Skip to main content

മതരാഷ്ട്രവാദികളുടെ ഇന്ധനം മത സംഘർഷങ്ങളാണ്

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി മിത്തുകളുമായി ബന്ധപ്പെട്ട ചർച്ച സജീവമാകുകയുണ്ടായി. മിത്ത് എന്നാൽ കെട്ടുകഥയാണെന്ന തരത്തിലുള്ള വിശേഷണമാണ് പൊതുസമൂഹത്തിൽ സജീവമായി ഉയർന്നുവന്നത്. അതിന്റെ പേരിലുള്ള വിവാദങ്ങളും സജീവമായി.

ഒരു സമൂഹത്തിന്റെ മനസ്സിൽ ആവർത്തിച്ചുവരുന്ന പ്രാചീനകാലത്തെ സങ്കൽപ്പങ്ങളാണ് മിത്ത്. ഇത് ഓരോ സമൂഹവും കൊണ്ടുനടക്കുന്നുണ്ട്. അത് വിശ്വാസമായും അതിന്റെ അടിസ്ഥാനത്തിലുള്ള ആചാരങ്ങളായും നിലനിൽക്കുന്നുണ്ട്. മിത്തുകളെ വിശകലനം ചെയ്തുകൊണ്ട് ആ സമൂഹത്തിലെ ചിന്തകളെന്താണ്, ആവശ്യങ്ങളെന്താണ്, ആ സമൂഹം എങ്ങനെയാണ് മുന്നോട്ടുപോയത് തുടങ്ങിയവയെല്ലാം മനസ്സിലാക്കുന്ന ചരിത്രരീതികളും വികസിച്ചുവന്നിട്ടുണ്ട്. ഇന്ത്യാചരിത്രപഠനത്തിൽ വലിയ സംഭാവന നൽകിയ ഡി ഡി കൊസാംബിയുടെ ഒരു പുസ്തകത്തിന്റെ പേര് തന്നെ ‘മിത്തും യാഥാർഥ്യവു’മെന്നാണ്. അതായത്, സാമൂഹ്യ യാഥാർഥ്യങ്ങളിൽ കൂടിച്ചേർന്നു കിടക്കുന്ന ഒന്നായാണ് മിത്തുകളെ ചരിത്രകാരന്മാർ കാണുന്നത്.

ഐതിഹ്യങ്ങളിൽനിന്ന് രൂപപ്പെടുന്നതാണ് വിശ്വാസങ്ങൾ. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ആചാരങ്ങളും രൂപപ്പെടുന്നു. ഇത് സാമൂഹ്യജീവിതത്തെ സ്വാധീനിക്കും. ഒരു കാലഘട്ടത്തിൽ രൂപംകൊണ്ട മിത്തുകളിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ പുതിയവ രൂപപ്പെടുന്നു. അതിന്റെ ഭാഗമായി ആചാരങ്ങൾക്ക് മാറ്റമുണ്ടാകുന്നു.

പ്രാചീനകാലത്ത് നിർമിക്കപ്പെട്ടതും ലോകാത്ഭുതങ്ങളിലൊന്നായി ഇന്നും വിലയിരുത്തുന്നവയുമാണ് പിരമിഡുകൾ. ഒസിറിസ് എന്ന ദേവൻ ഭരിച്ചിരുന്ന പരദേശത്തിലുള്ള ഈജിപ്തുകാരുടെ വിശ്വാസമാണ് പിരമിഡുകളുടെ നിർമാണത്തിനടിസ്ഥാനം. ഗ്രീക്കുകാർ പരേതാത്മാക്കളെ പരലോകത്തെത്തിക്കുന്ന കാറെൺ എന്ന കടത്തുവഞ്ചിക്കാരനുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇദ്ദേഹത്തിന് കടത്തുകൂലി എന്ന നിലയിൽ മൃതദേഹങ്ങളുടെ വായിൽ ചെമ്പ് നാണയങ്ങൾ വയ്‌ക്കുന്ന ആചാരം അക്കാലത്ത് ഗ്രീസിൽ ഉണ്ടായിരുന്നു. ഒസിറിസിലും കാറെണിലും ആ ജനതയ്ക്ക് പിൽക്കാലത്ത് വിശ്വാസം നഷ്ടപ്പെട്ടു. അങ്ങനെ പിരമിഡ് നിർമാണവും ചെമ്പ്തുട്ട് വയ്‌ക്കുന്ന രീതിയും ഇല്ലാതാകുകയും ചെയ്തു.

