Skip to main content

കേരളത്തിലെ വലതുപക്ഷം ഇടതുപക്ഷത്തെ പ്രധാന ശത്രുവായി കണ്ട് ഹിന്ദുത്വശക്തികളുമായി ചേർന്ന് മുന്നോട്ടുപോകുന്നു

മനുഷ്യസമൂഹത്തിന്റെ വികാസ ചരിത്രത്തെത്തന്നെ നിഷേധിക്കുന്നവിധം മതമൗലികവാദശക്തികളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വർത്തമാനകാലത്ത് സജീവമാണ്. കമ്യൂണിസ്റ്റുകാർ മതവിരോധികളാണെന്ന സ്ഥിരം പല്ലവിയും ഇതോടൊപ്പം ഉയർന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ മനുഷ്യസമൂഹത്തിന്റെ വളർച്ചയും മതത്തോടുള്ള മാർക്സിസ്റ്റ് സമീപനങ്ങളും മനസ്സിലാക്കുക പ്രധാനമാണ്.
മനുഷ്യവികാസത്തിന്റെ ചരിത്രം നിർണായകമായ നിരവധി ഘട്ടത്തിലൂടെ കടന്നുവന്നതാണ്. കല്ലുകളുടെ ഉപയോഗം, തീയുടെ കണ്ടുപിടിത്തം, കൃഷിയുടെ രൂപീകരണം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൃഷിയുടെ കണ്ടുപിടിത്തം മനുഷ്യരെ ഒരു സ്ഥലത്ത് സ്ഥിരതാമസമുള്ള ജനതയാക്കി മാറ്റി. ഫലഭൂയിഷ്ഠമായ മണ്ണ് തേടിയുള്ള യാത്ര നദീതട സംസ്കാരങ്ങളായി വികസിച്ചുവന്നു.

മൃഗങ്ങളുടെ ഉപയോഗം, ചക്രത്തിന്റെ ഉപയോഗം തുടങ്ങിയവ ഉത്ഭവപ്പെട്ടതോടെ മനുഷ്യന്റെ കായികാധ്വാനത്തേക്കാൾ പതിന്മടങ്ങുള്ള ഊർജം മനുഷ്യന്റെ നിയന്ത്രണത്തിലായിത്തീർന്നു. കാർഷികോൽപ്പാദനം വർധിച്ചതോടെ മറ്റ് ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുള്ള തൊഴിലുകളും രൂപപ്പെട്ടു. ഇവയുടെ കേന്ദ്രീകരണം നഗരങ്ങളുടെ രൂപീകരണത്തിനിടയാക്കി. യന്ത്രങ്ങളുടെ വികാസം മുതലാളിത്ത സമൂഹത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. ലാഭം കുന്നുകൂട്ടുകയെന്ന ലക്ഷ്യത്തോടെ സാങ്കേതികവിദ്യയെ മുതലാളിത്തം വികസിപ്പിച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന രീതിയും ശക്തിപ്പെടുത്തി. പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് ഇത് നയിക്കുകയും ചെയ്തു.

മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെ ചരിത്രംതന്നെയാണ് ആരാധനയിലും വിശ്വാസത്തിലുമെല്ലാം കാണുന്നത്. പ്രകൃതിയുമായുള്ള മനുഷ്യരുടെ ഏറ്റുമുട്ടലിന്റെ കാലത്ത് പ്രകൃതി ആരാധന സജീവമായി. പ്രകൃതിശക്തികളെ മനുഷ്യൻ നിയന്ത്രണത്തിലാക്കാൻ തുടങ്ങിയതോടെ ആരാധനയിലും വിശ്വാസങ്ങളിലും മാറ്റങ്ങൾവന്നു. വേദങ്ങളിൽ സജീവമായിരുന്ന മഴയുടെ ദൈവമായ ഇന്ദ്രനും കാറ്റിന്റെ ദേവനായ വരുണനും തീയുടെ ദേവനായ അഗ്നിയും പ്രകൃതിശക്തികളെ വരുതിയിലാക്കിയതോടെ അപ്രസക്തമായി. മനുഷ്യസമൂഹത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും മറ്റൊന്നായി തീർന്നതുകൊണ്ടാണ് ഈ മാറ്റമുണ്ടായത്.

മനുഷ്യസമൂഹത്തിന്റെ ഉൽപ്പാദനം വർധിച്ചതോടെ ഒരു വിഭാഗം ഉൽപ്പാദനപ്രക്രിയയിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന സ്ഥിതിവന്നു. ഇത് അടിമ–- ഉടമ ബന്ധത്തിലേക്ക് നയിച്ചു. അടിമകളെ അടിച്ചമർത്തുന്ന രീതി വ്യാപകമായി. ഇന്ത്യയിൽ അടിച്ചമർത്തൽ നിലനിന്നത് പ്രധാനമായും ജാതിവ്യവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയിൽ രൂപപ്പെട്ട രണ്ട് മതങ്ങളായ ബുദ്ധമതവും ജൈനമതവും ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചത്.

റോമാ സാമ്രാജ്യത്വത്തിന്റെ കീഴിൽ ഉയർന്നുവന്ന അടിമത്തത്തിന്‌ എതിരെയുള്ള കലാപത്തിന്റെ ഭാഗമായാണ് ക്രിസ്തുമതം രൂപപ്പെടുന്നതെന്ന് എംഗൽസ് വ്യക്തമാക്കുന്നുണ്ട്. അറേബ്യൻ ഉപദ്വീപിനെ അബിസീനിയക്കാരിൽനിന്ന്‌ വിമോചിപ്പിക്കുന്നതിനും ചിരകാലമായി മറഞ്ഞുപോയ വ്യാപാരമാർഗങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള അറബി ദേശീയ ബോധത്തിന്റെ ഉണർവുകൂടിയായിരുന്നു ഇസ്ലാം മതത്തിന്റെ രൂപീകരണത്തിന് പശ്ചാത്തലമായ സാഹചര്യമെന്നും വിലയിരുത്തുന്നുണ്ട്. പാവപ്പെട്ട ജനതയുടെ പക്ഷത്തുനിന്നുള്ള സമീപനമാണ് ഇസ്ലാം മുന്നോട്ടുവച്ചതെന്നും മാർക്സും എംഗൽസും പറയുന്നുണ്ട്.

മതത്തെ ചരിത്രപരമായി വിലയിരുത്തിയതുകൊണ്ടാണ് മതം നിരോധിക്കണമെന്ന ആശയം ഉയർന്നുവന്ന ഘട്ടത്തിലെല്ലാം അതിനെതിരെ നിലപാട് മാർക്സും എംഗൽസും സ്വീകരിച്ചത്. ആന്റിഡ്യൂറിങ്‌ പോലുള്ള കൃതികളിൽ ഇത് വ്യക്തമാണ്. മതത്തെ സംബന്ധിച്ച നിലപാട് ഇങ്ങനെ വ്യക്തമാക്കുകയും ചെയ്തു. ‘മതപരമായ സന്താപം എന്നത് അതേസമയംതന്നെ യഥാർഥ സന്താപത്തിന്റെ ഒരു ബഹിർസ്‌ഫുരണവും യഥാർഥ സന്താപത്തിനെതിരായ പ്രതിഷേധവുംകൂടിയാണ്. മതം മർദിത ജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെ തന്നെ ഉൻമേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്'.

കറുപ്പ് വേദനസംഹാരിയായി കൂടിയായിരുന്നു അക്കാലത്ത്. ചുരുക്കത്തിൽ വേദന അനുഭവിക്കുന്ന ജനതയ്‌ക്ക് ആശ്വാസമായാണ് മതങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന വിലയിരുത്തലിലാണ് മാർക്സും എംഗൽസും എത്തിച്ചേർന്നത്. എന്നാൽ, മതത്തെ തൊഴിലാളിവർഗത്തെ അടിച്ചമർത്തുന്നതിനുള്ള ഉപാധിയായി ഭരണവർഗം ഉപയോഗപ്പെടുത്തുമ്പോൾ അതിനെതിരെ അവർ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുതലാളിത്തം മതത്തിന്റെ സവിശേഷ മൂല്യങ്ങളെ തകർത്തുകളയുന്ന പ്രശ്നം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സും എംഗൽസും വ്യക്തമാക്കുന്നുണ്ട്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരമല്ല വർഗസമരമാണ് മാർക്സിസം മുന്നോട്ടുവയ്‌ക്കുന്നതെന്നർഥം.

