കിഫ്‌ബി മസാല ബോണ്ടില്‍ സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. ഉത്തരവിനെതിരെ കിഫ്‌ബിയും സ. ടി എം തോമസ് ഐസക്കും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. കാരണം വ്യക്തമാക്കാതെയാണ് പുതിയ സമൻസ് അയക്കാൻ നിർദേശിച്ചതെന്നും അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെ തുടർനടപടികൾ വിലക്കണമെന്നും കിഫ്‌ബിയും സ. ടി എം തോമസ് ഐസക്കും ആവശ്യപ്പെട്ടു. ഇഡി സമൻസ് അയക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പുതിയ സമൻസ് തയ്യാറാക്കി അയക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ അപാകമില്ലെന്ന് ആർബിഐ തന്നെ വ്യക്തമാക്കിയിട്ടും ഇഡി അന്വേഷണം നടത്തുന്നത് അനാവശ്യമാണെന്ന് കിഫ്‌ബി ഉദ്യോഗസ്ഥർ നൽകിയ അപ്പീലിൽ പറയുന്നുണ്ട്. ഒരേ ഹര്‍ജിയില്‍ സിംഗില്‍ ബെഞ്ചിട്ട ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ച് വീണ്ടും ഉത്തരവിടാന്‍ മറ്റൊരു സിംഗില്‍ ബെഞ്ചിന് സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസില്‍ സിംഗില്‍ ബെഞ്ച് ജഡ്ജിനോട് വിശദമായ വാദം കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഇതില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ സ. ടി എം തോമസ് ഐസക്കിന് ഇ ഡിയ്ക്ക് സമന്‍സ് അയയ്ക്കാന്‍ സാധിക്കില്ല.