രാജസ്ഥാനിൽ കോൺഗ്രസിന് തുടർഭരണം ലഭിക്കാതെ പോയത് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ്. കേരളത്തിലെ സർക്കാരിനെ പോലെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്. എന്നാൽ ഒരു വിഷയത്തിലും രാഷ്ട്രീയ നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്.
ബാബറി മസ്ജിദ് തകർത്തതിന്റെ ക്രെഡിറ്റ് കോൺഗ്രസിനാണെന്ന് പറഞ്ഞാണ് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് വോട്ട് തേടിയത്. ഇതിന്റെയെല്ലാം ഫലമാണ് തെരഞ്ഞെടുപ്പ് തോൽവി. കേരളത്തിലെ സർക്കാരിന് ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം രാഷ്ട്രീയ നിലപാടുണ്ട്. അത് വെറും കേവല കക്ഷിരാഷ്ട്രീയമല്ല. ഭരണഘടന ഉയർത്തി പിടിക്കുന്ന മതേതരത്വ നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. പൗരത്വബിൽ, ഏക വ്യക്തി നിയമം എന്നിവക്കെതിരെ ആദ്യം നിലപാട് എടുത്ത സർക്കാർ കേരളത്തിലേതാണ്.
സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരളം എന്നത് ആളുകളുടെ ജീവിത നിലവാരം ഉയരുക എന്നതാണ്. എല്ലാ തലത്തിലും ജീവിതത്തിൽ മാറ്റമുണ്ടാകണം. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇത് മുടക്കാനായി കേന്ദ്രം പരമാവധി ബുദ്ധിമുട്ടിക്കുകയാണ്. നികുതി വരുമാനം വർധിച്ചിട്ടും വിഹിതം വെട്ടിച്ചുരുക്കുകയാണ് കേന്ദ്രം.