സമൂഹത്തിൽ വരുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ പുതിയ വിശ്വാസങ്ങളും ചടങ്ങുകളും രൂപപ്പെട്ടുവന്നത്. സാമൂഹ്യമാറ്റങ്ങൾക്കനുസരിച്ച് മിത്തുകൾക്ക് മാറ്റം വരികയും പുതിയവ രൂപപ്പെടുകയും ചെയ്യുന്നു. ഒരു വിഭാഗം ജനങ്ങൾ വിശുദ്ധമാണെന്ന് കണക്കാക്കുന്ന ഒരു കാര്യം മറ്റൊരു വിഭാഗത്തിന് അങ്ങനെ ആകണമെന്നില്ല. തങ്ങളുടെ വിശ്വാസംപോലെ മറ്റുള്ളവർക്കും പ്രാധാന്യമുള്ളതാണ് അവരുടെ വിശ്വാസങ്ങളെന്നതാണ് ബഹുസ്വരതയുടെ അടിസ്ഥാനം. ഒരു മതരാഷ്ട്രവാദിക്ക് ഈ അംഗീകരണം സാധ്യമാകില്ല. അവർ തങ്ങളുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. മതത്തിനകത്തുതന്നെ നിരവധി ഉൾപ്പിരിവുകളുണ്ട്. ഇതിലേത് കാഴ്ചപ്പാട് എന്ന പ്രശ്നവും ഉയർന്നുവരുന്നുണ്ട്. ഏതു തരത്തിലുള്ള മതരാഷ്ട്രവാദമായാലും പാർലമെന്ററി ജനാധിപത്യത്തെയുൾപ്പെടെ നിരാകരിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് മുന്നോട്ടുവയ്‌ക്കുന്നത്.

ഏതെങ്കിലും ഒരു മതവിശ്വാസം ഉന്നതമാണെന്നോ ഏതെങ്കിലും ഒരു മതവിശ്വാസം അധമമാണെന്നോ ഉള്ള അഭിപ്രായം സിപിഐ എമ്മിനില്ല. സമൂഹം കൊണ്ടുനടക്കുന്ന ആചാരം എന്ന നിലയിൽ അവയെ കാണാനും ഒരു ജനത സ്വീകരിക്കുന്ന കാഴ്ചപ്പാട് എന്ന നിലയിൽ അവയെ ജനാധിപത്യപരമായ സമീപനത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയും ചെയ്യുന്ന നിലപാടാണ് പാർടിക്കുള്ളത്. അതേസമയം ഏതെങ്കിലും ഒരു വിശ്വാസമോ അതിന്റെ ഭാഗമായുള്ള ആചാരമോ ഏതെങ്കിലും ഒരു ജനവിഭാഗത്തിലേക്ക് അടിച്ചേൽപ്പിക്കുന്ന രീതിയെ സിപിഐ എം ശക്തമായി എതിർക്കുന്നു.

സമൂഹത്തിന്റെ വികാസത്തിന്റെ ഫലമായി പലതിലും മാറ്റങ്ങളാവശ്യമായുണ്ടാകാം. എന്നാൽ, അത്തരം മാറ്റങ്ങളുണ്ടാകേണ്ടത് ആ സമൂഹത്തിനകത്ത് പൊതുവിൽ രൂപപ്പെടുന്ന ആശയ ഐക്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഏകീകൃത സിവിൽ കോഡിലുൾപ്പെടെയുള്ള സമീപനം ഇതിന്റെ അടിസ്ഥാനത്തിലാണ് പാർടി സ്വീകരിച്ചത്. മതരാഷ്ട്രവാദികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ ജനാധിപത്യവിരുദ്ധമായ രീതിയിൽ അടിച്ചേൽപ്പിക്കുകയാണ് പൊതുവിൽ ചെയ്യുന്നത്. രാജ്യത്ത് അധികാരത്തിൽ വന്നതോടെ സംഘപരിവാർ ഭരണനേതൃത്വ സംവിധാനത്തെക്കൂടി ഉപയോഗപ്പെടുത്തി തങ്ങളുടെ കാഴ്ചപ്പാടുകൾ മറ്റു വിഭാഗങ്ങളിലേക്ക് ഹിംസാത്മകമായിത്തന്നെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് രാജ്യത്തെ നയിക്കും.

