Skip to main content

ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം

ഇന്ത്യ, ഭരണഘടനാ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികത്തോട് (2025) അടുക്കുകയാണ്‌. ഈ അവസരത്തിൽ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെത്തന്നെ ഒരു ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമാക്കി രൂപപ്പെടുത്താനുള്ള ഹിന്ദുത്വ ആഖ്യാനങ്ങൾ ചമയ്‌ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്‌ പൂർത്തീകരിക്കാൻ 2024ലെ തെരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക്‌ ഏതുവിധേനയും ജയിക്കേണ്ടതുണ്ട്‌. വ്യത്യസ്‌തങ്ങളായ ഉപ മാർഗങ്ങളാണ്‌ ഇതിനായി അവലംബിക്കുന്നത്‌.

ഇന്ത്യ "ജനാധിപത്യത്തിന്റെ മാതാവ്' ആണെന്ന് അവകാശപ്പെട്ടുകൊണ്ടുതന്നെ മറ്റ്‌ സവിശേഷതകളെ ഇല്ലായ്‌മചെയ്യുകയാണ്‌. ഇന്ത്യയുടെ ബഹുസ്വരതയും സമന്വയ സംസ്‌കാരവും തുടച്ചുനീക്കാൻ ചരിത്രംതന്നെ മാറ്റിയെഴുതുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്ലിങ്ങൾക്കെതിരെ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വിഷലിപ്ത പ്രചാരണങ്ങൾ അഴിച്ചുവിടുന്നു. ഏകീകൃത സിവിൽ കോഡ്‌, ഇന്ത്യയുടെ പേര്‌ ‘ഭാരത’മെന്നു മാത്രമാക്കൽ, ഒരു രാഷ്ട്രം, ഒരു സംസ്കാരം-, ഒരു ഭാഷ എന്നതിനനുസൃതമായി ഒരു തെരഞ്ഞെടുപ്പ് എന്നീ പ്രചാരണങ്ങളും ഇതിന്റെ ഭാഗംതന്നെ. ഇവ നടപ്പാക്കാകുകയല്ല; മറിച്ച്‌ ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം.

അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് തറക്കല്ലിട്ടത് മറ്റൊരുദാഹരണമാണ്‌. സുപ്രീംകോടതി ഒരു ട്രസ്റ്റിനാണ്‌ ക്ഷേത്രത്തിന്റെ നിർമാണത്തിന്റെ ഉത്തരവാദിത്വം നൽകിയത്‌. എന്നാൽ, ഹിന്ദു മതാചാരപ്രകാരം പ്രധാന പുരോഹിതനായി പ്രവർത്തിച്ച പ്രധാനമന്ത്രി അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയായിരുന്നു. ആഗോള മാധ്യമങ്ങളടക്കം ഇത് തത്സമയം റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഇതിനകംതന്നെ ഒരു ഹിന്ദുത്വ രാഷ്ട്രമായി മാറിയെന്ന്‌ അറിയിക്കാനായിരുന്നു ഇത്‌. പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ ചിഹ്നം സ്ഥാപിക്കുന്നതിനൊപ്പം ഹിന്ദുത്വ മനോഭാവത്തെ ശക്തിപ്പെടുത്തുന്ന മതപരമായ ആചാരങ്ങളാണ്‌ അരങ്ങേറിയത്‌. അടുത്തിടെ സമാപിച്ച ജി20 ഉച്ചകോടിയിലും ഹിന്ദുത്വ ചിഹ്നങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഫാസിസ്റ്റ് ഹിന്ദുത്വത്തെ മുന്നോട്ട്‌ ചലിപ്പിക്കുന്ന ചക്രത്തിന്റെ വിവിധ പല്ലുകളാണിവ.