രാഷ്ട്രീയാവശ്യത്തിനായി മതവിശ്വാസത്തെ വളച്ചൊടിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. ഒരു പ്രദേശത്തെ ജനതയെന്ന നിലയിൽ ഉപയോഗിക്കപ്പെട്ട ഹിന്ദുവെന്ന പദം മതം എന്ന അവസ്ഥയിലേക്ക് പലവിധ കാരണത്താൽ രൂപാന്തരം പ്രാപിച്ചു. വൈവിധ്യങ്ങളെ ഉൾക്കൊള്ളാവുന്ന തലം നവോത്ഥാന മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ രൂപപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് ഹിന്ദുമതത്തെ സംബന്ധിച്ച് സ്വാമി വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞത്: ‘ഹിന്ദുക്കളായ ഞങ്ങൾ പൊറുപ്പിക്കുകമാത്രം ചെയ്യുന്നവരല്ല ഞങ്ങൾ ഓരോ മതത്തോടും ഇണങ്ങിച്ചേരുന്നു. മുഹമ്മദീയന്റെ പള്ളിയിൽ പ്രാർഥിക്കുന്നു. ജരദുഷ്ട്ര ധർമിയുടെ അഗ്നിക്കുമുന്നിൽ ആരാധന നടത്തുന്നു. ക്രിസ്തുവിന്റെ കുരിശ്ശിനു മുന്നിൽ മുട്ടുകുത്തുന്നു. ഏറ്റവും താഴ്‌ന്ന പ്രാകൃത പൂജമുതൽ ഏറ്റവും ഉൽക്കൃഷ്ടമായ കേവലത്വംവരെ വെഎല്ലാ മതങ്ങളും ഒരുപോലെ അനന്തത്തെ ഗ്രഹിക്കാനും സാക്ഷാൽക്കരിക്കാനും അത്രയും യത്നങ്ങൾ മാത്രമാണെന്ന് ഞങ്ങൾക്കറിയാം. അങ്ങനെ ഞങ്ങൾ ഈ നാനാ കുസുമങ്ങളെ സംഭരിച്ച് ഭക്തിയുടെ ചരടിൽ ചേർത്തുകോർത്ത്‌ ഒരത്ഭുത കര പൂജാ കുസുമ മഞ്ജരിയാക്കിത്തീർക്കും.’

ഇതിന്റെ തുടർച്ചയിൽത്തന്നെയാണ് ഗാന്ധിജിയും തന്റെ പ്രാർഥനാ യോഗങ്ങളിൽ ഗീതയും ബൈബിളും ഖുർ ആനുമെല്ലാം ചേർത്തുവയ്‌ക്കുന്ന സ്ഥിതിയുണ്ടായത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഹിന്ദുമതത്തെ ഹിന്ദുത്വത്തിന്റെ തലത്തിലേക്ക് പരിവർത്തിപ്പിക്കുകയാണ് സംഘപരിവാർ ചെയ്തത്. ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവർക്കർ 1923ൽ പ്രസിദ്ധീകരിച്ച ‘ആരാണ് ഹിന്ദു’ എന്ന പുസ്തകത്തിലാണ് ഹിന്ദുത്വ ആശയം മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയിലെ പ്രദേശങ്ങൾ തങ്ങളുടെ പുണ്യഭൂമിയും പിതൃഭൂമിയുമായി കണക്കാക്കുന്നവരാണ് ഹിന്ദുക്കളെന്ന സമീപനം അവതരിപ്പിക്കുന്നു. ആ ഹിന്ദുവിന്റേതാണ് ഇന്ത്യയെന്ന ആശയവും മുന്നോട്ടുവയ്‌ക്കുന്നത്. അതിലൂടെ മെക്ക പുണ്യസ്ഥലമായി കണക്കാക്കുന്ന മുസ്ലിങ്ങളും ജറുസലേം പുണ്യഭൂമിയായി കണക്കാക്കുന്ന ക്രിസ്ത്യാനികളും ജർമനിയിൽ ജനിച്ച മാർക്സിന്റെ തത്വശാസ്ത്രങ്ങൾ അംഗീകരിക്കുന്ന കമ്യൂണിസ്റ്റുകാരും അങ്ങനെ വിചാരധാരയിൽ ആന്തരിക ഭീഷണിയായി മാറി. മതനിരപേക്ഷത എന്നത് യൂറോപ്പിൽ ഉയർന്നുവന്ന ആശയമാണെന്നു പറഞ്ഞ് തള്ളുകയും ചെയ്തു.

