മാനവവിമോചനത്തിന്റെ പടവുകളിൽ എക്കാലവും ഉയർന്നുപറക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ പ്രോദ്‌ഘാടകരിൽ പ്രമുഖനായ ഫ്രെഡറിക് എംഗൽസിന്റെ 128-ാം ചരമവാർഷിക ദിനമാണിന്ന്. മാനവരാശിയെ പീഡിപ്പിക്കുന്ന തിന്മകളിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ഏകവഴി വർഗസമരമാണെന്ന് ചൂണ്ടിക്കാട്ടിയവരാണ് മാർക്‌സും എംഗൽസും. ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഇരുവരും ചേർന്നെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയാണ്. മുതലാളിത്ത സംവിധാനത്തിൽ തൊഴിലാളിവർഗത്തിന്റെ ദുരിതങ്ങളും അവരുടെ സംഘശക്തിയും നേരിട്ടുകണ്ടു മനസ്സിലാക്കിയ എംഗൽസിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വർഗസമരം, തൊഴിലാളിവർഗ സർവാധിപത്യം തുടങ്ങിയ സിദ്ധാന്തങ്ങളുടെ രൂപീകരണത്തിന് ഇരുവർക്കും പ്രേരണയായി. ലാഭംമാത്രം ലക്ഷ്യമിടുന്ന കാരുണ്യമില്ലാത്ത മുതലാളിത്ത ഘടനയെ അട്ടിമറിക്കാൻ കഴിവുള്ളത് തൊഴിലാളികൾക്കു മാത്രമാണെന്നും അവരുടെ ഐക്യമാണ് നിർണായകമെന്നും എംഗൽസ് നമ്മെ പഠിപ്പിച്ചു.
‘‘മാർക്‌സിനെയും എംഗൽസിനെയും ഒരിക്കലും രണ്ടായി കാണാനാകില്ല. രണ്ടുപേരുടെയും ജീവിതവും പ്രവൃത്തിയും വളരെയേറെ പരസ്‌പരബന്ധിതമായിരുന്നു. അവരിൽ ഒരൊറ്റ ജീവനാണ് കുടികൊള്ളുന്നതെന്നു തോന്നുമാറ് അവരുടെ ജീവിതങ്ങൾ അത്ര ഗാഢമായി പരസ്‌പരം ബന്ധിക്കപ്പെട്ടിരുന്നു. സോഷ്യലിസം ‘ഒരു സങ്കൽപ്പസ്വർഗമെന്ന നിലയിൽനിന്ന് ശാസ്‌ത്രമായി’ വളർന്നതിന്റെ ചരിത്രം എഴുതിയതുകൊണ്ടു മാത്രമായില്ല, മുഴുവൻ തൊഴിലാളി പ്രസ്ഥാനത്തിന്റെയും അരനൂറ്റാണ്ടിന്റെ ചരിത്രംകൂടി എഴുതേണ്ടിവരും. കാരണം അവർ കേവലം ആശയരംഗത്തെ നേതാക്കന്മാരും മീമാംസകരും മാത്രമായിരുന്നില്ല, ദൈനംദിന ജീവിതത്തിൽനിന്നെല്ലാം അകന്നുമാറി ഏകാന്തതയിൽ കഴിഞ്ഞുകൂടിയ ദാർശനികരുമായിരുന്നില്ല അവർ. എപ്പോഴും പോരാട്ടത്തിന്റെ മുൻനിരയിൽത്തന്നെ നിലയുറപ്പിച്ച പടയാളികളായിരുന്നു. ഒരേസമയത്ത് വിപ്ലവത്തിന്റെ പട്ടാളക്കാരും സൈന്യാധിപന്മാരുമായിരുന്നു അവർ’’ എംഗൽസിനെക്കുറിച്ചുള്ള കുറിപ്പിൽ മാർക്‌സിന്റെ മകൾ എലിയനോർ മാർക്‌സിന്റെ വാക്കുകളാണിത്. യവനപുരാണത്തിൽ ദമോനും പിഥിയാസും തമ്മിലുണ്ടായിരുന്ന സൗഹൃദംപോലെതന്നെ ഐതിഹാസികമായിരുന്നു മാർക്‌സും എംഗൽസും തമ്മിലുള്ള ബന്ധം.