മതരാഷ്ട്രവാദികളുടെ ഇന്ധനം മതസംഘർഷങ്ങളാണ്. അതിനാൽ ഇവർക്ക് സൗഹാർദപരവും ജനാധിപത്യപരവുമായ ജീവിതക്രമം അന്യമാണ്. മതരാഷ്ട്രവാദികൾ കള്ളക്കഥകൾ പ്രചരിപ്പിച്ച് സംഘർഷങ്ങളുണ്ടാക്കുന്നതിന്റെ പിന്നിലുണ്ടാകുന്ന രാഷ്ട്രീയകാരണം ഇതാണ്. പ്രാചീന സമൂഹത്തിന്റെ ആവിഷ്കാരം എന്ന നിലയിൽ ഉയർന്നുവന്ന് ഒരു സമൂഹത്തിന്റെ വിശ്വാസമായി മാറിയ ആചാരങ്ങളെ ജനാധിപത്യപരമായ സമീപനത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കിക്കൊണ്ടാണ് പാർടി പ്രവർത്തിക്കുന്നത്.

സമൂഹത്തിനു മുന്നിൽ വരുന്ന നിരവധി പ്രശ്നങ്ങളെ കാര്യ–കാരണ സഹിതം പരിശോധിച്ച് നിഗമനങ്ങളിലെത്തുന്നതാണ് ശാസ്ത്രചിന്ത. പരീക്ഷണ നിരീക്ഷണങ്ങളാൽ തെളിയിക്കപ്പെടുന്നവയെ മാത്രമേ ശാസ്ത്രചിന്തയായി കണക്കാക്കാനാകൂ. ഒരു ആശയം ശാസ്ത്രമായി അംഗീകരിക്കപ്പെടണമെങ്കിൽ പ്രയോഗത്തിൽ അത് ശരിയായിത്തീരണം. ഇങ്ങനെ മനുഷ്യന്റെ അറിവുകളെ നിത്യജീവിതത്തിൽ പ്രയോഗിച്ചുകൊണ്ടാണ് ശിലായുഗത്തിൽനിന്ന് ആധുനിക കംപ്യൂട്ടറിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും മനുഷ്യസമൂഹം വികസിച്ചത്. ശാസ്ത്രത്തെ കുറ്റം പറയാനുപയോഗിക്കുന്ന ആധുനിക സൗകര്യങ്ങളെല്ലാം അവയുടെ സൃഷ്ടിയാണെന്നതും വിസ്മരിക്കരുത്.

ഇന്ത്യൻ കോടതികളിൽ വിചാരണ നടത്തുന്നത് പീനൽ കോഡിന്റെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് പറഞ്ഞ് തെറ്റായ ഒരു പ്രവൃത്തിയെയും അവിടെ ന്യായീകരിക്കാനാകില്ല. ശാസ്ത്രീയമായ കാഴ്ചപ്പാടുകളെ പിൻപറ്റിക്കൊണ്ടു മാത്രമേ കോടതികൾക്ക് തീരുമാനമെടുക്കാനാകൂ. ശാസ്ത്രവും വിശ്വാസങ്ങളും തമ്മിലുള്ള ഈ അതിർവരമ്പുകളെ തിരിച്ചറിയുകയെന്നത് പ്രധാനമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങൾ ഈ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് മുന്നോട്ടുപോയത്. കേരളത്തിലെ സ്ത്രീ നവോത്ഥാനത്തിന്റെ വക്താവെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് വി ടി ഭട്ടതിരിപ്പാട്. വിശ്വാസം തന്റെ ഊന്നുവടിയാണെന്നും ശാസ്ത്രം തന്റെ വെളിച്ചമാണെന്നുമുള്ള നിലപാടായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്. വിശ്വാസത്തെയും ശാസ്ത്രത്തെയും സംബന്ധിച്ച് അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടുകൾ നവോത്ഥാന പ്രസ്ഥാനത്തിന്റെ പൊതുസമീപനമായിരുന്നു.
മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം അംഗീകരിച്ചു. വിശ്വാസികളായ ഒരു ജനതയുടെ ജീവിതത്തിൽ അതിനുള്ള സ്ഥാനവും പ്രാധാന്യവും ഓർമപ്പെടുത്തുകയും ചെയ്തു. മതപരമായ മൂല്യങ്ങളെ ഉൾക്കൊണ്ട് മനുഷ്യരെല്ലാം ഒന്നാണെന്ന കാഴ്ചയോടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റിത്തീർക്കുകയെന്നതായിരുന്നു നവോത്ഥാന പ്രസ്ഥാനങ്ങൾ പൊതുവിൽ സ്വീകരിച്ച രീതി. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് ഇത്തരം കാഴ്ചപ്പാടുകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ശ്രീ നാരായണ ഗുരുവിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന കാഴ്ചപ്പാടിന്റെ അടിവേര് കിടക്കുന്നത് അദ്വൈത വേദാന്തത്തിലാണ്. മനുഷ്യരെല്ലാം ഒന്നാണെന്ന സമീപനമാണ് ഇത് മുന്നോട്ടുവച്ചത്. നമ്മുടെ പാരമ്പര്യങ്ങളിൽ നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്ന ഈ കാഴ്ചപ്പാടിനെ ആധുനിക ലോകത്തിന്റെ വികാസത്തിന് അനുകൂലമായ വിധം വായിച്ചെടുക്കുകയായിരുന്നു ശ്രീ നാരായണ ഗുരു. അതിന്റെ ഭാഗമായി ആലുവയിൽ സർവമത സമ്മേളനംതന്നെ അദ്ദേഹം സംഘടിപ്പിച്ചു. പരസ്പരം അറിയാനും അറിയിക്കാനുമുള്ള ഒന്നാണിതെന്ന് ജനങ്ങളെ ഓർമപ്പെടുത്തുകയും ചെയ്തു. വൈക്കം ക്ഷേത്രത്തിന്റെ വഴികളിലൂടെ അവർണ വിഭാഗങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഘട്ടത്തിൽ അവർക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തേക്ക് സവർണ ജാഥ നടന്നത്‌ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലായിരുന്നു. നവോത്ഥാനകാലത്ത് കേരളത്തിലുയർന്നുവന്ന സാമുദായിക പ്രസ്ഥാനങ്ങൾ കടുത്ത സമ്മർദങ്ങളും ഇടപെടലുകളും ഉണ്ടായിരുന്നിട്ടും വർഗീയതയുടെ പ്രചാരകരായി മാറിയില്ല. ഇത് കേരളത്തിൽ നിലനിന്ന അഭിമാനകരമായ പാരമ്പര്യമാണ്.

ഒരു ജനതയുടെ സാമൂഹ്യ ജീവിതത്തിനിടയിൽ ഉയർന്നുവരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും പരസ്പര ബഹുമാനത്തോടെ കാണുകയെന്നതാണ് പ്രധാനം. സമൂഹത്തിന്റെ ഭൗതിക ജീവിതത്തെക്കൂടി മുന്നോട്ടുനയിക്കുന്ന ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുക എന്നതും പ്രധാനമാണ്. ഈ വ്യത്യസ്തതയെ മനസ്സിലാക്കാതെ പരസ്പരം കൂട്ടിക്കുഴച്ചുകൊണ്ട് പ്രവർത്തിക്കുന്ന രീതിയാണ് സംഘപരിവാർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ കുടുങ്ങാതിരിക്കുകയെന്നത് നാടിന്റെ ആവശ്യമാണ്. മതനിരപേക്ഷതയ്ക്കുവേണ്ടി ശക്തമായി നിലയുറപ്പിച്ച നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനങ്ങളിലുൾപ്പെടെ പ്രവർത്തിക്കുന്നവരുടെ കടമ കൂടിയാണിത്‌.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.