Skip to main content

ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം നിലവാരമില്ലായ്മയിൽ റെക്കോർഡ് സ്ഥാപിക്കും

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ന്യൂസ് ക്ലിക്കിന്റെ ജീവനക്കാരെയും എഴുത്തുകാരെയും ചോദ്യം ചെയ്യൽ തുടരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി സീൽവച്ചു. ഈ മാധ്യമത്തിന്റെ പ്രവർത്തനം തടയുകയാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നു വളരെ വ്യക്തം.

എന്തുകൊണ്ടാണ് ഇത്ര കടുത്ത നടപടികളെന്നതു സംബന്ധിച്ച് വിശദീകരണം ലഭ്യമല്ല. എഫ്ഐആർ തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലായെന്നാണു ന്യൂസ് ക്ലിക്കിന്റെ പ്രസ്താവനയിൽ പറയുന്നത്. ചൈനയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നുവെന്നാണ് ആക്ഷേപമെന്നു കേൾക്കുന്നു. ഏത് റിപ്പോർട്ടാണു ചൈനീസ് പ്രൊപ്പഗണ്ടയെന്ന് അറിയില്ല. ഞങ്ങളെല്ലാം ന്യൂസ് ക്ലിക്ക് വായിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുന്ന കൃഷിക്കാരുടെയും തൊഴിലാളികളുടെയും സമരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കാനാണ്. അതല്ലെങ്കിൽ ലോക ഇടതുപക്ഷ മുന്നേറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിയാനാണ്. കൂടാതെ ഇന്ത്യൻ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷ ലിബറൽ വിശകലനങ്ങൾ മനസിലാക്കാനാണ്. ഇതൊന്നും ചൈനീസ് പ്രൊപ്പഗണ്ട വിഭാഗത്തിൽപ്പെടില്ല.

പറഞ്ഞുകേൾക്കുന്ന മറ്റൊരു ആക്ഷേപം വിദേശപണം നിയമവിരുദ്ധമായി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തൂവെന്നുള്ളതാണ്. ഉണ്ടെങ്കിൽ അതിനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ അവ പരിശോധിച്ചു നടപടിയെടുക്കണം. യുഎപിഎ പ്രകാരം തടങ്കലിൽവയ്ക്കാൻ പ്രബീറും അമിതും മറ്റു ന്യൂസ് ക്ലിക്ക് പ്രവർത്തകരും ഭീകരവാദികളോ കൊള്ളക്കാരോ അല്ല. ഇവർ പണ്ഡിതരും സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരുമാണ്. അദാനിയെപ്പോലുള്ളവരുടെ കൊള്ള ദശാബ്ദങ്ങളായി വിട്ടുവീഴ്ചയില്ലാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന പരഞ്‌ജോയ് ഗുഹ താകുര്‍ത്ത പോലുള്ളവർ ഉള്ളതാകാം ഇത്ര വിദ്വേഷപരമായ സമീപനത്തിനു കാരണം.

ന്യൂസ് ക്ലിക്ക് ഇറക്കിയിട്ടുള്ള പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ രണ്ട് വർഷമായി ഇഡിയും ആദായനികുതി വകുപ്പും ഡൽഹി പൊലീസും നിരന്തരമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ്. കമ്പനിയുടെ എല്ലാ ലാപ്ടോപ്പുകളും ഉപകരണങ്ങളും ഫോണുകളും അവർ മുൻപ് പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ കണക്കുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചിട്ടുണ്ട്. ഡയറക്ടർമാരെയും പത്രപ്രവർത്തകരെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു കേസുപോലും രജിസ്റ്റർ ചെയ്യുന്നതിനു കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ന്യുയോർക്ക് ടൈംസിൽ വന്ന സംശയാസ്പദമായ ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിൽ വെളുപ്പാൻകാലത്ത് മുപ്പതിൽപ്പരം കേന്ദ്രങ്ങൾ ഒരുമിച്ച് റെയ്ഡ് ചെയ്യുന്നതും, ചോദ്യം ചെയ്യാൻ ആളുകളെ അറസ്റ്റ് ചെയ്യുന്നതും, സ്ഥാപനം അടച്ചുപൂട്ടിച്ചതും.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത് ഏജൻസികൾ നിയമപരമായിട്ടാണു പ്രവർത്തിക്കുന്നതെന്നാണ്. എങ്കിൽ എന്തുകൊണ്ട് എഫ്ഐആറിന്റെ കോപ്പി നൽകുന്നില്ല? എന്തുകൊണ്ട് പിടിച്ചെടുക്കുന്ന ലാപ്ടോപ്പുകളുടെയും ഫോണുകളുടെയും മറ്റും സീഷർ മെമ്മോ നൽകുന്നില്ല? അവയിലെ ഡാറ്റയുടെ ഹാഷ് വാല്യു നൽകുന്നില്ല? കൊറഗോൺ കേസിൽ ഫാദർ സ്റ്റാൻ സ്വാമിക്കും മറ്റും എതിരെ കൃത്രിമമായി ലാപ്ടോപ്പിൽ രേഖകൾ തിരുകികയറ്റിയ പ്രശസ്തി ഇന്നത്തെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഉള്ളതാണല്ലോ.

2023ലെ ലോക മാധ്യമ സ്വാതന്ത്ര്യ റാംങ്കിൽ ഇന്ത്യ 180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്താണ്. മോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയുടെ സ്ഥാനം 140-ാമത് ആയിരുന്നു. ജയിലിൽ അടയ്ക്കപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണം മോദി ഭരണകാലത്ത് കുത്തനെ ഉയർന്നു. ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഒരു പുതിയൊരു റെക്കോർഡ് സ്ഥാപിക്കുമെന്നതു തീർച്ചയാണ്.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.