വൈവിധ്യമാർന്ന സമീപനങ്ങളെ അംഗീകരിക്കുന്ന ഹിന്ദുമതമെന്ന ആശയത്തെ മാറ്റിനിർത്തി പകരം ഹിന്ദുത്വമെന്ന ഫാസിസ്റ്റ് സമീപനത്തിലേക്കുള്ള ചുവടുവയ്‌പായി ഹിന്ദുത്വം മാറുന്നു. ഇത് പ്രചരിപ്പിക്കുന്നതിന് വിദ്യാഭ്യാസരംഗത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് 2014 ഒക്ടോബർ നാലിന് മുംബൈ റിലയൻസ് ആശുപത്രി ഉദ്ഘാടനംചെയ്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാഭാരതത്തിലെ കർണൻ അമ്മയുടെ ഗർഭപാത്രത്തിൽനിന്നല്ല ജനിച്ചതെന്നും ജനിതകശാസ്ത്രം വികസിച്ചതുകൊണ്ടാണ് അത് സാധ്യമായതെന്നും അവതരിപ്പിച്ചത്. ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറിയുടെ തെളിവാണെന്നും ആ പ്രസംഗത്തിൽ പറയുകയുണ്ടായി.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമർശം ശാസ്ത്രമേഖലയിൽനിന്നും ഉയർന്നുവന്നു. എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ശശി തരൂർ ഇതിനെ രൂക്ഷമായി വിമർശിച്ചു. ആനയുടെ തലയും മനുഷ്യന്റെ കഴുത്തും യോജിക്കാനാകില്ലെന്ന് എടുത്തുപറഞ്ഞു. ശശി തരൂർ അവതരിപ്പിച്ച പ്രശ്നമാണ് സ്പീക്കർ ഷംസീറും മുന്നോട്ടുവച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ സംഘപരിവാർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ചിന്തകളെക്കുറിച്ച് അദ്ദേഹം ഓർമപ്പെടുത്തുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയ അജൻഡയെ തുറന്നുകാട്ടുന്ന ഈ നിലപാടിനെതിരെ കോൺഗ്രസിലെ ചിലർ രംഗത്തുവന്നത് വിസ്മയകരമാണ്.

ഹിന്ദുത്വ രാഷ്ട്രീയവും ഹിന്ദുമതവും ഒന്നാണെന്ന് സ്ഥാപിച്ച് ഹിന്ദുമതവിശ്വാസികളെ ആർഎസ്എസിന് കീഴിലേക്ക് അണിനിരത്തുന്നതിനുള്ള ശ്രമങ്ങൾ വ്യാപകമാണ്. ഇതിന് കീഴ്പ്പെട്ടുപോകുന്ന നില, ആർഎസ്എസിന്‌ എതിരാണെന്ന് പ്രഖ്യാപിക്കുന്നവർക്കുപോലും ഉണ്ടാകുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സാംസ്കാരിക രംഗത്തെ പ്രശ്നങ്ങളിൽ പറയുന്ന പ്രധാനമായ കാര്യം രാഷ്ട്രീയമായി ആർഎസ്എസിനെ പിന്തുണയ്‌ക്കാത്തവരുടെ ഇടയിലും ഹിന്ദുത്വ ആശയങ്ങൾ നുഴഞ്ഞുകയറുന്നുണ്ട് എന്നതാണ്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന കാഴ്ചപ്പാട് ഏറ്റവും ശരിയായിത്തീരുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. കേരളത്തിലെ വലതുപക്ഷം ഇടതുപക്ഷത്തെ പ്രധാന ശത്രുവായി കണ്ട് ഹിന്ദുത്വശക്തികളുമായി ചേർന്ന് മുന്നോട്ടുപോകുന്ന കാര്യവും ഇതിലൂടെ പുറത്തുവരികയാണ്. ഈ രാഷ്ട്രീയത്തെ തുറന്നുകാട്ടി മാത്രമേ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെയും മതനിരപേക്ഷ കാഴ്ചപ്പാടുകളെയും സംരക്ഷിക്കാനാകൂ.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.