1820 നവംബർ 28ന് ജർമനിയിലെ ബാർമെൻ എന്ന പട്ടണത്തിൽ ധനിക തുണിവ്യവസായിയുടെ കുടുംബത്തിലാണ് എംഗൽസ് ജനിച്ചത്. പിതാവിന്റെ പേരും ഫ്രെഡറിക് എംഗൽസ് എന്നുതന്നെ. മാതാവ് എലിസബത്ത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പ് പിതാവിന്റെ നിർബന്ധത്തിനുവഴങ്ങി അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലിക്കു ചേർന്നു. ജർമൻ തത്വജ്ഞാനിയായ ഹെഗലിന്റെ സിദ്ധാന്തങ്ങളിൽ ആകൃഷ്‌ടനായി അക്കാലത്തെ ജർമൻ യുവാക്കളെപ്പോലെ പുരോഗമനാശയം വച്ചുപുലർത്തുന്ന യംഗ് ഹെഗലിയൻ ഗ്രൂപ്പിൽ അംഗമായ എംഗൽസ് വ്യവസായവൽക്കരണത്തിന്റെ വിപത്തുകളെക്കുറിച്ച് ഫെഡറിക് ഓസ്വാൾഡ് എന്ന പേരിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങി. അതിനൊപ്പം ‘യുവ ഹെഗ്ലിയൻ ക്ലബ്ബിൽ' ചേർന്ന് അവരുടെ ഇടയിൽ ശ്രദ്ധേയനായി.
1841ൽ സൈനിക സേവനത്തിനു ചേർന്നു. ഒരു വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി ബർലിനിൽ തിരിച്ചെത്തിയപ്പോൾ മാഞ്ചസ്റ്ററിലെ "എർമെൻ ആൻഡ് എംഗൽസ്' തുണിമില്ലിൽ വാണിജ്യപരിശീലനം നടത്തുന്നതിനായി ഇംഗ്ലണ്ടിലേക്കു പോകാൻ പിതാവ് നിർബന്ധിച്ചു. വ്യവസായ മുതലാളിത്ത രാജ്യമായി മാറിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിലെയും കാർഷിക രാജ്യമായിരുന്ന ജർമനിയിലെയും സ്ഥിതിഗതികൾ അദ്ദേഹം വിശദമായി പഠിച്ചു. "ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി' എന്ന ലേഖനം പ്രസിദ്ധീകരിച്ചു.
മാഞ്ചസ്റ്ററിലെ വീസ്റ്റ് എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന എർമെൻ ആൻഡ് എംഗൽസ് നൂലു നിർമിക്കുന്ന കമ്പനിയായിരുന്നു. ഒട്ടേറെ തൊഴിലാളി സമരങ്ങൾ അരങ്ങേറിയ മണ്ണ്. സാമൂഹ്യബോധവും സമത്വചിന്തയും വിതറിയ മാഞ്ചസ്റ്ററിന്റെ ആകാശത്തിനു താഴെയുള്ള ജീവിതം എംഗൽസ് എന്ന ഇരുപത്തിരണ്ടുകാരന്റെ ചിന്തയെയും സമീപനങ്ങളെയും മാറ്റിമറിച്ചു. തന്റെ ജോലിക്കൊപ്പം ജൂലിയൻ ഹാർണി എന്ന ചാർട്ടിസ്റ്റ് ചിന്തകൻ ലീഡ്സിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന നോർത്തേൺ സ്റ്റാർ എന്ന പത്രത്തിൽ രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയും എംഗൽസ് മാഞ്ചസ്റ്റർ ജീവിതം അർഥസമ്പുഷ്ടമാക്കി. വാസ്‌തവത്തിൽ എംഗൽസിന്റെ രാഷ്ട്രീയ ചിന്തകൾക്ക് മൂർത്തരൂപം നൽകുകയായിരുന്നു ഈ വ്യവസായനഗരം. മാഞ്ചസ്റ്ററിന്റെ ദത്തുപുത്രനാണ് എംഗൽസ്. ഈ നഗരത്തിലെ ജീവിതാനുഭവമാണ് ലോകചരിത്രത്തിന്റെ ഗതിമാറ്റിയ പ്രത്യയശാസ്ത്ര രൂപീകരണത്തിന് അദ്ദേഹത്തിന്റെ ചിന്തയ്ക്ക് വളമായത്.
1844ൽ ജർമനിയിലേക്കുള്ള യാത്രയിൽ പാരീസിൽ മാർക്സിന്റെകൂടെ 10 ദിവസം താമസിച്ചു. ഈ കൂടിക്കാഴ്ചയെപ്പറ്റി ലെനിൻ ഇപ്രകാരം എഴുതി. ‘‘സൗഹൃദത്തിന്റെ ഹൃദയസ്പർശകമായ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്ന പല ഐതിഹ്യങ്ങളുമുണ്ട്. അവയെ എല്ലാം അതിശയിപ്പിക്കുന്ന തരത്തിൽ അന്യോന്യം ബന്ധം പുലർത്തിപ്പോന്ന രണ്ട് പണ്ഡിതന്മാരും പോരാളികളുമാണ് തങ്ങളുടെ ശാസ്ത്രം സൃഷ്ടിച്ചതെന്ന് ലോകതൊഴിലാളിവർഗത്തിന് പറയാൻ കഴിയും.'' 1845–46ൽ മാർക്സും എംഗൽസും ചേർന്ന് ‘വിശുദ്ധ കുടുംബം', ‘ജർമൻ പ്രത്യയശാസ്ത്രം' എന്നീ കൃതികൾ രചിച്ചു.1847ൽ പുരോഗമനവാദികളായ "ലീഗ് ഓഫ് ദ ജസ്റ്റി' (നീതിമാന്മാരുടെ സഖ്യം)ന്റെ ലണ്ടനിൽ നടന്ന കോൺഗ്രസിൽ പങ്കെടുത്തു. ‘നീതിമാന്മാരുടെ സഖ്യ'മാണ് പിന്നീട് "കമ്യൂണിസ്റ്റ് ലീഗ്'ആയി മാറിയത്. 1847ൽ ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസ് മാർക്സിനെയും എംഗൽസിനെയും അതിന്റെ പരിപാടി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. അവർ പരിപാടി തയ്യാറാക്കി. അതാണ് വിശ്വവിഖ്യാതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിന്റെ പിതാവിന്റെ സ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ട് പാർടിയുടെ മുഖപത്രം തുടങ്ങി. ഈ പത്രത്തിന്റെ സഹപത്രാധിപരായിരുന്നു എംഗൽസ്. ഇരുപത് ഭാഷ വശമായിരുന്നു എംഗൽസിന്.
