപ്പോർട്ടു ചെയ്യുകയുണ്ടായി. പുരോലയിൽ മുസ്ലിം കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെയും കോൺഗ്രസ്‌ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ഈ റിപ്പോർട്ട്‌ പറയുന്നുണ്ട്‌. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഗുജറാത്ത്‌, ഉത്തർപ്രദേശ്‌ എന്നീ സംസ്ഥാനങ്ങൾപോലെ ഉത്തരാഖണ്ഡും ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായി മാറുകയാണ്‌. 2024ൽ മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്‌.

മഹാരാഷ്ട്രയിലും ആർഎസ്‌എസ്‌ ബിജെപി സംഘം ബോധപൂർവം വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുകയാണ്‌. ഔറംഗസേബിനെയും ടിപ്പുസുൽത്താനെയും പുകഴ്‌ത്തി ചിലർ സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ്‌ കോലാപ്പുരിലും ബീഡിലും അഹമ്മദ്‌നഗറിലും വർഗീയ സംഘർഷമുണ്ടായത്‌. മൂന്നു മാസത്തിനിടെ എട്ട്‌ നഗരത്തിലാണ്‌ വർഗീയസംഘർഷങ്ങൾ ഉണ്ടായത്‌. ഇത്തരം വർഗീയ അസ്വാസ്ഥ്യങ്ങൾ തടയാൻ ബാധ്യതയുള്ള സർക്കാരാകട്ടെ അവരുടെ ആൾക്കാരെ തെരുവിലിറക്കി സംഘർഷങ്ങൾ വർധിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്‌താവനതന്നെ ഇതിന്‌ ഉദാഹരണമാണ്‌. ‘സംസ്ഥാനത്ത്‌ കലാപസമാനമായ അന്തരീക്ഷം ഉണ്ടാകാനുള്ള കാരണം ഔറംഗസേബിന്റെ സന്തതികൾ ഇപ്പോഴും ഇവിടെ ജനിക്കുന്നതുകൊണ്ടാണെന്നാണ്‌’ ഫഡ്‌നാവിസിന്റെ പ്രസ്‌താവന. ഇത്‌ തെളിയിക്കുന്നത്‌ കലാപം സൃഷ്ടിക്കുക എന്നത്‌ സംഘപരിവാറിന്റെ പദ്ധതിയാണെന്നാണ്‌.

ഈ മാസം 12ന്‌ ‘ദ ഹിന്ദു’ ദിനപത്രം മുഖപ്രസംഗത്തിൽ വ്യക്തമാക്കിയതുപോലെ ‘കുറച്ചു മാസങ്ങളായി സംസ്ഥാനത്ത്‌ നടക്കുന്ന നിരവധി സംഭവങ്ങൾ വിരൽചൂണ്ടുന്നത്‌ വർഗീയ ധ്രുവീകരണത്തിനായി ബോധപൂർവമായ ആസൂത്രണം നടന്നുവെന്നാണ്‌'. നിസ്സാര സംഭവങ്ങൾ ഉയർത്തിയാണ്‌ സാധാരണ ജനജീവിതം അസാധ്യമാക്കുന്ന സംഭവങ്ങൾ നടക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി. ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും ചേർന്നുള്ള സർക്കാർ കോൺഗ്രസ്‌‐എൻസിപി‐ ഉദ്ധവ്‌ വിഭാഗം ശിവസേന സഖ്യത്തിൽനിന്ന്‌ കടുത്ത വെല്ലുവിളിയാണ്‌ നേരിടുന്നത്‌. ഇത്‌ എളുപ്പത്തിൽ മറികടക്കാനുള്ള പദ്ധതി എന്ന നിലയിലാണ്‌ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്‌. ബിഹാറിലും സമാന ശ്രമങ്ങൾക്ക്‌ ബിജെപി തുടക്കമിട്ടിട്ടുണ്ട്‌. എന്നാൽ, മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലേതുപോലെ വിജയിക്കുന്നില്ലെന്നുമാത്രം. ഇത്തരം നീക്കങ്ങൾ തടയാനുള്ള ജാഗ്രത കേരളത്തിലും ആവശ്യമാണ്‌.

 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.