Skip to main content

ഓഗസ്റ്റ് ഒമ്പതിന് കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെ തറപറ്റിക്കുകയെന്ന മുദ്രാവാക്യമുയർത്തി തൊഴിലാളികൾ പോരാട്ടത്തിനിറങ്ങും

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസികമായ ഏടാണ് ‘ക്വിറ്റിന്ത്യ' സമരം. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യൻ ജനത നടത്തിയ വീരോചിതമായ സമരങ്ങളുടെ സൃഷ്ടിയാണ് സ്വതന്ത്രഭാരതം. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പിന്നിടുമ്പോഴും ഇന്ത്യൻ ജനത പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനങ്ങൾ കടുത്ത ദുരിതങ്ങൾ പേറിയാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണനേതൃത്വങ്ങളുടെ നയങ്ങളാണ് ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്വിറ്റിന്ത്യ ദിനമായ ഒമ്പതിന് അഖിലേന്ത്യാവ്യാപകമായ പ്രക്ഷോഭത്തിന് ദേശീയ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. 2014 മുതൽ ഭരണത്തിലിരിക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾ ജനങ്ങളുടെ ജീവിതം കടുത്ത പ്രയാസത്തിലാക്കി. വലിയ സാമ്പത്തികവളർച്ച നേടിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെ അവസ്ഥ ദയനീയമാണ്.
ദേശീയ സമ്പത്തിന്റെ ആളോഹരി വിഹിതം കണക്കാക്കിയാണ് ജനങ്ങളുടെ ജീവിതാഭിവൃദ്ധി ശരിയായി വിലയിരുത്തുന്നത്. ലോകത്തെ പ്രധാന രാജ്യങ്ങളുടെയെല്ലാം പിറകിലാണ് ഇക്കാര്യത്തിൽ ഇന്ത്യ. ഇന്ത്യയുടെ ആളോഹരി ജിഡിപി 2600 ഡോളർ മാത്രമാണ്. ബ്രിട്ടൻ -47,000 ഡോളർ, ഇറ്റലി- 37,000 ഡോളർ, ബ്രസീൽ- 10,000 ഡോളർ എന്നിങ്ങനെയാണ് ശരാശരി ആളോഹരി വാർഷിക ജിഡിപി വിഹിതം.

2004നും 14നും ഇടയിൽ ഇന്ത്യൻ ദേശീയ സമ്പത്തിന്റെ വളർച്ച മൊത്തം 183 ശതമാനമാണ്. എന്നാൽ, 2014നും 23നും ഇടയിൽ ജിഡിപി വളർച്ച 83 ശതമാനമാണ്. ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ജീവിതം കടുത്ത ദുരിതത്തിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ ഏറ്റവും അടിത്തട്ടിലുള്ള 10 ശതമാനത്തിന്റെ 200 ഇരട്ടിയാണ് ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനത്തിന്റെ കൈവശമുള്ള സ്വത്ത്‌. ഗ്രാമങ്ങളിൽ പകുതിപ്പേർക്കും സ്വന്തമായി കൃഷിഭൂമിയില്ല. നഗരങ്ങളിൽ വലിയൊരു വിഭാഗത്തിന് സ്വന്തമായി വീടില്ല. ചേരികളിൽ ജീവിക്കുന്നത് അനേക ലക്ഷങ്ങളാണ്.രാജ്യത്തെ ജനതയുടെ ഏറ്റവും മുകൾത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ കൈവശം രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ 33 ശതമാനമുണ്ട്. ഇത് മൊത്തം ആസ്തിയുടെ കടം ഒഴിവാക്കിയുള്ള കണക്കാണ്. മുകൾത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ ദേശീയ വരുമാനം 1990ൽ 11 ശതമാനം ആയിരുന്നത് അടുത്തകാലത്ത് 22 ശതമാനമായി ഉയർന്നു.

ഇന്ത്യയിലെ തൊഴിലെടുക്കുന്നവരുടെ അവസ്ഥ അതീവ ഗുരുതരമാണ്. തൊഴിൽ ചെയ്യുന്നവരുടെ 92 ശതമാനവും അസംഘടിത- പരമ്പരാഗത- സ്വയംതൊഴിൽ മേഖലയിലാണ്. അവർക്ക് ഒരുവിധ സാമൂഹ്യസുരക്ഷയുമില്ല. ന്യായമായ "മിനിമം വേതനം’പോലും ലഭിക്കുന്നില്ല. ഒരു തൊഴിലും ലഭിക്കാത്തതിനാൽ ജന്മദേശംവിട്ട് തൊഴിൽ തേടിപ്പോകുന്ന കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 15 കോടിയോളംവരും.സംഘടിതമേഖല അതിവേഗം കരാർ -താൽക്കാലിക ജോലിക്കാരുടെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ലേബർ കോഡുകൾ ഈ സാഹചര്യം രൂക്ഷമാക്കും. ഹയർ ആൻഡ്‌ ഫയർ, നിശ്ചിതകാല തൊഴിൽ, കരാർ ജോലി തുടങ്ങിയ വ്യവസ്ഥകൾ തൊഴിലുടമകൾക്ക് തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കാൻ അവസരം നൽകുന്നു.

സർക്കാർ സർവീസുകളിലും റെയിൽവേ പോലുള്ള കേന്ദ്ര പൊതുമേഖലയിലും സ്ഥിരംജീവനക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. താൽക്കാലിക കരാർ ജോലിക്കാരെ നിയമിക്കുമ്പോൾ സംവരണംപോലുള്ള സാമൂഹ്യസുരക്ഷയും നഷ്ടമാകുന്നു. കരാർ കാഷ്വൽ തൊഴിലാളികൾക്ക് തുശ്ചമായ വേതനമാണ് ലഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരം തൊഴിലാളികൾ വീരോചിതമായ സമരത്തിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങൾ മോദി സർക്കാർ പിച്ചിച്ചീന്തി, 29 തൊഴിൽ നിയമങ്ങൾ നാല്‌ ലേബർ കോഡുകളാക്കി മാറ്റിയപ്പോൾ തൊഴിലാളികളുടെ മൗലികമായ അവകാശങ്ങൾ പോലും തകർക്കപ്പെട്ടു. മിനിമം വേതനമെന്ന തത്വം അട്ടിമറിച്ചു. ജോലിസ്ഥിരത സ്വപ്നം കാണാൻപോലും പറ്റാത്ത അവസ്ഥയാണ്. ഈ നയങ്ങളുടെയെല്ലാം ഗുണഭോക്താക്കൾ കോർപറേറ്റുകളാണ്.സ്വാതന്ത്ര്യാനന്തരം രാജ്യം വികസിപ്പിച്ച പൊതുമേഖലയെ നിഷ്കരുണം തകർത്തുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ ആസ്തികൾ ചുളുവിലയ്‌ക്കാണ് കോർപറേറ്റുകൾ കൈവശപ്പെടുത്തുന്നത്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ദേശീയ പാതകൾ, റെയിൽവേ തുടങ്ങിയവയെല്ലാം കോർപറേറ്റുകൾ കൈവശപ്പെടുത്തി തുടങ്ങി. വൈദ്യുതിമേഖല സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാണ്. രാഷ്ട്രത്തിന്റെ ആസ്തികൾ സ്വകാര്യ കുത്തകകളെ ഏൽപ്പിക്കുന്ന പദ്ധതിയാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ‌ലൈൻ (എൻഎംപി). റെയിൽവേ ലൈനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക് പാട്ടത്തിന് നൽകുന്നതാണ് ഈ പദ്ധതി.

പാർലമെന്റിന്റെ നടപ്പുസമ്മേളനം പാസാക്കിയ വനഭേദഗതി ബിൽ, ധാതുവിഭവങ്ങളുടെ ഖനനം സ്വകാര്യവൽക്കരിക്കുന്ന ബിൽ എന്നിവ ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്നതാണ്. വലിയതോതിലുള്ള വനനശീകരണം സംഭവിക്കും. അത് പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കും. വനങ്ങളിൽ ജീവിക്കുന്ന ആദിവാസികളുടെ ആവാസ വ്യവസ്ഥതന്നെ തകരും. കടൽത്തീരങ്ങളിലെ ധാതുസമ്പത്ത് കോർപറേറ്റുകൾക്ക് കൈയടക്കാൻ വഴിവയ്‌ക്കുന്നതാണ് മിനറൽ ഭേദഗതി നിയമം. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമത്തിലൂടെ സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണമേഖല കൈയടക്കാനും കേന്ദ്രം ശ്രമിക്കുന്നു.

