Skip to main content

നിപ വൈറസിനേക്കാൾ വിനാശകരമായ വെറുപ്പിന്റെ പ്രചാരകരെയും നാം കരുതി ഇരിക്കണം

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളമാകെ കോഴിക്കോടെ ജനങ്ങള്‍ക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പമുണ്ട്. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നത്. നിപ്പയെന്ന് സംശയം തോന്നിയപ്പോൾ തന്നെ ആരോഗ്യമന്ത്രി നേരിട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. അസുഖം ബാധിച്ചെന്ന് കരുതപ്പെടുന്ന ആദ്യ വ്യക്തിയിൽ തന്നെ രോഗം സ്ഥിരീകരിക്കാനായി എന്ന അപൂർവ നേട്ടവും നാം സ്വന്തമാക്കി.

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയുടെ അസ്വാഭാവികമായ പനിയെ പറ്റിയുള്ള ശാസ്ത്രീയ അന്വേഷണമാണ് നിപ സ്ഥിരീകരിക്കുന്നതിലേക്കും നിയന്ത്രണത്തിലേക്കും നയിച്ചത്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കരുത്തും കാര്യക്ഷമതയുമാണ് ഇത് ഒരിക്കൽക്കൂടി വിളംബരം ചെയ്യുന്നത്. മുഖ്യമന്ത്രി തന്നെ നേരിട്ട് നിപ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുകയാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികള്‍, ജില്ലയിലെ ഉദ്യോഗസ്ഥസംവിധാനം, പൊതുജനങ്ങള്‍ എല്ലാവരും കണ്ണിചേർന്ന് ഈ മഹാമാരിയെ തോൽപ്പിക്കാൻ രാവും പകലും പോരാടുകയാണ്.

നിപയ്ക്കെതിരെ പോരാട്ടം തുടരുമ്പോഴും, വൈറസിനേക്കാള്‍ വിനാശകരമായ വെറുപ്പിന്റെ പ്രചാരകരെയും നാം കരുതിയിരിക്കണം. 'രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ നിപ്പ അഴിച്ചുവിട്ടു' എന്നുപോലും ആരോപിക്കാനാകുന്ന മാനസികാവസ്ഥയിലേക്ക് ഈ ദുരന്തമുഖത്തും ചിലരെത്തി. ഐസിഎംആർ മാനദണ്ഡപ്രകാരം നിപ സ്ഥിരീകരിക്കാൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനേ കഴിയൂ എന്ന് ആരോഗ്യമന്ത്രി പറഞ്ഞ ശേഷവും, ചില സ്ഥാപിത താൽപര്യക്കാരും സൈബറിടത്തെ നുണപ്രചാരകരും വ്യാജപ്രചാരണവുമായിറങ്ങി‌.

ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ്‌ റിയാസ് യോഗങ്ങളിൽ പങ്കെടുക്കുന്നതിനെയും ജനങ്ങള്‍ക്ക് നിർദേശം നൽകുന്നതിനെയും എത്ര തരംതാണ രീതിയിലാണ് ഒരു കൂട്ടർ ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ മുൻകൈയിൽ ജനങ്ങളാകെ പങ്കാളികളായ വിപുലമായ പ്രവർത്തനമാണ് കോഴിക്കോട് നടക്കുന്നത്. ആ ജില്ലയുടെ ചുമതലയുള്ള മന്ത്രി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു എന്നത് എന്തോ അപരാധമാണെന്ന നിലയിൽ ചിത്രീകരിക്കുന്നത് നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ട് മാത്രമാണ്.

ആദ്യ കേസ് തന്നെ തിരിച്ചറിഞ്ഞ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ച ആരോഗ്യ വകുപ്പിനെയും നയിക്കുന്ന മന്ത്രി വീണാ ജോർജിനെയും ഏതൊക്കെ രീതിയിലാണ് ആക്രമിക്കുന്നതെന്ന് നോക്കൂ. നിപ ആവർത്തിക്കുന്നതിന് കാരണം ശാസ്ത്രജ്ഞന്മാർക്കും ആരോഗ്യവിദഗ്ധർക്കും അറിയില്ലെങ്കിലും, വകുപ്പിന്റെ വീഴ്ച കൊണ്ടാണെന്ന് ചിലർ പ്രഖ്യാപിക്കുന്നു, നുണയുടെ ഈ പാഠങ്ങള്‍ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ പരത്തുന്നു. ഇതൊന്നും വേരു പിടിക്കാത്തതിനാൽ, ഏറ്റവുമൊടുവിൽ മന്ത്രിമാരെ തന്നെ മൊത്തത്തിൽ മാറ്റുന്നു എന്നുപോലും വസ്തുതയുടെ അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കുന്നു.

സനത്‌ ജയസൂര്യയുടെ പേജിൽ വ്യാജപ്രൊഫെയിലുകളും പ്രത്യക്ഷത്തിൽ തന്നെ ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നവരുമിട്ട ഒന്നോ രണ്ടോ കമന്റിന്റെ പേരിൽ 'സൈബറാക്രമണം' എന്ന് കൊട്ടിഘോഷിച്ചവരും, സൈബറിടത്തെ ഈ ആക്രമണങ്ങൾ കാണുന്നില്ല എന്നത്‌ അമ്പരപ്പിക്കുന്ന കാര്യമാണ്‌. വെറുപ്പ് വ്യാപിപ്പിക്കാനുള്ള ഈ ശ്രമങ്ങളെ താലോലിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ഇവരും.

നമ്മൾ മലയാളികൾ നിപയും കോവിഡും പ്രളയവുമെല്ലാം കൂട്ടായ പരിശ്രമങ്ങളിലൂടെ മറികടന്ന ഒരു ജനതയാണ്. ഏത് ദുരന്തത്തെയും ജനങ്ങളുടെ കൂട്ടായ്മ കൊണ്ട് അതിജീവിക്കാനാവുമെന്ന് നാം പലവട്ടം തെളിയിച്ചു. ദുരന്തമുഖത്തെ ഇത്തരം ഒറ്റുകാരെയും നുണപ്രചാരകരെയും എന്നും ഒറ്റപ്പെടുത്തിയാണ്‌ നമുക്ക്‌ ശീലം. നിപ്പയ്ക്കൊപ്പം, വെറുപ്പിന്റെ വക്താക്കളുടെ ഈ നുണ പ്രചരണങ്ങളും കേരളത്തിന്‌ മറികടക്കേണ്ടതുണ്ട്. ഒരുമിച്ച്‌ നിൽക്കാൻ, കൂട്ടായി പ്രവർത്തിക്കാൻ, ഈ പ്രതിസന്ധിയെയും അതിജീവിക്കാം നമുക്ക് ജാഗ്രത പുലർത്താം.

കൂടുതൽ ലേഖനങ്ങൾ

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം ഗൗരവതരം

സ. എം എ ബേബി

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല.

40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരഷ്ട്രയിൽ നിന്നുള്ള സുപ്രീം ഡെകോർ കേരളത്തിൽ

സ. പി രാജീവ്

40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ.

കേരളത്തിൽ നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം

സ. വീണ ജോർജ്

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍. അംഗീകാരം നല്‍കി. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും.

മോദി സർക്കാർ ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നു

സ. പി രാജീവ്

നാനാത്വത്തിൽ ഏകത്വമെന്നത്‌ ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ്‌ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌.