മൾട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം കവർന്നെടുക്കാനാണ് നീക്കം.
97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിന്റെ 2021 ജൂലൈ 20ലെ സുപ്രധാന വിധിയിൽ സഹകരണരംഗം സംസ്ഥാന വിഷയമാണെന്ന് അസന്നിഗ്‌ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സംശയലേശമന്യേ സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിനേറ്റ ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതി.
മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെമേൽ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണമില്ല. നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകാനോ, സാധാരണക്കാരന് വായ്പ നൽകാനോ ഉള്ള പ്രാഥമിക ബാധ്യതപോലും നിയമപ്രകാരം മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് ഇല്ലാത്ത സ്ഥിതിയുണ്ടാകും. സംസ്ഥാന സഹകരണ രജിസ്ട്രാർക്കു കീഴിൽ നിയമപ്രകാരം പ്രവർത്തിക്കുന്ന സംഘങ്ങളെ ഇല്ലാതാക്കി മൾട്ടി സ്റ്റേറ്റ് സംഘങ്ങളാക്കാൻ കഴിയുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണസമിതിയുടെ തീരുമാനപ്രകാരവും പൊതുയോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചും ഏത് സഹകരണ സംഘത്തെയും മൾട്ടി സ്റ്റേറ്റ് സംഘമാക്കാം.
സഹകരണ സംഘത്തിന്റെ ആസ്തിയും മൂലധനവും ഉപയോഗിക്കാനുള്ള നിയന്ത്രണങ്ങളും ഒഴിവാകും. കേന്ദ്ര സർക്കാരോ നിക്ഷേപം നടത്തുന്ന വൻകിട കോർപറേറ്റുകളോ നിർദ്ദേശിക്കുന്ന തരത്തിൽ സംഘത്തിന്റെ ആസ്തിയും വരുമാനവും ഉപയോഗിക്കേണ്ടി വരും. ഇതോടെ സഹകരണ സംഘങ്ങളുടെ പ്രാഥമിക ഉദ്ദേശം തന്നെ നഷ്ടപ്പെടുകയും സാധാരണക്കാർക്കും ചെറുകിട കർഷകർക്കും അപ്രാപ്യമാവുകയും ചെയ്യും. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നവതലമുറ വാണിജ്യ ബാങ്കുകൾക്ക് സമാനമായി സഹകരണ സംഘങ്ങൾ മാറും. ഈ വസ്തുതകൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനായതുകൊണ്ടാണ് സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടുണ്ടായത്. ഇത് മറികടക്കാനാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്.