1939-ൽ ആർഎസ്‌എസ്‌ തലവൻ മാധവ് സദാശിവ് ഗോൾവാൾക്കറുടെ ‘നമ്മൾ അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവചിക്കപ്പെട്ടു' എന്ന പ്രബന്ധത്തിൽ ഇവ വ്യക്തമായി പറയുന്നുണ്ട്‌. ഇവരുടെ വാദങ്ങൾ വിജയിക്കണമെങ്കിൽ ഹിന്ദുക്കൾ മാത്രമാണ്‌ ഈ ഭൂവിഭാഗത്തിലെ യഥാർഥ ജനവിഭാഗങ്ങളെന്ന്‌ സ്ഥാപിക്കേണ്ടതുണ്ട്‌. വിദേശികൾ ഇന്ത്യ ആക്രമിക്കുന്നതിന്‌ 10,000 വർഷംമുമ്പേ ഹിന്ദുക്കൾ ഇവിടെയുണ്ടെന്നും സമത്വവും സമൃദ്ധിയും നിലനിന്നിരുന്നുവെന്നും അതുകൊണ്ടാണ്‌ ഹിന്ദുസ്ഥാനെന്ന പേര്‌ ലഭിച്ചതെന്നും ഗോൾവാൾക്കർ ഇതിനായി പറഞ്ഞുവയ്‌ക്കുന്നു. (സിന്ധു നദിക്ക്‌ തെക്കുള്ള ദേശമെന്ന നിലയിൽ ഹിന്ദുസ്ഥാനെന്ന പേരുപോലും അറബികളുടെയും ഗ്രീക്കുകാരുടെയും സംഭാവനയെന്നതാണ്‌ സത്യം). ആര്യന്മാർ പുറത്തുനിന്ന്‌ വന്നവരാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്‌ ചരിത്രകാരന്മാർ ഹിന്ദുസ്ഥാന്റെ ചരിത്രം വിലയിരുത്തുന്നതും രചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഈ അബദ്ധധാരണയാണ്‌ രാജ്യത്തെ വിവിധ സർവകലാശാലകളിൽ പഠിപ്പിക്കുന്നതും യുവാക്കളുടെ തലച്ചോറിലേക്ക്‌ അടിച്ചുകയറ്റുന്നതും. അതിനാൽ ഇത്തരം വളച്ചൊടിക്കലുകൾ ഒഴിവാക്കി നമ്മുടേതായ ചരിത്രരചനയ്‌ക്കുള്ള സമയം അധികരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യത്തിന്റെ മാതാവ്
ഹിന്ദുക്കൾ പുറത്തുനിന്നു വന്നവരല്ലെന്നും ആയിരക്കണക്കിനു വർഷങ്ങൾ ഇന്ത്യക്കാർ സമാധാനത്തോടെ ജീവിച്ചുവെന്നും സ്ഥാപിക്കാൻ ഇന്ത്യൻ സമൂഹം സമത്വത്തിൽ അധിഷ്ഠിതമാണെന്ന് വരുത്തിത്തീർക്കേണ്ടതുണ്ട്‌. 2021 സെപ്തംബറിൽ യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത മോദി ഇന്ത്യയെ "ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചശേഷം വേദങ്ങളിൽ "വിശാലമായ ഉപദേശക സമിതികൾ രാഷ്ട്രീയ അധികാരം പ്രയോഗിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെന്നും' പ്രസംഗിച്ചിരുന്നു. എന്നാൽ, മനുസ്മൃതി പറയുന്ന വർണവ്യവസ്ഥയുടെ സാമൂഹ്യക്രമത്തിൽ താഴ്ന്ന ജാതിക്കാരും ജാതിശ്രേണിക്ക്‌ പുറത്തുള്ളവരും പ്രത്യേകിച്ച്‌ ദളിതരും സ്‌ത്രീകളും അനുഭവിക്കുന്ന അടിച്ചമർത്തലും ചൂഷണവും മറച്ചുവച്ചാണ്‌ ഈ അവകാശവാദം. ഇത്തരത്തിൽ ചരിത്രം മാറ്റിയെഴുതാനാണ്‌ ഫാസിസ്റ്റ് ഹിന്ദുത്വശക്തികൾ ശ്രമിക്കുന്നത്‌.