‘‘എംഗൽസ് ഒരിക്കലും പൊറുക്കാത്ത ഒന്നുണ്ട്: വഞ്ചന. അവനവനോടും വിശേഷിച്ച് പാർടിയോടും വഞ്ചന കാട്ടുന്നവർ എംഗൽസിൽനിന്ന് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ല. അവ അക്ഷന്തവ്യമായ അപരാധമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്’’ എലിയനോർ തുടർന്നെഴുതി. തന്റെ കൃത്യാന്തര ബാഹുല്യത്തിനിടയിലും സുഹൃത്തുക്കൾക്കുവേണ്ടി എംഗൽസ് എപ്പോഴും സമയം കണ്ടെത്തിയിരുന്നുവെന്നും വേണ്ടപ്പോഴെല്ലാം അവർക്ക് ഉപദേശവും സഹായവും നൽകി. അപാരമായ പാണ്ഡിത്യവും സ്വാധീനശക്തിയും അദ്ദേഹത്തെ ഒരിക്കലും ഗർവിഷ്‌ഠനാക്കിയില്ല. മാർക്സിനെയും കുടുംബത്തെയും സഹായിക്കുന്നതിൽ എംഗൽസ് ജാഗരൂകനായിരുന്നു. മാർക്സും സഹധർമിണിയും മക്കളും പട്ടിണികൊണ്ടും രോഗംകൊണ്ടും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴൊക്കെ എംഗൽസിന്റെ സഹായം എത്തി. 1883 മാർച്ച് 14ന് മാർക്സ് നിര്യാതനായി. മാർച്ച് 17ന് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ സംസ്കാരം നടന്നു. ആ വേളയിൽ എംഗൽസായിരുന്നു ചരമപ്രസംഗം നടത്തിയത്. മാർക്സിന്റെ പേരും പ്രവൃത്തിയും യുഗാന്തരങ്ങളിൽപ്പോലും നിലനിൽക്കുമെന്ന് ആ പ്രസംഗത്തിൽ അദ്ദേഹം പ്രവചിച്ചു. ‘മൂലധന'ത്തിന്റെ ഒന്നാം വാല്യം മാർക്സിന്റെ ജീവിതകാലത്തുതന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞെങ്കിലും രണ്ടും മൂന്നും വാല്യങ്ങൾ മാർക്സിന്റെ മരണശേഷം എംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. മാർക്സിന്റെ മരണശേഷം എംഗൽസ് 12 വർഷംകൂടി ജീവിച്ചു. 1895 ആഗസ്ത് അഞ്ചിന് മരണമടഞ്ഞു. ഈ പ്രത്യയശാസ്ത്രം യുഗയുഗാന്തരങ്ങളോളം നിലനിൽക്കുമെന്ന എംഗൽസിന്റെ പ്രവചനം അസ്ഥാനത്തല്ല. സാമ്രാജ്യത്വ ഭരണകൂടങ്ങളും കോർപറേറ്റ് കോടീശ്വരന്മാരും പ്രചാരകരും കൂടുതൽ കുഴപ്പങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. തങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മുതലാളിത്തം പിടിവള്ളി തേടി അലയുന്നതും എംഗൽസ് ദിനത്തിൽ നമുക്ക് വിസ്‌മരിക്കാനാകില്ല. എംഗൽസിന്റെ മരണശേഷമുള്ള 128 വർഷത്തിനിടയ്ക്ക് മാർക്സിസം എന്ന ചലനാത്മകമായ പ്രത്യയശാസ്ത്രം സ്വാധീനിക്കാത്ത ഒരു മേഖലയും ലോകത്തില്ല. അത് ജനകോടികളെ ഇന്നും സ്വാധീനിക്കുന്നു. ഈ തത്വശാസ്‌ത്രം അജയ്യമാണ്.