വലിയ ദേശീയ വാദികളാണെന്ന് അവകാശപ്പെടുന്ന ബിജെപി നയിക്കുന്ന സർക്കാരിന്റെ എല്ലാ നയവും ദേശവിരുദ്ധമാണ്. ഈ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളികളും കർഷകരുമടങ്ങുന്ന അധ്വാനിക്കുന്ന ജനത അഖിലേന്ത്യാതലത്തിൽ പ്രക്ഷോഭം നടത്തിവരികയാണ്. ജനവിരുദ്ധ നയങ്ങൾ മോദി സർക്കാരിനെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തിയിട്ടുണ്ട് -2024ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ആശങ്കയോടെയാണ് അവർ കാണുന്നത്.- പ്രതിപക്ഷ പാർടികളുടെ ഐക്യവും അവരെ ആശങ്കാകുലരാക്കുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത വർഗീയവൽക്കരണത്തിനുള്ള നീക്കം. മണിപ്പുർ കലാപം ഇതിന്റെ ഭാഗമാണ്. മൂന്നു മാസത്തോളമായി ഒരു സംസ്ഥാനം കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. നൂറുകണക്കിന് മനുഷ്യർ മരിക്കുകയും വീടുകളും ആരാധനാലയങ്ങളും തകർക്കപ്പെടുകയും ചെയ്തിട്ടും അങ്ങോട്ട് തിരിഞ്ഞുനോക്കാതെ പ്രധാനമന്ത്രി ഉലകംചുറ്റുകയാണ്. അടുത്ത ദിവസങ്ങളിലായി ഹരിയാനയിലും വർഗീയ സംഘർഷങ്ങൾ ആരംഭിച്ചു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വർഗീയ ഭിന്നിപ്പ് രൂക്ഷമാകുകയാണ്.

ഏക സിവിൽ കോഡ് വിവാദം ഉയർത്തിയത് ബോധപൂർവമാണ്. മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണം ഭൂരിപക്ഷ വർഗീയത വളർത്താനാണ്. ഗ്യാൻവാപി മസ്ജിദ്‌ ആസ്പദമാക്കിയ സംഭവങ്ങളുടെയും ലക്ഷ്യം മറ്റൊന്നല്ല. 2014 തെരഞ്ഞെടുപ്പുമുതൽ മോദിയും സംഘവും ജനങ്ങൾക്കു നൽകിയ ഒരു വാഗ്ദാനവും നിറവേറ്റിയിട്ടില്ല. ജനങ്ങൾക്ക് നല്ലകാലം വരുമെന്ന വാഗ്ദാനം അവർ തന്നെ മറന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുന്നു. ജീവിതപ്രശ്നങ്ങൾ ഉയർത്തി വിവിധ വിഭാഗം ജനങ്ങൾ യോജിച്ച് സമരരംഗത്തു വരുന്നത് കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും പരിഭ്രാന്തരാക്കുന്നു. ഈ സാഹചര്യത്തെ നേരിടാനാണ് വർഗീയ വൽക്കരണത്തിനുള്ള നീക്കങ്ങൾ. ഇതിനെതിരെ തൊഴിലാളിവർഗം ജാഗ്രത പുലർത്തണം.

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങളെ തകർക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ഒമ്പതിന് ഇന്ത്യൻ തൊഴിലാളിവർഗം സമരത്തിനിറങ്ങുകയാണ്. 1942 ആഗസ്‌ത്‌ ഒമ്പതിന് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് "ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യമുയർത്തി. ഈ മാസം ഒമ്പതിന് കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെ തറപറ്റിക്കുകയെന്ന മുദ്രാവാക്യം ഉയർത്തിയാണ് തൊഴിലാളികൾ യോജിച്ച്‌ പ്രക്ഷോഭം നടത്തുന്നത്. രാജ്യവ്യാപകമായി മഹാധർണകൾ സംഘടിപ്പിക്കുന്നു. കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രത്തിലും ആയിരക്കണക്കിന് തൊഴിലാളികൾ 23 ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള ഐക്യസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭത്തിന്‌ ഇറങ്ങുന്നത്. ഇന്ത്യാ ചരിത്രത്തിൽ അവിസ്മരണീയമാകുന്ന ഈ മഹാസമരത്തിൽ പങ്കാളികളാകാൻ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളോടും അഭ്യർഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.