വഞ്ചനയിലൂടെയുള്ള ചരിത്രനിർമാണം
ഫോട്ടോഷോപ്പ് പോലുള്ള സാങ്കേതികത ഉപയോഗിച്ചാണ് ഹിന്ദുത്വശക്തികൾ യഥാർഥ ചരിത്രത്തെ വളച്ചൊടിക്കുന്നത്‌. ഒറ്റ ഉദാഹരണംമാത്രം മതി ഇത്‌ മനസ്സിലാക്കാൻ. പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയിലെ ത്രിവേണിയിൽ മുമ്പുണ്ടായിരുന്ന കുംഭമേള 700 വർഷം മുമ്പ്‌ മുസ്ലിം ഭരണാധികാരികൾ നിർത്തിവച്ചെന്ന്‌ സ്ഥാപിക്കാൻ ഓക്‌സ്‌ഫഡ്‌‌ സർവകലാശാലയിലെ നരവംശ ശാസ്‌ത്രജ്ഞനായ അലൻ മോറൈൻസിന്റെ പഠനമാണ്‌ ഇവർ വളച്ചൊടിച്ചത്‌. "ഹിന്ദു പാരമ്പര്യത്തിന്റെ തീർഥാടനങ്ങൾ-പശ്ചിമ ബംഗാളിലെ ഒരു കേസ് സ്റ്റഡി' എന്ന പ്രബന്ധം ആർക്കൈവിൽ നിന്നെടുത്ത്‌ ഇല്ലാത്ത വാക്കുകൾ അതിൽ കൂട്ടിച്ചേർത്ത്‌ ഫോട്ടോസ്റ്റാറ്റിലൂടെ ഇതിനായി രേഖയുണ്ടാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുംഭമേള പുനരാരംഭിക്കുകയും ചെയ്‌തു. വളരെ സന്തോഷംം നൽകുന്ന നിമിഷമെന്നാണ്‌ മോദി ഇതിനെ വിശേഷിപ്പിച്ചത്‌. "ത്രിവേണിയിൽ ഒരിക്കലും ഒരു കുംഭമേള ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രപരമായ വസ്തുത എന്നതായിരുന്നു അലൻ മോറൈൻസിന്റെ പഠനത്തിലെ കണ്ടെത്തലെന്ന്‌ പിന്നീട്‌ വ്യക്തമായി.

അധികാരമുറപ്പിക്കുന്ന ചെങ്കോൽ
പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനവേളയിൽ ചെങ്കോൽ സ്ഥാപിച്ചതും ചരിത്രം വളച്ചൊടിച്ചുതന്നെയാണ്‌. മധ്യകാലഘട്ടത്തിലെ രാജാക്കന്മാരെപ്പോലെ മോദിയുടെ ‘ദൈവദത്തമായ അധികാരം’ ഉറപ്പിക്കാനുള്ള വേദിയാക്കി അതിനെ മാറ്റി. ഉദ്ഘാടന ചടങ്ങാകട്ടെ ഹിന്ദു ആചാരപ്രകാരമുള്ള രാജാഭിഷേകത്തിന്റെ മാതൃകയിലുമായിരുന്നു. ഇതിനായി തമിഴ്‌നാട്ടിൽനിന്നു കൊണ്ടുവന്ന ചെങ്കോൽ നൽകിയാണ്‌ മൗണ്ട്‌ബാറ്റൺ നെഹ്റുവിന്‌ ഇന്ത്യയുടെ അധികാരം കൈമാറിയതെന്ന തീർത്തുംതെറ്റായ ചരിത്രഭാഷ്യം ചമയ്‌ക്കുകയും ചെയ്‌തു. എന്നാൽ, ഒരു ജനാധിപത്യ പരമാധിപത്യ രാജ്യത്തിൽ ജാതി, മതം, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ എല്ലാ പൗരന്മാരെയും സമഭാവനയോടെ കാണുന്ന സർക്കാരാണ്‌ വേണ്ടത്‌. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടതാണ്‌ സർക്കാർ. ഈ ജനാധിപത്യ മൂല്യത്തെയും രാഷ്ട്ര-പൗര സമവാക്യത്തെയും നശിപ്പിച്ച്‌, പകരം രാജാ -പ്രജാ സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ്‌ ഇതിലൂടെ മോദി ശ്രമിക്കുന്നത്‌.

മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുക
ജനങ്ങളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഇത്തരം ആഖ്യാനങ്ങളെ കൃത്യമായി നേരിട്ട്‌ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ കഴിയൂ. അതോടൊപ്പം തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, പട്ടിണി തുടങ്ങിയവയുടെ രൂക്ഷത അനുഭവിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്കും മെച്ചപ്പെട്ട ജീവിതം സൃഷ്ടിക്കുന്നതിനുള്ള ജനകീയ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുകയും വേണം. ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം. അധികാരത്തിൽനിന്ന്‌ ആർഎസ്എസിനെയും ബിജെപിയെയും പുറത്താക്കുക എന്നതാണ് ഇതിനുള്ള ഏക ഉപാധി.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.